Connect with us

International

സോമാലിയയില്‍ മന്ത്രാലയത്തിന് നേരെ അല്‍ശബാബ് ആക്രമണം

Published

|

Last Updated

മൊഗാദിശു: സോമാലിയയിലെ ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിന് നേരെ അല്‍ശബാബ് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ മൊഗാദിശുവിലാണ് സംഭവം. ഓഫീസ് സമുച്ചയത്തിന്റെ കവാടത്തിന് സമീപം ആദ്യം ചാവേര്‍ നടത്തിയ കാര്‍ സ്‌ഫോടനത്തിന് ശേഷം തീവ്രവാദികള്‍ ഓഫീസിനുള്ളിലേക്ക് ഇരച്ചുകയറിയാണ് ആക്രമണം നടത്തിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്വം അല്‍ശബാബിനാണെന്ന് സംഘടനയുടെ വക്താവ് ശൈഖ് അബൈദിസ് അബൂമുസ്അബ് അവകാശപ്പെട്ടു. വിദേശകാര്യ മന്ത്രാലയത്തോട് ചേര്‍ന്ന് തിരക്കേറിയ മേഖലയിലാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സമുച്ചയവും നിലനില്‍ക്കുന്നത്. കഴിഞ്ഞ കുറെ മാസങ്ങളായി സോമാലിയന്‍ സര്‍ക്കാറിനെതിരെ അല്‍ശബാബ് ശക്തമായ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ തീവ്രവാദികള്‍ക്കെതിരെ സോമാലിയന്‍ സര്‍ക്കാറും ശക്തമായി രംഗത്തുണ്ട്. ഇവരുടെ ശക്തികേന്ദ്രങ്ങള്‍ക്ക് നേരെ നിരവധി തവണ സോമാലിയന്‍ സൈന്യം ആക്രമണം നടത്തിയിരുന്നു. സോമാലിയക്ക് പുറമെ, അയല്‍രാജ്യമായ കെനിയയിലും അല്‍ശബാബ് തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നുണ്ട്. ആഫ്രിക്കന്‍ യൂനിയന്‍ രാജ്യങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേക സൈന്യത്തിന് രൂപം നല്‍കി ഇവര്‍ക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തിയിരുന്നു. 2007 മുതല്‍ 2011 വരെയുള്ള കാലയളവില്‍ സോമാലിയന്‍ തലസ്ഥാനമായ മൊഗാദിശുവിന്റെ പല പ്രദേശങ്ങളും അല്‍ശബാബിന് കീഴിലായിരുന്നു. എന്നാല്‍ ആഫ്രിക്കന്‍ യൂനിയന്‍ സൈന്യത്തിന്റെ ഇടപെടല്‍ വന്നതോടെ ഇവര്‍ പിന്‍മാറിയിട്ടുണ്ട്.