കാരുണ്യാ ഫാര്‍മസികളില്‍ അവശ്യമരുന്നുകള്‍ക്ക് ക്ഷാമം

Posted on: April 13, 2015 4:28 am | Last updated: April 13, 2015 at 12:29 am

karunniya phrmacyതിരുവനന്തപുരം: മരുന്നുവില കുതിച്ചുയരുന്ന സംസ്ഥാനത്ത് സാധാരണക്കാര്‍ക്ക് ആശ്വാസമാകാന്‍ ആരംഭിച്ച കാരുണ്യ ഫാര്‍മസികളില്‍ മരുന്നകള്‍ കിട്ടാനില്ല. കാരുണ്യ ഫാര്‍മസികളിലേക്കുള്ള മരുന്ന് വിതരണം തടസ്സപ്പെട്ടതാണ് അവശ്യ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവക്ക് ഫാര്‍മസിയില്‍ ക്ഷാമം നേരിടാന്‍ കാരണമായിരക്കുന്നത്.
വാര്‍ഷിക കണക്കെടുപ്പിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 20ാം തീയതി പൂട്ടിയ ഫാര്‍മസികളുടെ വെയര്‍ ഹൗസുകള്‍ ഇനിയും തുറക്കാത്തതാണ് മരുന്ന് വിതരണം തടസ്സപ്പെടാന്‍ കാരണം. സര്‍ക്കാര്‍ ആശുപത്രികള്‍ വഴി സൗജന്യ വിതരണം നടത്തുന്ന പാലിയേറ്റീവ് കെയര്‍ മരുന്നുകളും സൂക്ഷിക്കുന്നത് കാരുണ്യയുടെ വെയര്‍ ഹൗസുകളിലാണ്. വെയര്‍ ഹൗസുകള്‍ അടഞ്ഞതോടെ ഇവിടങ്ങളിലേക്കുള്ള മരുന്ന് വിതരണവും നിലച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിലായി നാല് വെയര്‍ ഹൗസുകളാണ് കഴിഞ്ഞമാസം മുതല്‍ അടഞ്ഞ് കിടക്കുന്നത്. ലക്ഷക്കണക്കിന് രൂപ വിലവരുന്ന മരുന്നുകളാണ് വെയര്‍ ഹൗസുകളില്‍ കെട്ടിക്കിടക്കുന്നത്. ഇവയില്‍ പലതും കെട്ടിക്കിടന്ന് നശിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ 32 കാരുണ്യ ഫാര്‍മസികളാണുള്ളത്. ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതര രോഗം ബാധിച്ചവര്‍ക്കുള്ള ഏക ആശ്വാസമായിരുന്നു കുറച്ചെങ്കിലും വിലക്കിഴിവില്‍ കാരുണ്യ ഫാര്‍മസികള്‍വഴി ലഭിക്കുന്ന മരുന്നുകള്‍. എന്നാല്‍, അവശ്യമരുന്നുകളോ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ നല്‍കിയിരുന്ന മരുന്നുകളോ ഇപ്പോള്‍ ഇവിടങ്ങളിലെ ഫാര്‍മസികളില്‍ സ്‌റ്റോക്കില്ല.
17 ലക്ഷം രൂപയുടെ മരുന്ന് തിരുവനന്തപുരം വെയര്‍ഹൗസിലും 14 ലക്ഷം രൂപയുടെ മരുന്ന് കോഴിക്കോട് വെയര്‍ഹൗസിലും ഉപയോഗ ശൂന്യമായി കിടക്കുന്നു. മരുന്നുകളുടെ കുറവ് കരാറുകാര്‍ കൃത്യസമയത്ത് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനെ അറിയിച്ചിട്ടില്ല.
മാത്രമല്ല, കാലാവധി കഴിഞ്ഞ മരുന്നുകള്‍ മൂന്ന് മാസത്തിനുള്ളില്‍ കമ്പനികളിലേക്ക് തിരിച്ചയക്കുന്നതിലും കരാറുകാര്‍ വീഴ്ച വരുത്തിയിട്ടുണ്ട്.