Connect with us

Wayanad

മേല്‍പ്പാലമോ തുരങ്കമോ നിര്‍മിക്കാന്‍ തയ്യാറാകണം: പ്രകൃതി സംരക്ഷണ സമിതി

Published

|

Last Updated

കല്‍പ്പറ്റ: ബന്ദിപ്പൂര്‍ ദേശീയ ഉദ്യാനത്തിലൂടെ കടന്നു പോകുന്ന പാതകളില്‍ നിലനില്‍ക്കുന്ന ഗതാഗത നിരോധം മൂലമുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് കര്‍ണാടകയിലെ മഥൂര്‍ മുതല്‍ മുത്തങ്ങ വരെ തുരങ്കമോ മേല്‍പ്പാലമോ നിര്‍മിക്കാന്‍ കേരള-കര്‍ണാടക സര്‍ക്കാറുകളും ദേശീയ ഹൈവേ അതോറിറ്റിയും സംയുക്തമായി തീരുമാനിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇത്തരമൊരു ഉറപ്പ് സുപ്രീം കോടതി മുഖേന നേടിയെടുക്കാനുള്ള തന്ത്രങ്ങള്‍ക്ക് നിലവിലുള്ള നിസ്സംഗത വെടിഞ്ഞ് കേരളാ സര്‍ക്കാര്‍ അടിയന്തിരമായി പഠനത്തിനും പരിസ്ഥിതി അനുമതിക്കുമായി കൂട്ടായ ശ്രമം വേണം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ദേശീയ പാത 212ല്‍ പകല്‍ സമയത്തെ ഗതാഗതം നാലിരട്ടിയായി വര്‍ധിച്ചതായും പഠനങ്ങള്‍ തെളിയിക്കുന്നതായും അവര്‍ പറഞ്ഞു. ഇത് വന്യജീവി സൈ്വര വിഹാരത്തിന് തടസ്സമാണ്. വിശാലമായ ബന്ദിപ്പൂര്‍-നാഗര്‍ഹൊളെ വയനാട് വനമേഖലയിലെ വേനല്‍കാലത്തെ ഏക സ്രോതസ്സായ നൂഗുനദി ദേശീയ പാതക്ക് സമാന്തരമായാണ് ഒഴുകുന്നത്. നദിയിലേക്കുള്ള വന്യജീവികളുടെ സഞ്ചാര പഥത്തിന് റോഡിലെ വാഹനപ്പെരുപ്പം ഭംഗം നേരിടുന്നുണ്ട്. തുരങ്കമോ മേല്‍പ്പാലമോ മാത്രമാണ് പ്രശ്‌നത്തിന് പരിഹാരമെന്നും അവര്‍ പറഞ്ഞു. കര്‍ണാടക സര്‍ക്കാര്‍ ബദല്‍പ്പാതയായി വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ഹുന്‍സൂര്‍-കുട്ട-മാനന്തവാടി റോഡ് വയനാട് വന്യജീവിത കേന്ദ്രത്തിന്റെ മര്‍മ കേന്ദ്രത്തിലൂടേയും രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്കിന്റെ അരികിലൂടെയുമാണ് കടന്നു പോകുന്നത്. തുരങ്കമോ മേല്‍പ്പാലമോ വരുന്നതോടെ ഈ റോഡിലൂടെയുള്ള ഗതാഗതം കുട്ട മുതല്‍ കാട്ടിക്കുളം വരെ നിരോധിക്കണം. രാത്രായാത്രാ നിരോധത്തിന് എതിരെ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങള്‍ ജനപിന്തുണയില്ലാത്ത പ്രഹനസനങ്ങള്‍ മാത്രമാണെന്നും അവര്‍ ആരോപിച്ചു. സമീപകാല സമരങ്ങളുടെ പരാജയം ഇത് വ്യക്തമാക്കുന്നതായും അവര്‍ പറഞ്ഞു. കുറച്ചു കച്ചവടക്കാര്‍, വയനാട്ടില്‍ തീവണ്ടി യജ്ഞം നടത്തി ക്ഷീണിച്ചു പോയ ആക്ഷന്‍ കമ്മിറ്റിക്കാര്‍, നികുതി വെട്ടിപ്പ്, ടൂറിസം റിസോര്‍ട്ട് ലോബിയുടെ കങ്കാണിമാര്‍, വിദേശ പണം പറ്റുന്ന ചില മത സംഘടനകള്‍ എന്നിവര്‍ അടങ്ങിയ ബത്തേരിയിലെ ഒരു ചെറു സംഘം കോടതികളെ സമരം കൊണ്ട് നേരിടാമെന്ന് വ്യാമോഹിക്കുകയാണെന്നും അവര്‍ ആരോപിച്ചു. രാത്രിഗതാഗതം നിരോധിച്ച കര്‍ണാടക ഹൈക്കോടി വിധിക്കെതിരെ കേരളാ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജിയില്‍ വിചാരണ അന്തിമ ഘട്ടത്തിലാണ്.രാത്രിഗതാഗതം പൂര്‍ണമായും എടുത്ത് കളയണമെന്ന് കേരളത്തിന് വേണ്ട് ഹാജരായ സീനിയര്‍ അഡ്വ. ഗോപാല്‍ സുബ്രമണ്യം ആവശ്യമുന്നയിച്ചിട്ടില്ലെന്നും രാത്രി കാലത്ത് മൂന്ന് തവണ കോണ്‍വായ് അടിസ്ഥാനത്തില്‍ ഗതാഗതം അനുവദിക്കണമെന്നുമാത്രമാണ് ആവശ്യപ്പെട്ടതെന്നും അവര്‍ പറഞ്ഞു. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എച്ച് എല്‍ ദത്തു ഈ ആവശ്യം അപ്പോള്‍ തന്നെ തള്ളിക്കളഞ്ഞു. ബന്ദിപ്പൂര്‍ വനത്തില്‍ കൊല്ലപ്പെട്ട വന്യജീവികളുടെ എണ്ണം പെരുപ്പിച്ചതാണെന്നും കര്‍ണാടക ഹൈക്കോടതിയെ വയനാട് പ്രകൃതി സംരക്ഷണ സമിതിയും കര്‍ണാടക വനം വകുപ്പും തെറ്റിദ്ധരിപ്പിച്ചതാണെന്നുമുള്ള ഗോപാല്‍ സുബ്രമണ്യത്തിന്റെ വാദവും ചീഫ് ജസ്റ്റീസ് തള്ളിക്കളഞ്ഞതായി അവര്‍ പറഞ്ഞു. കര്‍ണാടകയും കേരളവും ചര്‍ച്ച ചെയ്ത് തുറക്കാനാണ് രണ്ട്മാസം നല്‍കിയതെന്ന പച്ചക്കള്ളമാണ് വയനാട്ടില്‍ ഇപ്പോള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നു അവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് എന്‍ ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍, ട്രഷറര്‍ സണ്ണി മരക്കടവ് എന്നിവര്‍ പങ്കെടുത്തു.

Latest