Connect with us

Gulf

കയാന്‍ ടവറും കീഴടക്കി അലെയിന്‍ റോബര്‍ട്ട് ചരിത്രമെഴുതി

Published

|

Last Updated

ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പിരിയന്‍ ഗോപുരം ഉള്‍പെട്ട പാര്‍പിട സമുച്ഛയത്തിന് മുകളില്‍ വലിഞ്ഞു കയറി സ്‌പൈഡര്‍മാന്‍ എന്ന അപരനാമത്തില്‍ ലോകം മുഴുവന്‍ പ്രശസ്തനായ അലെയിന്‍ റോബര്‍ട്ട് ചരിത്രമെഴുതി. ദുബൈ മറീനയിലെ 75 നിലകളുള്ള കയാന്‍ ടവറിലായിരുന്നു ഞായറാഴ്ച രാത്രി ആയിരങ്ങളെ സാക്ഷിയാക്കി റോബര്‍ട്ട് ചരിത്രം രചിച്ചത്. കാഴ്ചക്ക് സാക്ഷിയാവാന്‍ നേരത്തെ തന്നെ ആളുകള്‍ കയാന്‍ ടവറിന് ചുവട്ടിലേക്ക് പ്രവഹിച്ചിരുന്നു. ജനക്കൂട്ടത്തിന്റെ കൈയടിയുടെയും അഭിനന്ദനത്തിന്റെയും പാരമ്യത്തിലായിരുന്നു രാത്രി 8.25ന് ലക്ഷ്യത്തിലേക്കുള്ള കയറ്റം ആരംഭിച്ചത്. ദേഹത്തെ സഞ്ചിയില്‍ സൂക്ഷിച്ച ചോക്ക് പൗഡര്‍ മാത്രമായിരുന്നു റോബര്‍ട്ടിന് ഗോപുരത്തിന് മുകളില്‍ എത്തുന്നതിന് സഹായിച്ചത്. കൈവിരലുകള്‍ വഴുതിപോകാതിരിക്കാന്‍ ഇടക്കിടക്ക് ചോക്ക് പൊടി കൈയില്‍ തേച്ചായിരുന്നു യാതൊരു വിധ സുരക്ഷാ സംവിധാനത്തിന്റെയും അകമ്പടിയില്ലാതെ ലക്ഷ്യം കണ്ടത്. 9.30നാണ് 307 മീറ്റര്‍ ഉയരമുള്ള ടവറിന്റെ ഉച്ചിയില്‍ വിജയക്കൊടി പാറിച്ചത്. ആദ്യമായാണ് ഒരു പിരിയന്‍ ഗോപുരത്തില്‍ കയറാന്‍ ഉദ്യമിക്കുന്നതെന്നും ഭയമുണ്ടെന്നും യജ്ഞത്തിന് മുമ്പായി റോബര്‍ട്ട് (52), തന്നെ വളഞ്ഞ വാര്‍ത്താലേഖകരോട് പ്രതികരിച്ചിരുന്നു.
സാധാരണയായി പകല്‍ സമയങ്ങളിലാണ് കെട്ടിടങ്ങള്‍ക്ക് മുകളില്‍ കയറാറ്. കയാന്‍ ടവറിന് കയറുന്നതിന് അതിന്റേതായ വെല്ലുവിളികളുണ്ട്. അതിനാല്‍ മുകളിലേക്കുള്ള പ്രയാണം ഏറെ ശ്രദ്ധ ആവശ്യമായതാണ്.
ബുര്‍ജ് ഖലീഫയില്‍ കയറിയ ഘട്ടത്തില്‍ സുരക്ഷിതത്വത്തിനായി കയറും കൊളുത്തും ഉപയോഗിച്ചിരുന്നു. അടിതെറ്റിയാല്‍ താഴെ വീണ് അപകടം സംഭവിക്കാതിരിക്കാനായിരുന്നു ആ മുന്‍കരുതല്‍. എന്നാല്‍ ഞായറാഴ്ച രാത്രിയിലെ യജ്ഞത്തില്‍ ഇത്തരത്തില്‍ ഒന്നും ഉപയോഗിച്ചിരുന്നില്ല. 2011ല്‍ ആയിരുന്നു ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫക്ക് മുകളില്‍ കയറി റോബര്‍ട്ട് ഗിന്നസ് റെക്കോര്‍ഡിട്ടത്.
