ഒരു കത്ത് നിര്‍വഹിക്കുന്ന രക്ഷാദൗത്യം

Posted on: April 13, 2015 4:48 am | Last updated: April 12, 2015 at 9:49 pm

oommenchandi2001-2006 യു ഡി എഫ് സര്‍ക്കാറിന്റെ എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന ആദ്യപാദത്തില്‍ ധനവകുപ്പ് കൈകാര്യം ചെയ്തിരുന്ന കെ ശങ്കരനാരായണനെതിരെ ഉയര്‍ന്നതാണ് കോഴി കോഴ ആരോപണം. പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍, നീട്ടിയും കുറുക്കിയും ‘കോഴി കോഴ’, ‘കോഴി കോഴ’ എന്ന് നിയമസഭക്കുള്ളില്‍ ആവര്‍ത്തിക്കുന്നതും കോഴിത്തൂവലുകൊണ്ട് ശങ്കരനാരായണനെ അഭിഷേകം ചെയ്യുന്ന രംഗം സൃഷ്ടിച്ച് വാര്‍ത്താ ചാനല്‍ ആവര്‍ത്തിച്ച് കാണിച്ചതുമൊക്കെ അന്നത്തെ ഓര്‍മകളാണ്. തമിഴ്‌നാട്ടില്‍ നിന്ന് കോഴിമുട്ടയും ഇറച്ചിക്കോഴിയും ഒഴുകാന്‍ തുടങ്ങിയതോടെ കേരളത്തിലെ ഫാം നടത്തിപ്പുകാര്‍ വലിയ പ്രതിസന്ധിയിലായിരുന്നു. കോഴി ഫാം തുടങ്ങാനെടുത്ത വായ്പ തിരിച്ചടക്കാനാകാതെ ചിലര്‍ ആത്മഹത്യ ചെയ്യുകവരെയുണ്ടായി. ഈ സാഹചര്യത്തിലാണ് കോഴിക്കേര്‍പ്പെടുത്തിയിരുന്ന എട്ട് ശതമാനം നികുതി തദ്ദേശീയഫാമുകള്‍ക്ക് ഒഴിവാക്കി നല്‍കി 1996 – 2001 കാലത്തെ ഇടത് സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ നികുതി ഇളവ് മൂലം അഞ്ച് കോടിയുടെ നഷ്ടം ഖജാനക്കുണ്ടാകുമെന്ന് 2000 – 2001 ബജറ്റില്‍ രേഖപ്പെടുത്തുകയും ചെയ്തു.
യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുകയും ശങ്കരനാരായണന്‍ ധനവകുപ്പ് ഏറ്റെടുക്കുകയും ചെയ്തതിന് ശേഷം കേരളത്തില്‍ ഭൂമിയുള്ള കോഴിക്കച്ചവടക്കാര്‍ നികുതിയിളവിന് അര്‍ഹതയുള്ളവരാകുമെന്ന വ്യാഖ്യാനം നികുതി വകുപ്പ് നല്‍കി. തമിഴ്‌നാട്ടില്‍ പ്രവര്‍ത്തിക്കുന്ന, കേരളത്തില്‍ ഭൂമി പാട്ടത്തിനെടുത്ത് കോഴി വളര്‍ത്തല്‍ നടത്തുന്ന, വന്‍കിട കമ്പനികള്‍ക്ക് നികുതിയിളവിന്റെ ആനുകൂല്യം ലഭിക്കാന്‍ ഇത് കാരണമായി. ഖജനാവിന് 86 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും നികുതിയിളവ് നേടിയെടുക്കുന്നതിന് വന്‍കിട കമ്പനികള്‍ പത്ത് കോടി രൂപ കൈക്കൂലി നല്‍കിയെന്നും അത് കെ ശങ്കരനാരായണന്റെ കൈകളിലെത്തിയെന്നുമായിരുന്നു ആരോപണം. താനൊന്നുമറിഞ്ഞില്ലെന്നും നികുതി വകുപ്പിലെ ഉദ്യോഗസ്ഥരാണ് പുതിയ വ്യാഖ്യാനം ചമച്ചതെന്നും അന്വേഷിക്കുമെന്നുമായിരുന്നു ശങ്കരനാരായണന്റെ പ്രതികരണം. അഴിമതി എന്ന് കേള്‍ക്കുന്നത് പോലും അലര്‍ജിയാണെന്ന് നടിച്ചിരുന്ന എ കെ ആന്റണി, ധനമന്ത്രിയുടെ വാദത്തെ പിന്തുണച്ചു. യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് അന്വേഷണം നടക്കുകയോ ഉത്തരവാദികളെ കണ്ടെത്തുകയോ ഉണ്ടായില്ല. 2006 മുതല്‍ 2011 വരെ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടത് മുന്നണി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോഴും അന്വേഷണമുണ്ടായതായി അറിവില്ല.
