ഡല്‍ഹിയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കുന്നു

Posted on: April 12, 2015 5:50 am | Last updated: April 12, 2015 at 8:50 am

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ വിവിധ സ്ഥലങ്ങളില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കാന്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ക്യാമറകള്‍ സ്ഥാപിക്കേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് നല്‍കാന്‍ സര്‍ക്കാര്‍ ഡല്‍ഹി പോലീസ് മേധാവിയോടാവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. തലസ്ഥാനത്ത് വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്‌സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കുന്നത്. പൗരന്മാരുടെ പ്രത്യേകിച്ച് സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉടന്‍ തന്നെ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. പല സംഭവങ്ങളിലും പോലീസ് കേസെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാറിന് നിരവധി പരാതിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനറുതി വരുത്താന്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലും സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കും. ഇതിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കും. തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ തലസ്ഥാനത്ത് 15 ലക്ഷത്തോളം ക്യാമറകള്‍ സ്ഥാപിക്കുമെന്ന് എ എ പി വാഗ്ദാനം ചെയ്തിരുന്നു. എല്ലാ ബസുകളിലും ഒരു സെക്യൂരിറ്റി ഗാര്‍ഡിന്റെ സേവനമുണ്ടാകുമെന്നും വാഗ്ദാനം നല്‍കിയിരുന്നു. ബരാക് ഒബാമ ഇന്ത്യയിലെത്തിയപ്പോള്‍ ഡല്‍ഹിയില്‍ 15,000 സി സി ടിവികള്‍ സ്ഥാപിച്ചെങ്കില്‍ നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും വേണ്ടി എന്ത് കൊണ്ട് ഇതിലും കൂടുതല്‍ ക്യാമറകള്‍ സ്ഥാപിച്ചുകൂടെന്ന് എ എ പി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ചോദിച്ചു.