Connect with us

International

യു എസ്- ക്യൂബ ശീതസമരത്തിന്റെ മഞ്ഞുരുക്കി ഒബാമയുടെയും റൗള്‍ കാസ്‌ട്രോയുടെയും ഹസ്തദാനം

Published

|

Last Updated

ഒബാമയും റൗള്‍ കാസ്‌ട്രോയും പരസ്പരം ഹസ്തദാനം നടത്തുന്നു

പനാമ സിറ്റി: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയും പനാമയില്‍ നടക്കുന്ന ഉച്ചകോടിക്കിടെ ഹസ്തദാനം നടത്തി. യു എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണിന്റെയും മറ്റു പല നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഹസ്തദാനം. ചരിത്രപരമായ മുന്നേറ്റമായാണ് ഇതിനെ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ അര നൂറ്റാണ്ടിലധികമായി നിലനിന്ന ശത്രുതക്ക് ഒരളവോളം അയവ് വന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇരു നേതാക്കളും തമ്മില്‍ നടത്തിയ ഹസ്തദാനത്തെ വ്യാഖ്യാനിക്കുന്നത്. 2013ല്‍ ജോഹന്നാസ്ബര്‍ഗില്‍ വെച്ച് നെല്‍സണ്‍ മണ്ടേലയുടെ സ്മാരകത്തില്‍ വെച്ച് ഇരു നേതാക്കളും ചെറിയ രൂപത്തില്‍ ഹസ്തദാനം നടത്തിയിരുന്നു. 21 വര്‍ഷത്തിനിടക്ക് ഇതാദ്യമായാണ് ക്യൂബന്‍ നേതാവ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്നത്.
റൗള്‍ കാസ്‌ട്രോയുമായുള്ള കൂടിക്കാഴ്ച ഒബായമയുടെ ഔദ്യോഗിക പരിപാടിയുടെ ഭാഗമായിരുന്നില്ല. ക്യൂബയുമായി നല്ലബന്ധം സ്ഥാപിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് രണ്ടാമതും അധികാരത്തിലേറിയ ശേഷം അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കിയിരുന്നു.
ഭീകരരാജ്യങ്ങളുടെ കരിമ്പട്ടികയില്‍ നിന്ന് ക്യൂബയെ ഒഴിവാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഒബാമ ഉച്ചകോടിയില്‍ നടത്തിയേക്കുമെന്നാണ് സൂചന. ഈ ആവശ്യം നേരത്തെ ക്യൂബ ഉന്നയിക്കുകയും ചെയ്തിരുന്നു. പനാമയില്‍ നടക്കുന്ന ഉച്ചകോടിക്കിടെ, ഇരു രാജ്യങ്ങളും നയതന്ത്ര ചര്‍ച്ചകള്‍ പുനരാരംഭിക്കാനും ധാരണയായിട്ടുണ്ട്.
ഉച്ചകോടിയുടെ മുന്നോടിയായി ഇരു രാജ്യങ്ങളും വിദേശകാര്യമന്ത്രിതല ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച റൗള്‍ കാസ്‌ട്രോയും ഒബാമയും ഫോണ്‍ വഴി ആശയവിനിമയം നടത്തിയിരുന്നു. യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും ക്യൂബന്‍ വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്‌റിഗസും തമ്മിലാണ് ഉന്നതതല ചര്‍ച്ച നടത്തിയത്.
പതിറ്റാണ്ടുകളായി നയതന്ത്രബന്ധം പോലുമില്ലാതെ ഇരുരാജ്യങ്ങളും ശത്രുതയിലായിരുന്നു. 1958 ലാണ് ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ തമ്മില്‍ അവസാനമായി ചര്‍ച്ച നടത്തിയത്.

Latest