ബജറ്റില്‍ നികുതി വര്‍ധനയോ ഇളവോ അനുവദിക്കുകയും അത് വന്‍കിടക്കാര്‍ക്ക് ലാഭമുണ്ടാക്കാന്‍ പാകത്തില്‍ വ്യാഖ്യാനിച്ചോ മാറ്റം വരുത്തിയോ കോഴ വാങ്ങുകയും ചെയ്യുക എന്നതാണ് ഇപ്പോള്‍ കെ എം മാണിക്കെതിരെ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങളിലൊന്ന്. ഇത് തന്നെയാണ് കെ ശങ്കരനാരായണന്‍ ധനകാര്യമന്ത്രിയായിരിക്കെ നടന്നതും. ബജറ്റിലെ നിര്‍ദേശങ്ങള്‍ കോഴക്കായി ഉപയോഗപ്പെടുത്തിയെന്ന ആരോപണം മുന്‍ അനുഭവത്തിലുള്ളതാണെന്ന് ചുരുക്കം. അതേക്കുറിച്ച് അന്വേഷിക്കാനോ വസ്തുതകള്‍ പുറത്തുകൊണ്ടുവരാനോ തയ്യാറാകാതിരുന്ന വലത് – ഇടത് ഭരണക്കാര്‍ കെ എം മാണിക്ക് അവസരം തുറന്നിട്ടുകൊടുത്തുവെന്ന് പറയേണ്ടിവരും, അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വസ്തുതയാണെങ്കില്‍. കരിയറിലെ ആദ്യ ബജറ്റ് മുതല്‍ തന്നെ അതിനെ കോഴ സമാഹരിക്കുന്നതിനുള്ള ഉപാധിയായി മാണി ഉപയോഗിച്ചിരുന്നുവെന്ന ആക്ഷേപം പി സി ജോര്‍ജ് ഉന്നയിക്കുന്നുണ്ട്. അതില്‍ എന്തെങ്കിലും കഴമ്പുണ്ടോ എന്നതും പരിശോധിക്കേണ്ടതാണ്. ഒന്നും സംഭവിക്കില്ലെന്നാണ് അനുഭവജ്ഞാനം.
സോളാര്‍ പാനലുകള്‍ സ്ഥാപിച്ചുനല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുഖ്യ ആരോപണ വിധേയ സ്ഥാനത്തുള്ള സരിതാ നായരുടെ കത്താണ് മറ്റൊന്ന്. കോഴയെന്നാല്‍ കൈമാറ്റം ചെയ്യപ്പെടുകയും യന്ത്രത്താല്‍ എണ്ണപ്പെടുകയും ചെയ്യുന്ന നോട്ടുകളോ നോട്ടുകളുടെ മൂല്യം വരുന്ന സാധന സാമഗ്രികളോ മാത്രമല്ല. അധികാരസ്ഥാനത്തിരിക്കുന്നവരില്‍ നിന്ന് അനര്‍ഹമായ ആനുകൂല്യങ്ങള്‍ നേടിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ ചെയ്യുന്ന ഏത് പ്രവൃത്തിയും കോഴയുടെ നിര്‍വചനത്തില്‍ വരും. പദ്ധതികള്‍ അനുവദിച്ച് നല്‍കാമെന്നോ വ്യവസായത്തിലെ വിഷമതകള്‍ പരിഹരിച്ച് നല്‍കാമെന്നോ ഒക്കെ പറഞ്ഞ്, എന്തെങ്കിലും സൗകര്യങ്ങള്‍ അധികാരസ്ഥാനത്തിരിക്കുന്നവര്‍ ആസ്വദിക്കുന്നുവെങ്കില്‍ അതും കോഴയാണ്. ആ നിലക്ക് കത്തുകളിലെ അക്ഷരങ്ങള്‍ക്ക് വിലയുണ്ട്. ആ വിലയില്ലെങ്കില്‍, സരിതയും ആരോപണ വിധേയരായ പുരുഷ കേസരികളും പ്രായപൂര്‍ത്തി വിദ്യാഭ്യാസം നേടിയവരായതിനാല്‍ അവര്‍ക്കിടയില്‍ സംഭവിച്ചതായി പറയുന്നവ വിഹിതമോ അവിഹിതമോ എന്ന് പരതേണ്ട കാര്യമില്ല. പീഡനമോ ചൂഷണമോ നടന്നുവെങ്കില്‍ ആയതിന് നാല് വര്‍ഷത്തോളം പ്രായമായതുകൊണ്ടു തന്നെ പരാതിയുണ്ടായാല്‍ തന്നെ അവകള്‍, പ്രാഥമിക പരിശോധന പോലും കൂടാതെ മാലിന്യ സംഭരണ ബക്കറ്റിലേക്ക് തള്ളാന്‍ പോലീസിന് സാധിക്കുകയും ചെയ്യും.
നാട്ടിലാകെ സോളാര്‍ എന്ന പരിപാടി നടപ്പാക്കാന്‍ ലക്ഷ്യമിടുകയും അതിന്റെ ചുമതല സരിതയുടെ കമ്പനിയായ ടീം സോളാറിന് കൈമാറാന്‍ ആലോചിക്കുകയും ചെയ്തിരുന്നോ എന്നതാണ് പ്രധാന പ്രശ്‌നം. പുതുതായി നിര്‍മിക്കുന്ന വീടുകള്‍ക്കും വാണിജ്യ – വ്യവസായ സ്ഥാപനങ്ങള്‍ക്കും സോളാര്‍ പാനലുകള്‍ നിര്‍ബന്ധമാക്കി, നിയമം കൊണ്ടുവരികയും അതിന്റെ നടപ്പിപ്പിന് സര്‍ക്കാറിന്റെ ഏജന്‍സിയായി ടീം സോളാറിനെ ചുമതലപ്പെടുത്താനും ആലോചനയുണ്ടായിരുന്നോ എന്നതാണ് അറിയേണ്ടത്. അങ്ങനെയെങ്കില്‍ ആരോപണവിധേയരില്‍ പ്രമുഖരായി ഇപ്പോള്‍ കാണുന്ന സരിതയോ ബിജു രാധാകൃഷ്ണനോ മണിലാലോ ആവില്ല, അധികാരസ്ഥാനത്തുള്ളവരോ അവരില്‍ സ്വാധീനമുള്ളവരോ ആവും ടീം സോളാറിന്റെ യഥാര്‍ഥ മുതലാളിമാര്‍. അതുകൊണ്ട് തന്നെ റോസ് ഹൗസിലും ലോധി റോഡിലെ വസതിയിലും നടന്നതായി പറയുന്ന സംഗതികളേക്കാള്‍ പ്രധാനം, സംസ്ഥാന മന്ത്രിസഭയിലെ മുതിര്‍ന്ന അംഗത്തിന് നല്‍കിയെന്ന് പറയുന് കോഴയെക്കുറിച്ചുള്ള പരാമര്‍ശത്തിനാണ്. ഈ വലിയ പദ്ധതി നടപ്പാക്കിയെടുക്കുക എന്ന ഉദ്ദേശ്യത്തില്‍ സരിതയും അതിന് അനുമതി കൊടുക്കുന്നതിനുള്ള ഉപാധിയെന്ന നിലയില്‍ പുരുഷ കേസരികളും ലൈംഗിക ഇടപാടുകളില്‍ ഏര്‍പ്പെട്ടുവെന്നാണെങ്കില്‍ അതും കോഴയായി തന്നെ പരിഗണിക്കേണ്ടിവരും.
