Connect with us

National

നേതാജിയുടെ കുടുംബ വിവരങ്ങള്‍ ബ്രിട്ടീഷ് ചാരസംഘടനക്ക് ഇന്ത്യ കൈമാറി

Published

|

Last Updated

ന്യൂഡല്‍ഹി: നേതാജി സുഭാഷ്ചന്ദ്ര ബോസിന്റെ കുടുംബത്തെ നെഹ്‌റു സര്‍ക്കാര്‍ രണ്ട് ദശാബ്ദക്കാലത്തോളം നിരീക്ഷിച്ചിരുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ (ഐ ബി) രേഖകള്‍ പുറത്തുവന്നതിനു പിന്നാലെ നേതാജിയുടെ കുടുംബവുമായി ബന്ധപ്പെട്ട ഐ ബിയുടെ കണ്ടെത്തലുകള്‍ ബ്രിട്ടനിലെ രഹസ്യാന്വേഷണ ഏജന്‍സിയായ എം ഐ 5ന് കൈമാറിയതിന്റെ തെളിവുകളും പുറത്ത്. ബ്രിട്ടനിലെ നാഷനല്‍ ആര്‍ക്കൈവ്‌സിലുള്ള പരസ്യപ്പെടുത്തിയ രേഖകളാണ് ഐ ബി കണ്ടെത്തിയ വിവരങ്ങള്‍ ബ്രിട്ടീഷ് രഹസ്യാന്വേഷണ സംഘടനക്ക് കൈമാറിയിരുന്നതായി വ്യക്തമാക്കുന്നത്.
ഐ ബിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ 1947 ഒക്‌ടോബര്‍ ആറിന് ഡല്‍ഹിയിലുള്ള എം ഐ 5ലെ ഉദ്യോഗസ്ഥന് നല്‍കിയ കത്ത് ഉള്‍പ്പെടെയാണ് പുറത്തുവന്നത്. നേതാജിയുടെ അടുത്ത അനുയായി ആയിരുന്ന എ സി എന്‍ നമ്പ്യാര്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്ന് കൊല്‍ക്കത്തയിലുള്ള നേതാജിയുടെ അനന്തരവന്‍ അമിയ നാഥ് ബോസിന് അയച്ച കത്തിന്റെ പകര്‍പ്പ് സഹിതമാണ് ഐ ബി ഉദ്യോഗസ്ഥന്‍ കത്ത് നല്‍കിയത്. കത്ത് ലഭിച്ച ശേഷം താങ്കളുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നുവെന്നും എഴുതിയിട്ടുണ്ട്. നേതാജിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട പുസ്തകം രചിച്ച അനൂജ് ധറിനാണ് വിവരങ്ങള്‍ ലഭിച്ചത്.
ഐ ബി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ബാലകൃഷ്ണ ഷെട്ടി ഡല്‍ഹിയിലെ എം ഐ 5ലെ ഉദ്യോഗസ്ഥനായ കെ എം ബോര്‍ണേയുമായാണ് ബോസിന്റെ കുടുംബത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചത്. തൊട്ടടുത്ത ദിവസം തന്നെ എം ഐ 5 ഡയറക്ടര്‍ ജനറലിന് ഷെട്ടിയുടെ കത്ത് ബോര്‍ണേ കൈമാറുകയും ചെയ്തു. യുദ്ധസമയത്തെ സൈനിക രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥനായിരുന്ന ബോര്‍ണേയെ പിന്നീട് ഇന്ത്യയില്‍ നിയമിക്കുകയായിരുന്നു. നേതാജിക്കും നെഹ്‌റുവിനും ഒപ്പം പ്രവര്‍ത്തിച്ച ശേഷം 1924ലാണ് നമ്പ്യാര്‍ ബെര്‍ലിനില്‍ പത്രപ്രവര്‍ത്തകനായി എത്തുന്നത്. സ്വിറ്റ്‌സര്‍ലാന്‍ഡിലെ നയതന്ത്ര ഉദ്യോഗസ്ഥനായിരിക്കുമ്പോഴും ബോസിന്റെ കുടുംബത്തിന് നമ്പ്യാര്‍ അയച്ച കത്തുകള്‍ നിരീക്ഷണങ്ങള്‍ക്ക് വിധേയമായിരുന്നു. നമ്പ്യാര്‍ സോവിയറ്റ് ചാരനായിരുന്നുവെന്നാണ് ബ്രിട്ടന്‍ കരുതിയതെന്നാണ് നാഷനല്‍ ആര്‍ക്കൈവ്‌സിലെ രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.
അമിയ നാഥ് ബോസ് നടത്തിയ ജപ്പാന്‍ യാത്രയുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ടോക്കിയോവിലെ അംബാസഡറുമായി ബന്ധപ്പെടണമെന്ന് ചൂണ്ടിക്കാട്ടി വിദേശകാര്യ സെക്രട്ടറി സുബിമാല്‍ ദത്തിന് 1957 നവംബര്‍ 25ന് നെഹ്‌റു കത്ത് നല്‍കിയിരുന്നു. നെഹ്‌റുവിന്റെ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെയാണ് അമിയ ബോസ് ടോക്കിയോവില്‍ എത്തിയത്. മോശമായ പ്രവര്‍ത്തനങ്ങളിലൊന്നിലും അമിയ ബോസ് ഇടപെട്ടിട്ടില്ലെന്ന് കാണിച്ച് ജപ്പാന്‍ അംബാസിഡര്‍ സി എസ് ഝാ നല്‍കിയ മറുപടിയും പുറത്തുവന്നിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു ശേഷവും ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സിയുമായി ഐ ബി അടുത്തിടപഴകിയിരുന്നുവെന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
1948- 68 കാലത്ത് ബോസിന്റെ ബന്ധുക്കളെ നെഹ്‌റു സര്‍ക്കാര്‍ കടുത്ത നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നുവെന്ന് വ്യക്തമാക്കുന്ന ഐ ബി രേഖകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

Latest