ഷൂട്ടിംഗില്‍ അപൂര്‍വിക്ക് ഒളിമ്പിക്‌സ് യോഗ്യത

Posted on: April 12, 2015 6:24 am | Last updated: April 12, 2015 at 10:25 am

46886525ന്യൂഡല്‍ഹി: കൊറിയയിലെ ചാങ്ക്‌വോണില്‍ നടക്കുന്ന ഐ എസ് എസ് എഫ് ലോകകപ്പില്‍ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ വെങ്കലം നേടി ഇന്ത്യയുടെ അപൂര്‍വി ചന്ദേല അടുത്ത വര്‍ഷം നടക്കുന്ന ഒളിമ്പിക് മത്സരങ്ങളിലേക്ക് യോഗ്യത നേടി. 185.6 പോയിന്റില്‍ ഫിനിഷ് ചെയ്താണ് കോമ്മണ്‍വെല്‍ത്ത് സ്വര്‍ണമെഡല്‍ ജേത്രി ഇന്നലെ വെങ്കലമണിഞ്ഞത്. ക്രോയേഷ്യയുടെ പെജ്‌സിക് സ്‌നെസാന സ്വര്‍ണവും സെര്‍ബിയയുടെ ഇവാന മാക്‌സിമോവിക് വെള്ളിയും നേടി.
ഐ എസ് എസ് എഫ് ലോകകപ്പില്‍ മെഡല്‍ നേടുക തന്റെ ദീര്‍ഘകാലത്തെ സ്വപ്‌നമായിരുന്നെന്നും നേട്ടത്തില്‍ സന്തോഷിക്കുകയാണെന്നും അപൂര്‍വി പറഞ്ഞു. അടുത്ത വര്‍ഷം നടക്കുന്ന റിയോ ഓളിമ്പിക്‌സില്‍ മെഡല്‍ നേടുകയാണ് ഇനി തന്റെ ലക്ഷ്യമെന്നും വെങ്കല നേട്ടത്തിന് ശേഷം അപൂര്‍വി പ്രതികരിച്ചു. അതിന് മുമ്പ് ഇനിയും ഏറെ മെഡലുകള്‍ നേടണം. വിജയങ്ങള്‍ കൂടുതല്‍ ആത്മവിശ്വാസം ഉണ്ടാക്കും. അതുകൊണ്ട് ഒളിമ്പിക്‌സിന് മുമ്പ് ഇനിയും ഏറെ മത്സരങ്ങളില്‍ മെഡല്‍ നേടേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. മെഡല്‍ നേട്ടത്തിന് തനിക്ക് എല്ലാ പിന്തുണയും തന്നെ ദേശീയ റൈഫിള്‍സ് അസോസിയേഷന് (എന്‍ ആര്‍ എ ഐ) അപൂര്‍വി നന്ദി പറഞ്ഞു.
വിജയത്തില്‍ എന്‍ ആര്‍ എ ഐ അപൂര്‍വിയെ അനുമോദിച്ചു. ഒളിമ്പിക്‌സ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ രണ്ടാം ക്വാട്ട ഉറപ്പിച്ച അപൂര്‍വിയുടെ നേട്ടത്തില്‍ അസോസിയേഷന്‍ സന്തുഷ്ടരാണെന്ന് പ്രസിഡന്റ് റനീന്ദര്‍ സിംഗ് പറഞ്ഞു.