ഈ ഇടപാടുകളുടെ പേരുപറഞ്ഞ് ഭീഷണിപ്പെടുത്തിയാണ്, സോളാര്‍ പദ്ധതിയുടെ പേരില്‍ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വാങ്ങിയ പണം തിരികെക്കൊടുക്കാനുളള മൂലധനം സരിതയും സംഘവും കണ്ടെത്തിയതെങ്കില്‍, സ്രോതസ്സ് വ്യക്തമാക്കാന്‍ സാധിക്കാത്ത പണമാണ് പുരുഷ കേസരിമാര്‍ കൈമാറിയതെന്ന് ശങ്കാലേശം കൂടാതെ പറയാം. അതേക്കുറിച്ചും അന്വേഷിക്കേണ്ടതുണ്ട്. യഥാര്‍ഥത്തില്‍ കോഴയിടപാട് നടന്നുവെങ്കില്‍ അതൊക്കെ ശ്രദ്ധയില്‍ നില്‍ക്കാതിരിക്കുക എന്ന ഗൂഢലക്ഷ്യം, സോളാര്‍ പുറത്തുവന്ന കാലം മുതല്‍ അഭ്യൂഹമായി നിലനില്‍ക്കുകയും ഇപ്പോള്‍ പ്രത്യക്ഷമാകുകയും ചെയ്ത കത്തിനും അതിന്റെ ഉള്ളടക്കത്തിനുമുണ്ട്.
ബാര്‍, ബജറ്റ് കോഴയാരോപണങ്ങളിലും ഇതേ സ്ഥിതി കാണാനാകും. ബാര്‍ കോഴയില്‍ മാണിക്കെതിരെ ഒരു കേസ് രജിസ്റ്റര്‍ ചെയ്യുകയെങ്കിലുമുണ്ടായി. ഇതേ ഇനത്തില്‍ ആരോപണ വിധേയരായ മറ്റു മന്ത്രിമാരുടെ കാര്യത്തില്‍ അതുണ്ടായില്ല. മാണിക്കെതിരായ ബജറ്റ് കോഴയാരോപണങ്ങള്‍ വേഗത്തിലുള്ള പരിശോധന പോലും വേണ്ടെന്ന് നിശ്ചയിച്ചിരിക്കുന്നു സര്‍ക്കാര്‍. അതിനെയെല്ലാം പാര്‍ശ്വത്തിലേക്ക് നീക്കി, പി സി ജോര്‍ജിനെ വിപ്പ് സ്ഥാനത്തു നിന്ന് മാറ്റിയതും (ആ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എടുത്ത സമയം പോലും ജനശ്രദ്ധ പൂര്‍ണമായും ഇതിലേക്ക് തിരിക്കാന്‍ പാകത്തില്‍ നാടകീയത സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തിലല്ലേ എന്ന് സംശയിക്കണം) തുടര്‍ന്ന് കേരള കോണ്‍ഗ്രസി (എം) ല്‍ അരങ്ങേറുന്ന പിളര്‍ന്ന് വളരാനുള്ള ശ്രമങ്ങളും മുഖ്യ സ്ഥാനത്തേക്ക് വന്നിരിക്കുന്നു. എം എല്‍ എ സ്ഥാനം നഷ്ടമാകാതിരിക്കുക എന്ന കേവല ലക്ഷ്യം കൈവരിക്കണമെങ്കില്‍ കേരള കോണ്‍ഗ്രസി (എം)ല്‍ നിന്ന് പുറത്താക്കിക്കിട്ടണം. അതിന് വേണ്ടിയുള്ള പ്രകോപനസൃഷ്ടി മാത്രമായി ജോര്‍ജിന്റെ ആരോപണങ്ങളെ ജനം കാണുന്ന സ്ഥിതിയുണ്ടാകുകയും ചെയ്തു. കോഴയാരോപണമുയര്‍ന്നാല്‍ അന്വേഷിക്കേണ്ട പ്രാഥമിക കാര്യങ്ങളെങ്കിലും രജിസ്റ്റര്‍ ചെയ്ത കേസില്‍ വിജിലന്‍സ് ചെയ്യുന്നുണ്ടോ എന്നതില്‍ ജാഗ്രത കാട്ടാന്‍ പോലും ആരും മിനക്കെടുന്നുമില്ല.
