Connect with us

Gulf

വേള്‍ഡ് എക്‌സ്‌പോക്ക് ഇനി 2020 ദിനങ്ങള്‍

Published

|

Last Updated

ദുബൈ: യു എ ഇ ജനത കാത്തിരിക്കുന്ന വാണിജ്യ മാമാങ്കമായ ദുബൈ വേള്‍ഡ് എക്‌സ്‌പോ 2020ന് ഇനി 2020 ദിനങ്ങള്‍ മാത്രം. ഇന്നലെയാണ് വേള്‍ഡ് എക്‌സ്‌പോക്കുള്ള കൗണ്ട്ഡൗണിന് തുടക്കമായത്. ഇന്ന് നേരം പുലരുന്നതോടെ ഇത് 2019 ദിനങ്ങളായി ചുരുങ്ങും. മധ്യപൗരസ്ത്യദേശവും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളും ഉള്‍പെടുന്ന മേഖല ആദ്യമായാണ് ഇത്തരത്തില്‍ ഒരു മഹാസംഭവത്തിന് സാക്ഷിയാവാന്‍ പോകുന്നത്. 2020 ഒക്ടോബര്‍ 20നാണ് ദുബൈ വേള്‍ഡ് എക്‌സ്‌പോ 2020 ന് തുടക്കമാവുക. ദശലക്ഷക്കണക്കിന് ജനങ്ങളാവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എക്‌സ്‌പോക്ക് സാക്ഷിയാവാന്‍ ദുബൈയിലേക്ക് എത്തുക. ആറു മാസം നീളുന്നതാണ് ഈ മഹാമേള.