കൈയില്‍ അല്‍പം ടാപ്പ് ചുറ്റിയിരുന്നു. കൈകള്‍ മുറിയാതിരിക്കാനുള്ള മുന്‍കരുതലായിരുന്നു അത്. ഞാന്‍ ചെറുപ്പക്കാരനല്ല. പ്രായം 52 ആയി. അതിന്റേതായ വെല്ലുവിളികളും ഉണ്ട്. മുകളിലേക്കുള്ള കയറ്റത്തില്‍ പല നിലകളിലും എത്തിയപ്പോള്‍ കാണികളോട് കൈവീശിയായിരുന്നു ചെറിയ വിശ്രമവും എടുത്ത് 65 മിനുട്ടിനകം യജ്ഞം പൂര്‍ത്തികരിച്ചത്. നേരത്തെ 90 മിനുട്ട് വേണ്ടിവരുമെന്നായിരുന്നു സംഘാടകര്‍ കണക്കുകൂട്ടിയത്.
രാത്രി സമയത്തായതിനാല്‍ കെട്ടിടത്തിലെ അന്തേവാസികള്‍ക്കും റോബര്‍ട്ടിന്റെ സാഹസം പുത്തന്‍ അനുഭവമായി. ജോലി സ്ഥലങ്ങളില്‍ നിന്നു വേഗം തിരിച്ചെത്തി താമസക്കാരില്‍ മിക്കവരും മഹത്തായ സംരംഭത്തിന് സാക്ഷിയാവാന്‍ ആഹ്ലാദത്തോടെ കാത്തിരുന്നിരുന്നു. പലരും തങ്ങള്‍ താമസിക്കുന്ന നിലകളിലെ ബാല്‍കണിയിലെത്തി റോബര്‍ട്ടിന്റെ പ്രയാണം കണ്ണിമ അനക്കാതെ നോക്കി നിന്നു.
ഒരു വര്‍ഷത്തോളം നീണ്ട തയ്യാറെടുപ്പുകള്‍ക്ക് ഒടുവിലായിരുന്നു ഞായറാഴ്ച രാത്രി റോബര്‍ട്ടിന്റെ സാഹസിക പ്രകടനം അരങ്ങേറിയത്. കാണികളായി എത്തിയവരെല്ലാം റോബര്‍ട്ടിന് യാതൊരു അപകടവും സംഭവിക്കരുതേയെന്ന് മനമുരുകി പ്രാര്‍ഥിച്ചിരുന്നു.
റോബര്‍ട്ടിന്റെ സ്വന്തം പദ്ധതിയാണ് കയാന്‍ ടവറിന് മുകളില്‍ കയറലെന്ന് ടവര്‍ ചെയര്‍മാന്‍ അഹ്മദ് അല്‍ ഹത്തി വ്യക്തമാക്കിയിരുന്നു. ഞങ്ങള്‍ അദ്ദേഹത്തിന്റെ പദ്ധതി വിജയിപ്പിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ മാത്രമാണ് നല്‍കിയത്.
ഞങ്ങളുടെ എഞ്ചിനീയര്‍മാര്‍ സുരക്ഷിതമായി കയറാവുന്ന വഴി പരിശോധിച്ച് കണ്ടെത്തിയിരുന്നു. നിരവധി തവണ റോബര്‍ട്ട് കുറേ ദൂരം കയറി പരിശീലനവും പൂര്‍ത്തിയാക്കി. സുരക്ഷക്കായി കയര്‍ ഉപയോഗിക്കാന്‍ ഞങ്ങള്‍ നിര്‍ദേശിച്ചിരുന്നെങ്കിലും അദ്ദേഹം നിഷേധിക്കുകയായിരുന്നുവെന്നും ചെയര്‍മാന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest