വധഭീഷണി: റോയിട്ടേഴ്‌സിന്റെ ബഗ്ദാദ് ബ്യൂറോ തലവന്‍ രാജ്യം വിട്ടു

Posted on: April 13, 2015 5:13 am | Last updated: April 12, 2015 at 11:15 pm

reutersബഗ്ദാദ്: വധഭീഷണിയെ തുടര്‍ന്ന് റോയിട്ടേഴ്‌സിന്റെ ബഗ്ദാദ് ബ്യൂറോ തലവന്‍ രാജ്യം വിട്ടു. തിക്‌രീത് നഗരത്തിലെ കിരാത നിയമത്തിനെതിരെയും കൊള്ളക്കെതിരെയും വിശദമായ റിപ്പോര്‍ട്ട് നല്‍കിയതിനാണ് ഓണ്‍ലൈനിലൂടെയും ടെലിവിഷനിലൂടെയും വധഭീഷണിയെത്തിയത്. സായുധ ശിയാ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് വാര്‍ത്താ ഏജന്‍സി കരുതുന്ന ഹാമര്‍ എന്ന സംഘമാണ് ഇവരുടെ ഇറാഖി ഫേസ്ബുക്ക് പേജില്‍ നെഡ് പാക്കര്‍ക്കെതിരെ ഭീഷണിമുഴക്കിയത്. ഏപ്രില്‍ അഞ്ചിന് നടത്തിയ പോസ്റ്റില്‍ നെഡിനെ ഇറാഖില്‍നിന്നും പുറത്താക്കണമെന്ന് ഒരു കമന്റ് പ്രത്യക്ഷപ്പെട്ടപ്പോള്‍ മറ്റൊരു കമന്റ് നെഡിനെ പുറത്താക്കുകയല്ല കൊല്ലുകയാണ് നിശ്ശബ്ദനാക്കാനുള്ള വഴിയെന്നും പറയുന്നു. മൂന്ന് ദിവസത്തിന് ശേഷം അസിബ് അഹല്‍ ഹഖിന്റെ പിന്തുണയുള്ള ഇറാനിയന്‍ ടെലിവിഷനായ അല്‍അഹ്ദിലും നെഡിന്റെ ഫോട്ടോയോടൊപ്പം ഒരു ചെറിയ പരിപാടി പ്രക്ഷേപണം ചെയ്തു. പരിപാടിയില്‍ ഇറാഖിനെയും സര്‍ക്കാറിനെ പിന്തുണക്കുന്ന സേനയെയും റിപ്പോര്‍ട്ടറും റോയിട്ടേഴ്‌സും അപകീര്‍ത്തിയെന്ന് കുറ്റപ്പെടുത്തുന്നു. പ്രേക്ഷകരോട് നെഡിനെ പുറത്താക്കാനും ആവശ്യപ്പെടുന്നുണ്ട്. ഇസില്‍ തീവ്രവാദികളില്‍നിന്നും സര്‍ക്കാര്‍ സേനയും ഇറാനിയന്‍ പിന്തുണയുള്ള പോരാളികളും ചേര്‍ന്ന് മോചിപ്പിച്ച തിക്‌രീത് നഗരത്തില്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നത് സംബന്ധിച്ച് നെഡും സഹപ്രവര്‍ത്തകരും ചേര്‍ന്ന് റിപ്പോര്‍ട്ട് തയ്യാറാക്കി ഈ മാസം മൂന്നിന് പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്നാണ് വധഭീഷണിയുയര്‍ന്നത്.