Connect with us

Kerala

അധ്യാപകന്റെ ആത്മഹത്യ: വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടര്‍ അറസ്റ്റില്‍

Published

|

Last Updated

കോഴിക്കോട്: മലപ്പുറം മൂന്നിയൂര്‍ ഹയര്‍ സെക്കന്റി സ്‌കൂള്‍ അധ്യാപകന്‍ എടച്ചേരി ചൂണ്ടയില്‍ കെ കെ അനീഷ്(36) ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നല്‍കിയ ഡോക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് ചെറുവണ്ണൂര്‍ കോയാസ് ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. എം എ കോയ എന്ന മുല്ലവീട്ടില്‍ അസ്സന്‍ കോയ(70)യെ ആണ് നല്ലളം പോലീസ് അറസ്റ്റ് ചെയ്തത്. അനീഷ് പ്യൂണിനെ മര്‍ദിച്ചെന്ന് സ്ഥാപിക്കുന്നതിന് തയ്യാറാക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ട്, അധ്യാപകനെ ക്രിമിനല്‍ കേസില്‍ കുടുക്കാനും ജോലിയില്‍ നിന്ന് നീക്കം ചെയ്യാനുമായി വ്യാജമായി നിര്‍മിച്ചതാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
നല്ലളം എസ് ഐ. പി കെ ചാത്തുനായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കോയയെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(അഞ്ച്)യില്‍ ഹാജരാക്കിയ കോയയെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
മലമ്പുഴയിലെ ഒരു സ്വകാര്യലോഡ്ജില്‍ വെച്ച് ആത്മഹത്യ ചെയ്യേണ്ട സാഹചര്യത്തിലേക്ക് മകനെയെത്തിക്കുന്നതില്‍ വ്യാജ മെഡിക്കല്‍ റിപ്പോര്‍ട്ട് ചമച്ച ഡോക്ടര്‍ക്കും പങ്കുണ്ടെന്നും, അനീഷിന് ജീവപര്യന്തം വരെ ശിക്ഷ കിട്ടാവുന്ന വിധം വ്യാജമെഡിക്കല്‍ രേഖ തയ്യാറാക്കിയതിന് പിന്നിലെ ദുരൂഹത നീക്കണമെന്നും ആവശ്യപ്പെട്ട് അനീഷിന്റെ പിതാവ് എടച്ചേരി കുന്നുമ്മല്‍ കുമാരന്‍ പരാതി നല്‍കുകയായിരുന്നു.
2013 ഫെബ്രുവരി അഞ്ചിന് എസ് എസ് എല്‍ സി ക്യാമ്പ് നടക്കുന്നതിനിടെ അനീഷ് സ്‌കൂളിലെ ലാബില്‍ ചെരുപ്പിട്ട് കയറിയതിനെച്ചൊല്ലി പ്യൂണ്‍ മുഹമ്മദ് അഷ്‌റഫുമായി നടന്ന വാക് തര്‍ക്കം അനീഷിനെതിരായ നടപടിക്ക് സ്‌കൂള്‍ മാനേജര്‍ ഉപയോഗപ്പെടുത്തുകയായിരുന്നെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സംഭവത്തിന് ശേഷം മുഹമ്മദ് അഷ്‌റഫ് മാനേജരോട് അടുപ്പമുള്ള ഡോ. കോയയുടെ ഉടമസ്ഥതയിലുള്ള കോയാസ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
മുഹമ്മദ് അഷ്‌റഫിനെ അനീഷ് ബെഞ്ചിന്റെ മരക്കാല്‍ ഉപയോഗിച്ച് തലക്കടിച്ച് മുറിവുണ്ടാക്കിയെന്നും, മൂന്ന് സെന്റീമീറ്റര്‍ നീളത്തിലും രണ്ട് സെന്റീമീറ്റര്‍ വീതിയിലും ഒരു സെന്റീമീറ്റര്‍ ആഴത്തിലും മുറിവേറ്റെന്നും അവിടെ നിന്ന് നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി. ഈ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ ബലത്തിലാണ് സ്‌കൂള്‍ മാനേജര്‍ അനീഷ്‌കുമാറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. തുടര്‍ന്ന് മലമ്പുഴയിലെ സ്വകാര്യ ലോഡ്ജില്‍ അനീഷിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്തുകയായിരുന്നു.
പ്യൂണിനു പരുക്കേറ്റതിന് സമീപത്ത് നഴ്‌സിംഗ് ഹോമുകളും ആശുപത്രികളും ഉണ്ടായിട്ടും മുന്നിയൂരിയില്‍ നിന്ന് നാല്‍പത് കിലോമീറ്റര്‍ അകലെയുള്ള കോയാസ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത് പോലീസിനു ആദ്യഘട്ടത്തില്‍ തന്നെ സംശയം ജനിപ്പിച്ചിരുന്നു. സ്വകാര്യ ആശുപത്രി അധികൃതര്‍ നല്‍കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികതയില്‍ സംശയം തോന്നിയ അന്വേഷണസംഘം കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ വിദഗ്ദ്ധ സംഘത്തിന്റെ സഹായം തേടി. തുടര്‍ന്ന് പ്യൂണ്‍ മുഹമ്മദ് അഷ്‌റഫിനെ വിശദമായ പരിശോധനക്കു വിധേയനാക്കിയപ്പോള്‍ അയാള്‍ക്കു മുറിവേറ്റിട്ടില്ലെന്ന് വ്യക്തമായതോടെയാണ് കേസില്‍ ഡോക്ടര്‍ കോയയെയും പ്രതി ചേര്‍ത്തത്.
ഡോ.കോയയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചതു പോലെ പ്യൂണിന്റെ തലയോട്ടിക്കു യാതൊരു പരുക്കുമേറ്റിട്ടില്ലെന്ന് സി ടി സ്‌കാനിംഗില്‍ വ്യക്തമാകുകയും ചെയ്തു.

Latest