വ്യാജ ഉല്‍പന്നങ്ങള്‍ വാങ്ങുന്നത് തീവ്രവാദികള്‍ക്ക് സഹായകമാവുമെന്ന് അധികൃതര്‍

Posted on: April 14, 2015 6:07 pm | Last updated: April 14, 2015 at 6:07 pm

ദുബൈ: ഉപഭോക്താക്കള്‍ വ്യാജ ഉല്‍പന്നങ്ങള്‍ വാങ്ങുന്നത് തീവ്രവാദത്തിന് പണം കണ്ടെത്തുന്നവര്‍ക്ക് സഹായകമാവുമെന്ന് ദുബൈ ജ്യുഡീഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറും ജഡ്ജിയുമായ ജമാല്‍ അല്‍ സുമൈത്തി അഭിപ്രായപ്പെട്ടു. വിവിധ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളുടെ വ്യാജ പതിപ്പുകള്‍ വാങ്ങുന്നവര്‍ രണ്ട് പ്രാവശ്യം അതേക്കുറിച്ച് ചിന്തിക്കണം. നൂറു കണക്കിന് കോടി ദിര്‍ഹത്തിന്റെ വ്യാജ ഉല്‍പന്നങ്ങളാണ് കമ്പോളത്തില്‍ വിറ്റഴിക്കപ്പെടുന്നത്. ഇത്തരത്തില്‍ സ്വരുകൂട്ടപ്പെടുന്ന പണം തീവ്രവാദത്തിനൊപ്പം സംഘടിത കുറ്റകൃത്യങ്ങള്‍ക്കുള്ള ധനസമാഹരണത്തിനും സഹായകമാവുന്നുണ്ട്.
ഇത് യു എ ഇ മാത്രം അഭിമുഖീകരിക്കുന്ന പ്രശ്‌നമല്ല. ലോകം മുഴുവന്‍ ഇത്തരം പ്രതിസന്ധിയെ നേരിടുന്നുണ്ട്. എളുപ്പം പണം കണ്ടെത്താന്‍ തീവ്രവാദ ഗ്രൂപ്പുകള്‍ വ്യാജ ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും കൈമാറ്റത്തെ ഉപാധിയാക്കുന്നുണ്ട്. രണ്ട് ദിവസത്തെ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റവാളികള്‍ എപ്പോഴും നിയമത്തിന്റെ പിടിയില്‍ നിന്ന് അകന്നു നില്‍ക്കാനാണ് ശ്രമിക്കുക. നാം എപ്പോഴും അവരെ നിരീക്ഷിച്ചും കഴിയും. കുറ്റവാളികള്‍ക്കും നിയമം നടപ്പാക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ഇടയില്‍ അരങ്ങേറുന്നത് പൂച്ചയും എലിയും കളിയാണ്. പോലീസും സര്‍ക്കാര്‍ സംവിധാനവും എല്ലായിടത്തും കാണില്ല. എന്നാല്‍ കുറ്റവാളികള്‍ സമൂഹത്തിന്റെ എല്ലാ മേഖലയിലും ഉണ്ടെന്നത് നാം ഓര്‍ക്കണം. ഇത്തരം ഘട്ടത്തില്‍ ഇവര്‍ക്ക് സഹായകമായ നിലപാട് പൊതുജനങ്ങളില്‍ നിന്നുണ്ടാവാന്‍ പാടില്ല. ഒരു വ്യാജ ഉല്‍പന്നം നാം വാങ്ങുമ്പോള്‍ ഒരു കുറ്റവാളിയെ നാം സഹായിക്കുകയാണ് യഥാര്‍ഥത്തില്‍ ചെയ്യുന്നത്. ഇത് സംഭവിക്കാതിരിക്കാന്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും അല്‍ സുമൈത്തി ആവശ്യപ്പെട്ടു.