പോലീസിനെ കണ്ട് ചൂതാട്ടസംഘം ചിതറിയോടി; കിണറ്റില്‍ വീണ് യുവാവിന്റെ കാലൊടിഞ്ഞു

Posted on: April 14, 2015 3:59 am | Last updated: April 13, 2015 at 9:59 pm

ബേക്കല്‍: ചൂതാട്ടം പിടികൂടാനെത്തിയ പോലീസ് സംഘത്തെ കണ്ട് ചൂതാട്ട സംഘം ചിതറിയോടി. സംഘത്തിലുണ്ടായിരുന്ന യുവാവ് അറുപതടി താഴ്ചയുള്ള കിണറ്റില്‍ വീണു. കഴിഞ്ഞദിവസം അര്‍ധരാത്രിയാണ് സംഭവം.
ബേക്കല്‍ ഹിദായത്ത് നഗറിലെ മുഹമ്മദ്കുഞ്ഞി(45)യാണ് പോലീസിനെ ഭയന്നോടുന്നതിനിടെ പള്ളിപ്പുഴ കൊത്തിക്കാലിലെ അസീസ് എന്നയാളുടെ പറമ്പിലെ കിണറില്‍ വീണത്.
ഒരു രാത്രി മുഴുവന്‍ കിണറില്‍ കുടുങ്ങിയ മുഹമ്മദ്കുഞ്ഞിയെ ഇന്നലെ രാവിലെ വിവരമറിഞ്ഞെത്തിയ കാഞ്ഞങ്ങാട്ട് നിന്നുള്ള അഗ്നിശമന സേനാംഗങ്ങളാണ് പുറത്തെടുത്തത്. കിണറ്റില്‍ നിന്നും കരച്ചില്‍ കേട്ട് എത്തി നോക്കിയ വഴിയാത്രക്കാരാണ് വിവരം ഫയര്‍ഫോഴ്‌സിനെ അറിയിച്ചത്. കാഞ്ഞങ്ങാട് ഫയര്‍‌സ്റ്റേഷനിലെ കെ ടി ചന്ദ്രന്‍, ടി കെ പ്രജീഷ് എന്നിവര്‍ അറുപതടിയോളം താഴ്ചയുള്ള കിണറ്റിലിറങ്ങി മുഹമ്മദ്കുഞ്ഞിയെ രക്ഷപ്പെടുത്തുകയായിരുന്നു. കാലെല്ല് പൊട്ടിയ നിലയില്‍ മുഹമ്മദ്കുഞ്ഞിയെ ആദ്യം കാഞ്ഞങ്ങാട്ടെ ജില്ലാശുപത്രിയിലും പിന്നീട് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലേക്കും മാറ്റി.
റിയല്‍ എസ്റ്റേറ്റ് ഏജന്റായ പള്ളിപ്പുഴയിലെ ഇസ്ഹാഖിന്റെ വീട്ടുപറമ്പില്‍ വന്‍ ചൂതാട്ടം നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബേക്കല്‍ എസ്‌ഐ. പി നാരായണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയപ്പോള്‍ ചൂതാട്ടസംഘം നാലുപാടും ചിതറിയോടുകയായിരുന്നു. പോലീസ് പിന്തുടര്‍ന്ന് ചീട്ടുകളിക്കാരായ എട്ടുപേരെ കസ്റ്റഡിയിലെടുത്തു. സംഘത്തിലുണ്ടായിരുന്ന മുഹമ്മദ്കുഞ്ഞിയും വീട്ടുടമയായ ഇസ്ഹാക്കും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മുഹമ്മദ്കുഞ്ഞി കിണറില്‍ വീഴുകയായിരുന്നു. ബേക്കല്‍ ഇല്യാസ് നഗറിലെ മുസ്തഫ (39), ഉദുമ പടിഞ്ഞാറിലെ അബ്ദുള്‍ മജീദ്(43), തൈക്കടപ്പുറത്തെ ഷബീര്‍(20), ബാര മുല്ലച്ചേരിയിലെ പ്രഭാകരന്‍(34), മുതിക്കാലിലെ അഷ്‌റഫ്(49), ബേക്കല്‍ ജംഗ്ഷനിലെ മുനീര്‍(43), പള്ളിപ്പുഴയിലെ കെ ഇല്യാസ്(35), പള്ളിപ്പുഴയിലെ മജീദ്(40) എന്നിവരാണ് അറസ്റ്റിലായ ചീട്ടുകളി സംഘം.