സ്ലാബുകള്‍ക്കിടയില്‍ കാല്‍ കുടുങ്ങി; ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി

Posted on: April 12, 2015 11:55 am | Last updated: April 12, 2015 at 11:55 am

ഗുരുവായൂര്‍: റോഡരികിലെ ഓവുചാലിന്റെ സ്ലാബുകള്‍ക്കിടയില്‍ കാല് കുടുങ്ങി പതിനഞ്ച് മിനിറ്റോളം കിടന്ന യുവാവിനെ ഫയര്‍ ഫോഴ്‌സെത്തി രക്ഷപ്പെടുത്തി. ഗുരുവായൂര്‍ പ്രൈവറ്റ് ബസ്റ്റാന്റിനടുത്തുള്ള ഡ്യൂട്ടിപെയ്ഡ് ഷോപ്പിലെ ജീവനക്കാരന്‍ പണിക്കവീട്ടില്‍ ജമാലുദ്ദീനാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് ചായ കുടിക്കാന്‍ പോകുമ്പോഴായിരുന്നു സംഭവം. വലതുകാല്‍ സ്ലാബുകള്‍ക്കിടയിലൂടെ മുട്ടുവരെ താഴ്ന്നു പോകുകയായിരുന്നു.
കടക്കാരും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സെത്തി ഹൈഡ്രോളിക് ഉപകരണമുപയോഗിച്ച് സ്ലാബുകള്‍ മാറ്റിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. കാലിന് പരിക്കേറ്റ ജമാലുദ്ദീനെ മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.