രാത്രികാല യാത്രാ നിരോധനം: കേരള-കര്‍ണാടക ചര്‍ച്ച 15ന്‌

Posted on: April 12, 2015 5:59 am | Last updated: April 13, 2015 at 12:32 am
SHARE

കല്‍പ്പറ്റ: എന്‍ എച്ച് 212 ലെ രാത്രികാല യാത്രാ നിരോധ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി കേരള – കര്‍ണാടക മുഖ്യമന്ത്രിമാര്‍ ചര്‍ച്ച നടത്തുന്നു. ഈ മാസം 15ന് രാവിലെ 11ന് ബെംഗളൂരുവിലെ വിധാന്‍ സൗധയിലെ ഓഫീസിലാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പുറമെ, വനം ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രി ജയലക്ഷ്മി, എം പിമാരായ എം ഐ ഷാനവാസ്, എം കെ രാഘവന്‍, എം എല്‍ എ മാരായ ഐ സി ബാലകൃഷ്ണന്‍, ശ്രേയാംസ്‌കുമാര്‍, കേരള ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി, വനം വകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുക്കും. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പുറമെ വനം, ഗതാഗത മന്ത്രിമാരും മറ്റു ഉദ്യോഗസ്ഥരും പങ്കെടുക്കും.
കേസ് സുപ്രീം കോടതിയുടെ പരിഗണനക്ക് വന്നപ്പോള്‍ കേരളത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ അഭിപ്രായ പ്രകാരമാണ് ഇരു സര്‍ക്കാറുകളും തമ്മില്‍ ചര്‍ച്ച നടത്താന്‍ തീരുമാനമായത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായതിനു ശേഷം ഇത് മൂന്നാമത്തെ പ്രാവശ്യമാണ് ഇതേ വിഷയത്തിനായി എം പിമാര്‍, എം എല്‍ എ മാര്‍ അടക്കമുള്ളവര്‍ ബെംഗളൂരുവിലേക്ക് പോകുന്നത്.