ലോകത്തിന്റെ കണ്ണും കാതുമെല്ലാം ദുബൈയില്‍ വട്ടമിടുന്ന കാലമായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു എ ഇ രൂപീകൃതമായതിന്റെ 50ാം വര്‍ഷികത്തിലാണ് ദുബൈയിലേക്ക് എക്‌സ്‌പോ വരുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇന്ററാക്ടീവ് എക്‌സ്പീരിയന്‍ഷ്യല്‍ സോണ്‍, ആര്‍ട് ഷോ തുടങ്ങിയ ഒട്ടനവധി പരിപാടികള്‍ ദുബൈ വേള്‍ഡ് എക്‌സ്‌പോയുടെ മുന്നോടിയായി ഒരുക്കുന്നുണ്ട്. ദുബൈ വേള്‍ഡ് എകസ്‌പോക്കായി പ്രത്യേക ലോഗോ തയ്യാറാക്കല്‍ മത്സരവും നടത്തുന്നുണ്ട്.
ദുബൈ വേള്‍ഡ് എക്‌സ്‌പോ 2020നായി രാജ്യം സജ്ജമായിരിക്കുകയാണെന്നും യു എ ഇയുടെ ചരിത്രത്തിലെ അവിസ്മരണീയമായ മഹൂര്‍ത്തമായി എക്‌സ്‌പോ കാലം മാറുമെന്നും യു എ ഇ സഹമന്ത്രിയും ദുബൈ എക്‌സ്‌പോ 2020 ഹയര്‍ കമ്മിറ്റി എം ഡിയുമായ റീം ഇബ്രാഹീം അല്‍ ഹാശിമി വ്യക്തമാക്കി. രാജ്യത്തെയും ജനങ്ങളെയും ഈ മഹാസംഭവത്തിനായി സജ്ജമാക്കികൊണ്ടിരിക്കയാണ്. 1851ലാണ് വേള്‍ഡ് എക്‌സ്‌പോക്ക് തുടക്കമായത്. ചിരപുരാതനമായ ഇത്തരം ഒരു മഹാസംഭവത്തിന് ആതിഥ്യമരുളാന്‍ അവസരം ലഭിച്ചത് മഹാഭാഗ്യമായാണ് രാജ്യവും ജനങ്ങളും കരുതുന്നത്. യു എ ഇ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന സുദിനത്തില്‍ ഇത്തരം ഒന്നിന് ആതിഥ്യമേകാന്‍ ഭാഗ്യം ലഭിച്ചുവെന്നത് അവിസ്മരണീയമായ കാര്യമാണെന്നും അവര്‍ പറഞ്ഞു.
ദുബൈ വേള്‍ഡ് എക്‌സ്‌പോയുടെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി എക്‌സ്‌പോ 2020 ബ്യൂറോ സ്ഥാപിച്ചിരുന്നു. ദേശീയവും രാജ്യാന്തരവുമായ എക്‌സ്‌പോയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഓഹരിയുടമകളുടെ താല്‍പര്യം കൂടി സംരക്ഷിക്കാന്‍ ബ്യൂറോക്ക് തുടക്കമിട്ടത്. ബ്യൂറോ ഇന്റര്‍നാഷനല്‍ ഡെസ് എക്‌സ്‌പോസിഷന്‍സു(ബി ഐ ഇ)മായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ദുബൈ കൈകോര്‍ത്ത് പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ബി ഐ ഇയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ അഭിമാനമുണ്ട്. എക്‌സ്‌പോ 2020മായി ബന്ധപ്പെട്ട് ദുബൈ ആവിഷ്‌ക്കരിക്കുന്ന പദ്ധതികള്‍ ബി ഐ ഇയെ അധികൃതരെ ധരിപ്പിക്കും. ആവിഷ്‌ക്കരിച്ചിരിക്കുന്ന പദ്ധതികളിലൂടെ എക്‌സ്‌പോ വിജയകരമായി നടത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിനും മധ്യപൗരസ്ത്യ ദേശത്തിനും ലോകത്തിനും തികച്ചും ക്രിയാത്മകമായ ഒരു എക്‌സ്‌പോയാണ് ലക്ഷ്യമിടുന്നതെന്നും റീം ഇബ്രാഹീം പറഞ്ഞു.
മിനാസ(മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക ആന്‍ഡ് ഏഷ്യ)യിലെ ആദ്യ എക്‌സ്‌പോ എന്തുകൊണ്ടും ലോകം ഓര്‍ക്കുന്ന ഒന്നായി മാറ്റാനാണ് ദുബൈ പരിശ്രമിക്കുന്നത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശ പ്രകാരമാണ് ബ്യൂറോ സ്ഥാപിച്ചിരിക്കുന്നത്. എക്‌സ്‌പോ നിയമപ്രകാരം ഇത്തരം ഒരു ബ്യൂറോ തുറക്കേണ്ടത് ആവശ്യമാണ്. ദേശീയവും രാജ്യാന്തരവുമായ ഓഹരി ഉടമകളുടെ താല്‍പര്യവും ഇതിലൂടെ സംരക്ഷിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അല്‍ ഹാഷിമി പറഞ്ഞു.
വിജയകരമായ ഒരു എക്‌സ്‌പോ എന്നത് തികച്ചും വെല്ലുവിളി നിറഞ്ഞ ഒന്നാണെന്ന് എക്‌സ്‌പോ 2020 ദുബൈ ഹയര്‍ കമ്മിറ്റി അംഗവും ദുബൈ ഏവിയേഷന്‍ സിറ്റി കോര്‍പറേഷന്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ഖലീഫ അല്‍ സാഫിനും വ്യക്തമാക്കിയിരുന്നു.
എക്‌സ്‌പോ 2020 തുടങ്ങു മ്പോഴേക്കും യു എ ഇ ലോകമെങ്ങുമുള്ള പ്രൊഫഷണലുകളുടെ മുഖ്യ കേന്ദ്രമാവുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. പ്രമുഖ പ്രൊഫഷണല്‍ ശൃംഖലയായ ലൈക്ക്ഡ് ഇന്‍ നടത്തിയ ഗവേഷണമാണ് ഇത്തരത്തില്‍ ഒരു സാധ്യത വെളിപ്പെടുത്തുന്നത്. രാജ്യത്തേക്ക് ഇപ്പോഴുള്ളതിലും രണ്ടിരട്ടി പ്രൊഫഷണലുകള്‍ എത്തും. 2013ല്‍ 49,000 ലൈക്കിഡ് ഇന്‍ അംഗങ്ങളാണ് യു എ ഇയിലേക്ക് മാറിയത്. ഏറ്റവും വലിയ പ്രൊഫഷണല്‍ ശൃംഖലയായ ലൈക്ക്ഡ് ഇന്നിന് യു എ യില്‍ 10 ലക്ഷം അംഗങ്ങളും മിന(മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക) മേഖലയില്‍ ഒരു കോടി അംഗങ്ങളുമാണുള്ളത്.
ഇന്ത്യ, യു കെ, യു എസ് എ, ഖത്തര്‍, സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാവും പ്രൊഫഷണലുകള്‍ എത്തുക. രാജ്യത്ത് എക്‌സ്‌പോ 2020ന്റെ ഭാഗമായി രണ്ടു ലക്ഷം തൊഴില്‍ അവസരങ്ങളാവും സൃഷ്ടിക്കപ്പെടുക. വേള്‍ഡ് എക്‌സ്‌പോക്കായുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചിരിക്കുന്നത് രാജ്യത്തെ ജനങ്ങളില്‍ പ്രത്യേകിച്ചും ദുബൈ നിവാസികളില്‍ വന്‍ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.

Latest