ആ ഹസ്തദാനത്തിന്റെ അര്‍ഥം

Posted on: April 13, 2015 5:32 am | Last updated: April 12, 2015 at 9:47 pm

പനാമാ സിറ്റിയില്‍ നടക്കുന്ന അമേരിക്കന്‍ രാജ്യങ്ങളുടെ ഉച്ചകോടി ചരിത്രപരമെന്ന് വിശേഷിപ്പിക്കാവുന്ന തീരുമാനങ്ങള്‍ക്കും സൗഹൃദങ്ങള്‍ക്കും നീക്കുപോക്കുകള്‍ക്കും വേദിയാകുകയാണ്. ക്യൂബയും യു എസും തമ്മിലുള്ള ബന്ധത്തില്‍ സംഭവിക്കുന്ന വിപ്ലവകരമായ പരിവര്‍ത്തനങ്ങളാണ് അതില്‍ പ്രധാനം. ക്യൂബയെന്ന കൊച്ചുരാജ്യത്തെ മുതലാളിത്തത്തിനെതിരായ പ്രതിരോധത്തിന്റെ പ്രതീകമായാണ് ലോകം കാണുന്നത്. അമേരിക്കന്‍ പിന്തുണയുള്ള ബാറ്റിസ്റ്റ ഭരണകൂടത്തെ തകര്‍ത്തെറിഞ്ഞ് ഫിഡല്‍ കാസ്‌ട്രോയുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ചരിത്രത്തിലുടനീളം ക്യൂബയെ തകര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു അമേരിക്ക. ഈ അയല്‍ക്കാര്‍ തമ്മില്‍ ഒരു നയതന്ത്രബന്ധവും ഉണ്ടായിരുന്നില്ല. കടുത്ത വ്യാപാര, സാമ്പത്തിക ഉപരോധമാണ് അമേരിക്ക ഈ രാജ്യത്തിന് മേല്‍ അടിച്ചേല്‍പ്പിച്ചത്.
എന്നാല്‍ കഴിഞ്ഞ ഡിസംബര്‍ മുതല്‍ ചിത്രം തീര്‍ത്തും മാറിയിരിക്കുന്നു. ഡസംബര്‍ 17 ന് പ്രഖ്യാപനം വന്നു, ക്യൂബയും അമേരിക്കയും തമ്മില്‍ പൂര്‍ണ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ പോകുന്നു. തുടര്‍ന്ന്, ക്യൂബക്കെതിരായ വ്യാപാര ഉപരോധവും യാത്രാവിലക്കും യു എസ് ഇളവ് ചെയ്തു. പ്രസിഡന്റ് ബരാക് ഒബാമ തന്റെ വീറ്റോ അധികാരം ഉപയോഗിച്ച് ഇറക്കിയ ഉത്തരവിലൂടെയാണ് ഈ ഇളവുകള്‍ പ്രാബല്യത്തിലാക്കിയത്. ശത്രുതയുടെ കാലത്തെ പിന്നിലാക്കി സൗഹൃദത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ പോപ്പിന്റെ നിര്‍ണായക പങ്കുണ്ടായിരുന്നു. മുതലാളിത്തത്തെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കുകയെന്ന ഉള്ളുകള്ളി അതിലുണ്ടായിരുന്നുവെങ്കിലും പോപ്പ് നടത്തിയ ഉദ്യമം പുതിയ കാലത്ത് ഏറെ ശ്ലാഘനീയം തന്നെയാണ്.
പനാമാ സിറ്റിയില്‍ അമേരിക്കാസിലുള്‍പ്പെട്ട എല്ലാ രാജ്യങ്ങളുടെയും പ്രതിനിധികള്‍ വന്നിട്ടുണ്ട്. ഉച്ചകോടിയുടെ പാര്‍ശ്വങ്ങളില്‍ നിരവധി ചര്‍ച്ചകള്‍ നടക്കുന്നുമുണ്ട്. ഇതിനിടെയാണ് ബരാക് ഒബാമ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയെ ഹസ്തദാനം ചെയ്യുകയും ഹ്രസ്വ ചര്‍ച്ച നടത്തുകയും ചെയ്തത്. നേതാക്കള്‍ ഉടന്‍ വിശദചര്‍ച്ച നടത്തും. യു എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും ക്യൂബന്‍ വിദേശകാര്യമന്ത്രി റോഡ്രിഗസും മണിക്കൂറുകള്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിത്തറയില്‍ നിന്നു കൊണ്ടാണ് റൗള്‍- ഒബാമ ഹസ്തദാനം നടന്നിരിക്കുന്നത്. അനൗദ്യോഗികം എന്ന് വൈറ്റ് ഹൗസ് വിശേഷിപ്പിന്നുണ്ടെങ്കിലും ഈ കൂടിക്കാണല്‍ പ്രസക്തമാകുന്നത് ഇതിന്റെ മുന്നോടിയായി നടന്ന ചര്‍ച്ചകളുടെയും തീരുമാനങ്ങളുടെയും പശ്ചാത്തലത്തിലാണ്. ക്യൂബയെ ഭീകരരാഷ്ട്ര പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ യു എസ് വിദേശകാര്യ വകുപ്പ് ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഉപരോധമെന്ന മാരകായുധം ഇതര രാജ്യങ്ങളെ തകര്‍ക്കാന്‍ നിരന്തരം ഉപയോഗിക്കുന്ന അമേരിക്ക തന്നെ ഉപരോധത്തിന്റെയും ഒറ്റപ്പെടുത്തലിന്റെയും കാലം കഴിഞ്ഞുവെന്ന് തെളിയിക്കുന്ന നടപടികളിലേക്ക് നീങ്ങുന്നുവെന്നത് ലോകത്തിനാകെ ആശ്വാസം പകരുന്നതാണ്. ഇറാന്റെ ആണവ വിഷയത്തിലും സമാനമായ ധാരണയിലേക്ക് നീങ്ങുകയാണ്. അമേരിക്കന്‍വിരുദ്ധ ചേരിയില്‍ ശക്തമായി നിലകൊള്ളുന്ന ലാറ്റിനമേരിക്കന്‍ രാജ്യമായ വെനിസ്വേലക്കെതിരെ യു എസ് ഏര്‍പ്പെടുത്തിയ ഉപരോധവും ഇതോടെ വലിയ ചര്‍ച്ചയാകുന്നു.