സോളാറിലായാലും ബാറിലായാലും വലിയ ബഹളങ്ങള്‍ സൃഷ്ടിക്കും വിധത്തിലുള്ള വാര്‍ത്തകള്‍ ചമക്കപ്പെടുക മാത്രമാണ് സംഭവിക്കുന്നത്. ബഹളങ്ങള്‍ക്കിടെ, സ്വന്തം തടി രക്ഷിച്ചെടുക്കുന്നു ഭരണപക്ഷം. ഈ ബഹളങ്ങള്‍ ധാരാളം മതി, 2016 മെയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയമുണ്ടാകാനെന്ന പൂര്‍ണ വിശ്വാസത്തില്‍ പ്രതിപക്ഷവും. ആ സുന്ദര സ്വപ്‌നം യാഥാര്‍ഥ്യമായാല്‍, ഈ ആരോപണങ്ങളിലൊക്കെ അന്വേഷണമുണ്ടാകുമെന്നും വസ്തുതകള്‍ പുറത്തുവരുമെന്നും കരുതാമോ? കോഴി മുതല്‍പേരായ പൂര്‍വകാല കോഴയാരോപണങ്ങളുടെ ഗതി നോക്കുമ്പോള്‍ പ്രതീക്ഷ വേണ്ട. അന്നേക്ക്, ബഹളങ്ങള്‍ക്ക് പുതിയ വഹകളുണ്ടാകും. മെര്‍ക്കിസ്റ്റണ്‍ മുതല്‍ പൂമുടല്‍ വരെ മാതൃകകളില്‍. അപ്പോള്‍ പിന്നെ ആരെങ്കിലും ബാറിലേക്കോ സോളാറിലേക്കോ നോക്കുമോ?
ആയതിനാല്‍ മാണിക്കെതിരെ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്ത കേസും സോളാര്‍ ഇടപാടിനെക്കുറിച്ച് നടക്കുന്ന ജുഡീഷ്യല്‍ അന്വേഷണവും വേണ്ടെന്നുവെക്കാന്‍ ഭരണ – പ്രതിപക്ഷങ്ങള്‍ ഒരുമിച്ച് തീരുമാനമെടുക്കേണ്ടതാണ്. അങ്ങനെയെങ്കില്‍ അന്വേഷണ പ്രഹസനങ്ങള്‍ക്കും അതിനുശേഷം അന്തമായി നീളുന്ന നിയമനടപടികള്‍ക്കുമായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവാകുന്ന തുകയെങ്കിലും ലാഭിക്കാനാകും. പാമൊലിന്‍ പോലൊരു പാഞ്ചാലീ വസ്ത്രമായി ഈ കേസുകള്‍ ശേഷിക്കുന്നതുകൊണ്ട് ജനത്തിന് പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടാകില്ല തന്നെ. ആര്‍ ബാലകൃഷ്ണ പിള്ള, ഗണേഷ് കുമാര്‍, പി സി ജോര്‍ജ് തുടങ്ങിയവര്‍ അഴിമതിക്കെതിരായ കുരിശുയുദ്ധത്തിന് പുറപ്പെടുന്ന കാലം കലിയുടേതാകാതെ തരവുമില്ല. അഷ്ടിക്ക് വകയില്ലാത്തവന്റെ പോക്കറ്റിലെ പത്തെങ്കില്‍ പത്ത് വാങ്ങിയെടുക്കുന്ന സംവിധാനത്തെ നിസ്സംഗമായി വളമിട്ട് വളര്‍ത്തി വലുതാക്കിയവര്‍ക്കും അത് നിലനിര്‍ത്തിക്കൊണ്ടുപോകുന്നവര്‍ക്കും, നടുക്കണ്ടം തിന്നുന്നവന് പട്ടും വളയും നല്‍കി ആദരിക്കാനാണ് വിധി. ബഹളങ്ങളിലും ആഘോഷങ്ങളിലും കാണിയായി നിന്ന് ആനന്ദിപ്പാനും.