Connect with us

Kerala

കെ യു ആര്‍ ടി സിക്ക് കൊച്ചിയില്‍ ആസ്ഥാനം തുറന്നു

Published

|

Last Updated

കൊച്ചി: കേരള അര്‍ബന്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനായി കൊച്ചിയില്‍ ആസ്ഥാനം തുറന്നു. പുതിയ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൂടി വിശ്വാസത്തിലെടുത്തും അവരുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചും പുതിയ സ്ഥാപനത്തെ മികച്ച പൊതുഗതാഗത സംവിധാനമായി വളര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. പൊതുഗതാഗത സംവിധാനം മെച്ചപ്പെട്ടാലേ ഇന്ന് കാണുന്ന ഗതാഗതക്കുരുക്കിന് ശമനമുണ്ടാകു. ഈ വഴിയില്‍ കൊച്ചി മെട്രോയുടെ നിര്‍മാണം വലിയ നാഴികക്കല്ലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നഗര ഗതാഗതത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതാണ് പുതിയ സംവിധാനം. കെ എസ് ആര്‍ ടി സി കേരളത്തിന് എന്നും ആശങ്കയാണ് സമ്മാനിച്ചിട്ടുള്ളതെങ്കിലും അത് നല്‍കുന്ന സേവനം ഒരിക്കലും വിസ്മരിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോരുത്തരും അവരവരുടെ ആവശ്യങ്ങള്‍ക്കായി നിരത്തിലേക്ക് വാഹനങ്ങളുമായി ഇറങ്ങുന്നത് ഒഴിവാക്കണമെങ്കില്‍ പൊതുഗതാഗത സംവിധാനം വിജയകരമായി നടത്തുക തന്നെ വേണമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന് എന്നും ബാധ്യതയെന്നു കരുതുന്ന കെ എസ് ആര്‍ ടി സി ഇന്നത്തെ നിലയില്‍ പ്രവര്‍ത്തിച്ചാല്‍ ഈ വര്‍ഷത്തോടെ നഷ്ടമില്ലാത്ത സ്ഥിതിയിലെത്തി ചരിത്രം സൃഷ്ടിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ദിനംപ്രതി ശരാശരി 4.25 കോടി രൂപ വരുമാനമുണ്ടായിരുന്ന കെ എസ് ആര്‍ ടി സിക്ക് ഇന്ന് 6.5 കോടി രൂപയിലേക്ക് എത്താന്‍ കഴിഞ്ഞിട്ടുണ്ട്. കെ ടി ഡി എഫ് സിക്കുള്ള കനത്ത പലിശയാണ് ഇന്ന് ഏറ്റവും അലട്ടുന്ന പ്രശ്‌നം. പ്രതിവര്‍ഷം 600 കോടി രൂപയുടെ തിരിച്ചടവ് 300 കോടി രൂപയായി കുറച്ചാല്‍ കെ എസ് ആര്‍ ടി സി വലിയ അത്ഭുതം തന്നെ നമ്മുടെ ഗതാഗതമേഖലയില്‍ ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തേവരയിലെ പുതിയ ആസ്ഥാനത്തിന്റെ വികസനത്തിനാവശ്യമായ നടപടികള്‍ താമസിയാതെ കൈക്കൊള്ളും. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ഒരു അണ്ടര്‍പാസ് നിര്‍മിക്കുന്നതിനും ആലോചനയുണ്ട്. നഗരഹൃദയത്തില്‍ തന്നെയുള്ള ഈ 4.5 ഏക്കര്‍ ഭൂമി മനോഹരമായി വികസിപ്പിച്ച് മികച്ച ഒരു കേന്ദ്രമാക്കും. ഇതിനായി കെ എസ് ആര്‍ ടി സി നന്നായി പോകണമെന്നതും തുല്യപ്രാധാന്യത്തോടെ സര്‍ക്കാര്‍ സഹായം വേണമെന്നതും പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ജലമാര്‍ഗമുള്ള ചരക്കുഗതാഗതത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് മുഖ്യാതിഥിയായിരുന്ന തുറമുഖമന്ത്രി കെ ബാബു ചൂണ്ടിക്കാട്ടി. ഇപ്പോള്‍തന്നെ കണ്ണൂര്‍, കൊല്ലം എന്നിവടങ്ങളില്‍ നിന്ന് കൊച്ചിക്കു ചരക്കുഗതാഗതമുണ്ട്. കൊല്ലം കോട്ടപ്പുറം ജലപാതയില്‍ ചില തടസങ്ങളൊഴിവാക്കി വികസിപ്പിച്ചാല്‍ സാധ്യമായ കേന്ദ്രങ്ങളിലേക്കെല്ലാം ജലമാര്‍ഗത്തിലൂടെ ചരക്കുകള്‍ എത്തിക്കാനാകും. അത് റോഡ്ഗതാഗതത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ കേന്ദ്രത്തില്‍ നിന്നുള്ള 50 ലോ ഫ്‌ളോര്‍ ബസുകളുടെ സര്‍വീസ് മന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കാണ് ഇവിടെ നിന്ന് സര്‍വീസ്. താമസിയാതെ തിരുകൊച്ചി സര്‍വീസുകളുടെ കേന്ദ്രവും തേവരയിലെ പുതിയ ആസ്ഥാനമാകും.
മേയര്‍ ടോണി ചമ്മണി, പ്രൊഫ. കെ വി തോമസ് എം പി, എം എല്‍ എമാരായ ഡോമനിക് പ്രസന്റേഷന്‍, ബെന്നി ബഹനാന്‍, നഗരസഭാംഗങ്ങളായ സൗമിനി ജയിന്‍, എലിസബത്ത് ടീച്ചര്‍, ഗ്രേസി ആന്റണി, റെനീഷ്, കെ യു ആര്‍ ടി സി സി എം ഡി ആന്റണി ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest