അജ്മാനില്‍ കൂറ്റന്‍ പാര്‍പ്പിട സമുച്ഛയം ഉയരുന്നു

Posted on: April 11, 2015 7:58 pm | Last updated: April 11, 2015 at 7:58 pm

IMG-20150410-WA0011അജ്മാന്‍: അനുദിനം വളരുന്ന അജ്മാനില്‍ കൂറ്റന്‍ പാര്‍പ്പിട സമുച്ഛയം ഉയരുന്നു. നുഐമിയ ഭാഗത്താണ് നൂറോളം നിലകളുള്ള പാര്‍പ്പിട സമുച്ഛയം. ഇതില്‍ ഏകദേശം 700 ഓളം ഫഌറ്റുകളുണ്ടാവുമെന്നാണറിയുന്നത്. സമുച്ഛയത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. താമസിയാതെ പൂര്‍ത്തിയാകും.

വില സംബന്ധിച്ച വിവരങ്ങള്‍ അറിവായിട്ടില്ല. നുഐമി ടവറുകള്‍ക്കു സമീപത്താണ് ഈ കെട്ടിട സമുച്ഛയവും. നുഐമിയ ടവറുകള്‍ പ്രശസ്തമാണ്. ബ്രൗണ്‍ കളറുകളുള്ളവയാണ് നുഐമിയ ടവറുകള്‍. ഇതര കെട്ടിടങ്ങളില്‍ നിന്നു വ്യത്യസ്തമാണ് ഇവ. ഇപ്പോള്‍ ഉയരുന്ന കെട്ടിട സമുച്ഛയത്തിന്റെ നിറവും ബ്രൗണാണ്.
താമസക്കാരും, വ്യാപാരികളും ഏറെ പ്രതീക്ഷയോടെയാണ് ഈ പാര്‍പ്പിട സമുച്ഛയത്തെ കാണുന്നത്. അജ്മാനില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കൂറ്റന്‍ കെട്ടിടങ്ങളിലൊന്നാണിത്. നിരവധി പാര്‍പ്പിട സമുച്ഛയങ്ങള്‍ എമിറേറ്റില്‍ നിര്‍മാണം പൂര്‍ത്തിയായി വരികയാണ്. ഇതോടെ താമസ സൗകര്യം വര്‍ധിക്കും.
രാജ്യത്ത് വളരെ വേഗത്തില്‍ വളരുന്ന എമിറേറ്റുകളിലൊന്നാണ് അജ്മാന്‍. ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കാണ് പ്രധാന പരിഗണന.
ഗതാഗത രംഗത്തും വന്‍ പുരോഗതിയാണ് അജ്മാന്‍ കൈവരിച്ചിട്ടുള്ളത്. അതേസമയം, ഇതര എമിറേറ്റുകളോടൊപ്പം അജ്മാനിലും അടുത്തിടെ കെട്ടിട വാടകയില്‍ വന്‍വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഭീമമായ വര്‍ധനവാണ് ഉണ്ടായതെന്ന് മലയാളികളായ ചില താമസക്കാര്‍ പറഞ്ഞു. ഇതിനു പുറമെ താമസകെട്ടിടത്തിലെ വാഹനപാര്‍ക്കിംഗിന്റെ ഫീസും വര്‍ധിപ്പിച്ചതായും ഒരു താമസക്കാരന്‍ പറഞ്ഞു. താമസ വാടകയും, പാര്‍ക്കിംഗ് വാടകയും ഒന്നിച്ചു കൂട്ടിയത് കനത്ത ആഘാതമായതായും ഇയാള്‍ പറഞ്ഞു.
നേരത്തെ വാടകകുറഞ്ഞ എമിറേറ്റുകളിലൊന്നായിരുന്നു അജ്മാന്‍. അതുകൊണ്ട് തന്നെ സമീപ എമിറേറ്റുകളില്‍ നിന്നു മലയാളികളുള്‍പ്പെടെ നിരവധി കുടുംബങ്ങള്‍ ഇവിടത്തേക്ക് താമസം മാറ്റിയിരുന്നു. ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ വാടക കൂടിയപ്പോഴായിരുന്നു ഇത്. എന്നാല്‍ മറ്റു എമിറേറ്റുകളെ അപേക്ഷിച്ച് അജ്മാനിലും വാടകയില്‍ കുറവൊന്നുമില്ലെന്നാണ് പറയുന്നത്.