നിയമനിര്‍മാണ സഭകളില്‍ ചര്‍ച്ചകള്‍ നടക്കാത്തത് ഭരണഘടനാവിരുദ്ധം: സുധീരന്‍

Posted on: April 12, 2015 5:21 am | Last updated: April 12, 2015 at 12:22 am

തിരുവനന്തപുരം: പാര്‍ലിമെന്റിലും നിയമസഭകളിലും ജനങ്ങളുടെ ആശയാഭിലാഷങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നത് ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധവും ജനാധിപത്യ സംവിധാനത്തിന് നിരക്കാത്തതുമാണെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. പാര്‍ലിമെന്ററി സംവിധാനം ഉചിതമായ രീതിയില്‍ ഉപയോഗപ്പെടുത്താതെ സഭ സ്തംഭിപ്പിക്കുക എന്നത് അടുത്തകാലത്ത് പതിവായിരിക്കുകയാണ്. സര്‍ക്കാറിനെ വിമര്‍ശിക്കാനും, വേണ്ടിവന്നാല്‍ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കാനും വ്യവസ്ഥകളുണ്ട്. അതൊന്നും ഉപയോഗിക്കാതെ കൈയൂക്കിന്റെയും ശബ്ദശക്തിയുടെയും കായികശക്തിയുടെയും കേളീരംഗമായി നിയമ നിര്‍മാണസഭകളെ അധഃപതിപ്പിക്കുന്നത് സ്വാതന്ത്ര്യസമരപ്പോരാട്ടങ്ങളിലൂടെ നാം നേടിയെടുത്ത ജനാധിപത്യസ്വാതന്ത്ര്യത്തിന്റെ നേട്ടങ്ങളെയും ലക്ഷ്യങ്ങളെയും ഇല്ലാതാക്കാനേ ഉപകരിക്കുകയുള്ളൂവെന്ന് സുധീരന്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്കറുടെ 125-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കെ പി സി സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ അദ്ദേഹത്തിന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തശേഷം പ്രസംഗിക്കുകയായിരുന്നു സുധീരന്‍.
കെ പി സി സി വൈസ് പ്രസിഡന്റ് എന്‍ പീതാംബരക്കുറുപ്പ് അധ്യക്ഷത വഹിച്ചു. കെ മുരളീധരന്‍ എം എല്‍ എ, കൊടിക്കുന്നില്‍ സുരേഷ് എം പി, തമ്പാനൂര്‍ രവി, പാലോട് രവി, ബിന്ദു കൃഷ്ണ, കെ വിദ്യാധരന്‍, തലേക്കുന്നില്‍ ബഷീര്‍, പ്രൊഫ. ജി ബാലചന്ദ്രന്‍, മണ്‍വിള രാധാകൃഷ്ണന്‍, ടി ശരത്ചന്ദ്രപ്രസാദ്, മണക്കാട് സുരേഷ്, ജി രതികുമാര്‍, എം വിന്‍സെന്റ് പ്രസംഗിച്ചു.