Connect with us

International

ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്‌ലാമി നേതാവിന്റെ വധശിക്ഷ ഉടന്‍ നടപ്പാക്കും

Published

|

Last Updated

ധാക്ക: 1971ലെ സ്വാതന്ത്ര്യസമര കാലത്ത് നടന്ന കൂട്ടക്കൊലയുടെ പേരില്‍ ബംഗ്ലാദേശിലെ ജമാത്തെ ഇസ്ലാമി നേതാവ് മുഹമ്മദ് ഖമറുസ്സമാനിന്റെ വധശിക്ഷ ഉടന്‍ നടപ്പാക്കുമെന്ന് സൂചന. ഇദ്ദേഹം നല്‍കിയ അപ്പീലുകള്‍ നേരത്തെ കോടതി തള്ളിയിരുന്നു. എന്നാല്‍ പ്രസിഡന്റിനു ദയാഹര്‍ജി സമര്‍പ്പിക്കാന്‍ ഇയാള്‍ മുന്നോട്ടുവന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് വധശിക്ഷ ഉടന്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. മുഹമ്മദ് ഖമറുസ്സാമാന്റെ വധശിക്ഷ ഇന്നലെ രാത്രി നടപ്പാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കുന്ന കോടതി 2013 മേയിലാണ് ഖമറുസ്സമാനിന് വധ ശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ ഹരജി ബംഗ്ലാദേശിലെ പരമോന്നത നീതിപീഠം തള്ളിക്കളഞ്ഞിരുന്നു.
പാക്കിസ്ഥാന്റെ ഭാഗമായിരുന്ന ബംഗ്ലാദേശിനെ സ്വതന്ത്ര്യമാക്കാന്‍ വേണ്ടി നടന്ന പോരാട്ടങ്ങള്‍ക്കിടെ വടക്കന്‍ പ്രദേശത്ത് ഒറ്റപ്പെട്ടു കിടക്കുന്ന സോഹഗ്പൂര്‍ ഗ്രാമത്തില്‍ കൂട്ടക്കൊല നടത്തിയെന്നാണ് ഖമറുസ്സമാനിനെതിരെയുള്ള കുറ്റം. അന്നു മുതല്‍ വിധവമാരുടെ ഗ്രാമം എന്നാണ് ഈ ഗ്രാമം അറിയപ്പെടുന്നത്. കുറഞ്ഞത് 120 കര്‍ഷകരെ നിരത്തിനിര്‍ത്തി വെടിവെക്കുകയായിരുന്നെന്നാണ് കേസ്. ഇന്നലെ രാവിലെ ശിക്ഷ നടപ്പാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നു. ഇതിന്റെ കാരണം വ്യക്തമല്ല.