ലാറ്റിനമേരിക്കയില്‍ യു എസ് ഇടപെടലിന്റെ കാലം കഴിഞ്ഞെന്നാണ് ഒബാമ പനാമയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുന്നനുഭവഭങ്ങളുടെ വെളിച്ചത്തില്‍ ഈ പ്രഖ്യാപനം അങ്ങനെയങ്ങ് വിഴുങ്ങാന്‍ സാധ്യമല്ല. സത്യത്തില്‍ ക്യൂബ, ഇറാന്‍ തുടങ്ങിയവരുമായുള്ള ബന്ധത്തില്‍ പരിഷ്‌കരണത്തിന് അമേരിക്ക തയ്യാറാകുന്നുവെങ്കില്‍ അതിനര്‍ഥം അമേരിക്കക്ക് അത് അനിവാര്യമാണ് എന്നാണ്. കുറച്ച് കൂടി അടുത്ത് നിന്ന് നോക്കിയാല്‍, ഒബാമക്ക് ഈ സൗഹൃദങ്ങള്‍ അനിവാര്യമാണെന്ന് മനസ്സിലാകും. ഈ ഹസ്തദാനത്തിന്റെ സമയം വളരെ പ്രധാനമാണ്. ക്യൂബക്ക് ശക്തമായ പിന്തുണ നല്‍കുന്ന വെനിസ്വേലയില്‍ ഹ്യൂഗോ ഷാവേസ് യുഗത്തിന്റെ അന്ത്യം വലിയ രാഷ്ട്രീയ പ്രതിസന്ധികളുടെ നാളുകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നു. അവിടെ മദുറോക്ക് അടി പതറുകയാണ്. എണ്ണ വിലയിടിവിന്റെ പ്രശ്‌നങ്ങള്‍ വേറെയും. ക്യൂബ വഴി ലാറ്റിനമേരിക്കയിലേക്കുള്ള കടന്നുകയറ്റത്തിനുള്ള സമയമിതാണെന്ന് യു എസ് കണക്കുകൂട്ടുന്നു. മാത്രമല്ല, അമേരിക്ക സൗഹൃദത്തിലാകുന്നത് ആന്തരികമായി മാറിക്കഴിഞ്ഞ ക്യൂബയുമായാണ്. 2011 ഏപ്രില്‍ ചേര്‍ന്ന, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ക്യൂബയുടെ 14-ാം കോണ്‍ഗ്രസ് ചരിത്രത്തെ കീഴ്‌മേല്‍ മറിച്ചിട്ട നിര്‍ണായക തീരുമാനങ്ങളാണ് കൈകൊണ്ടത്. മതം, സ്വകാര്യ സ്വത്ത്, ഭരണ നേതൃത്വം തുടങ്ങിയ മേഖലകളില്‍ വന്‍ പരിഷ്‌കാരങ്ങള്‍ക്കാണ് വിപ്ലവത്തിന് ശേഷം നടക്കുന്ന അഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസ് അനുമതി നല്‍കിയത്. അത്‌കൊണ്ട് സ്വന്തം വ്യക്തിത്വം അടിയറവെച്ചാണ് ക്യൂബ ഈ ഹസ്തദാനം നേടിയെടുക്കുന്നതെന്ന് ആശങ്കപ്പെടേണ്ടി വരും. മുതലാളിത്തത്തിന് ബദലായി ഏതാനും രാജ്യങ്ങളെങ്കിലും സോഷ്യലിസ്റ്റ് പാതയില്‍ നിലനില്‍ക്കേണ്ടിയിരിക്കുന്നു.
തീര്‍ച്ചയായും പുതിയ ലോകം പരസ്പരാശ്രിതത്വത്തിന്റെയും സൗഹൃദത്തിന്റെയുമാണ്. എന്നാല്‍ സൗഹൃദം പരസ്പരം ബഹുമാനിച്ചു കൊണ്ടാകണം. മറിച്ച് അത് മൂടിവെച്ച ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണത്തിനാകരുത്. അമേരിക്കയില്‍ ഭാവിയില്‍ വരുന്ന ഭരണാധികാരികള്‍ ക്യൂബന്‍ ബന്ധത്തെ എങ്ങനെ ഉപയോഗിക്കുമെന്നത് പ്രധാനമാണ്. വിപ്ലവ നേതാവ് ഫിഡല്‍ കാസ്‌ട്രോ പറഞ്ഞതാണ് ഇത്തരണുത്തില്‍ ഏറെ പ്രസക്തം. അദ്ദേഹം പറഞ്ഞു: ‘അമേരിക്കയുമായുള്ള ബന്ധം നേരെയാക്കുന്നതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. പക്ഷേ അതിന്റെ പേരില്‍ സ്വന്തം രാഷ്ട്രീയ ക്രമം ബലികഴിക്കരുത്’