അബുദാബിയില്‍ 17 പുതിയ ജൈവ സംരക്ഷണ മേഖലകള്‍ തുടങ്ങാന്‍ പദ്ധതി

Posted on: April 13, 2015 6:38 pm | Last updated: April 13, 2015 at 6:38 pm

Fotoഅബുദാബി: എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലായി പുതിയ 17 ജൈവ സംരക്ഷണ മേഖലകള്‍ തുടങ്ങാന്‍ പദ്ധതിയുള്ളതായി അബുദാബി എന്‍വയണ്‍മെന്റ് അതോറിറ്റി അറിയിച്ചു. കരയില്‍ മാത്രമല്ല കടലിലും ഇതില്‍ ചിലത് നിര്‍മിക്കും. ഇതുമായി ബന്ധപ്പെട്ട അപേക്ഷ അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സിലിനു മുമ്പില്‍ സമര്‍പിച്ചതായും അതോറിറ്റി അറിയിച്ചു.
പുതിയതായി നിര്‍മിക്കാനുദ്ദേശിക്കുന്ന ജൈവ സംരക്ഷണ മേഖലകളിലധികവും അബുദാബിയുടെ പടിഞ്ഞാറന്‍ മേഖലകളിലായിരിക്കുമെന്ന് എന്‍വണ്‍മെന്റ് അതോറിറ്റിയിലെ ബയോഡൈവേഴ്‌സിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ശൈഖ അല്‍ ദാഹിരി പറഞ്ഞു. പുതിയ ജൈവ സംരക്ഷണ മേഖലകള്‍കൂടി പൂര്‍ത്തിയാകുന്നതോടെ എമിറേറ്റിലെ ജൈവ സംരക്ഷണ മേഖലകളുടെ വ്യാപ്തി 12.9 ശതമാനമായി ഉയരുമെന്നും അവര്‍ വ്യക്തമാക്കി.
ഓരോ സംരക്ഷണ മേഖലക്കും അവയില്‍ കഴിയുന്ന ജീവജാലങ്ങളെക്കുറിച്ച് പ്രത്യേകം അറിവും അനുഭവങ്ങളുമുള്ളവരായിരിക്കും മേല്‍നോട്ടം വഹിക്കുക. നിലവില്‍ അബുദാബിയില്‍ അഞ്ച് ജൈവ സംരക്ഷണ മേഖലകളാണുള്ളത്. ഇതില്‍ രണ്ട് എണ്ണം കടലിലും മൂന്ന് എണ്ണം കരയിലുമാണ്. മിര്‍വ, യാസ് എന്നിവിടങ്ങളിലാണ് കടലിലെ സംരക്ഷണ മേഖലകള്‍ സ്ഥിതിചെയ്യുന്നത്. ധാരാളം പവിഴപ്പുറ്റുകള്‍ ഇവയില്‍ സംരക്ഷിപ്പെടുന്നുണ്ട്. വിവിധയിനം കടലാമകളും വംശനാശം നേരിടുന്ന 3,000ത്തിലധികം കടല്‍ പശുക്കളും ഇവിടെയുണ്ട്.
അല്‍ വത്ബ ഗ്രീനറി, ബൈനൂന, അല്‍ മഹാ അല്‍ അറബി എന്നിവിടങ്ങളിലാണ് കരയില്‍ നിലവിലുള്ള ജൈവ സംരക്ഷണ മേഖലകള്‍. ആസ്‌ത്രേലിയക്കുശേഷം ഏറ്റവും വലിയ സംരക്ഷണ മേഖലയുള്ളത് അബുദാബിയിലാണ്. യു എ ഇയില്‍ നിലവില്‍ 450ലധികം ഇനം പക്ഷികളുണ്ടെന്ന് ഡോ. ശൈഖ അല്‍ ദാഹിരി വെളിപ്പെടുത്തി. ഇവയില്‍ ചിലത് വംശനാശ ഭീഷണി നേരിടുന്നവയാണ്. അത്തരം ജീവികളെ കണ്ടെത്തി പ്രത്യേക പരിരക്ഷ നല്‍കുകയെന്നത് എണ്‍വയണ്‍മെന്റ് അതോറിറ്റിയുടെ പ്രത്യേക പരിഗണനയിലുള്ള വിഷയമാണെന്നും അല്‍ ദാഹിരി അറിയിച്ചു.