Connect with us

Gulf

ഗ്ലോബല്‍ വില്ലേജിന് തിരശ്ശീല വീണു

Published

|

Last Updated

ദുബൈ: ഗ്ലോബല്‍ വില്ലേജിന്റെ 19-ാമത് എഡിഷന് ഇന്നലെ തിരശ്ശീല വീണു.157 ദിവസം നീണ്ട വിനോദ-വിജ്ഞാന-സാംസ്‌കാരിക പരിപാടികള്‍ക്കാണ് ഇതോടെ സമാപനമായിരിക്കുന്നത്. 50 ലക്ഷം സന്ദര്‍ശകരാണ് ഈ സീസണില്‍ ഗ്ലോബല്‍ വില്ലേജില്‍ എത്തിയതെന്നാണ് ഏകദേശ കണക്ക്. അവസാന ദിനങ്ങളുടെ ഭാഗമായി ഉല്ലാസത്തിനും വിനോദത്തിനും ഉതകുന്ന നിരവധി പ്രത്യേക പരിപാടികള്‍ അരങ്ങേറിയിരുന്നു. സമാപന ദിവസം വൈകീട്ട് നാലിന് ആരംഭിച്ച പരിപാടികള്‍ പുലര്‍ച്ചെ രണ്ടിനാണ് അവസാനിച്ചത്. ഓരോ വര്‍ഷവും സന്ദര്‍ശകരുടെ എണ്ണത്തില്‍ പുതിയ റെക്കാര്‍ഡാണ് ഗ്ലോബല്‍ വില്ലേജില്‍ സംഭവിക്കുന്നത്. യു എ ഇയിലെ പ്രമുഖ ബാന്റ് സംഘമായ റൂഹിന്റെ പ്രത്യേക പരിപാടിയും സമാപനത്തോടനുബന്ധിച്ച് നടന്നിരുന്നു. വിവിധ ബാന്റ് സംഘങ്ങളുടെ മത്സരവും ഒരുക്കിയിരുന്നു. 3,500 ഔട്‌ലെറ്റുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. 31 പവലിയനുകള്‍, 25 റസ്റ്റോറന്റുകള്‍, 150 മാടക്കടകള്‍ എന്നിവ ഇതില്‍ ഉള്‍പെട്ടിരുന്നു. 12,000 സാംസ്‌കാരിക-വിനോദ പരിപാടികള്‍ക്കും മേളക്ക് തിരശ്ശീല വീണതോടെ സമാപനമായി.

Latest