കൊളത്തൂര്‍ ബ്ലാക്ക് മെയിലിംഗ് കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

Posted on: April 11, 2015 8:54 am | Last updated: April 11, 2015 at 8:54 am

പെരിന്തല്‍മണ്ണ: കൊളത്തൂര്‍ ബ്ലാക്ക് മെയിലിംഗ് കേസില്‍ ഒരാള്‍ കൂടി പോലീസ് പിടിയില്‍. കോഴിക്കോട് കക്കൊടി മേരിക്കര ഊറളം കാവ് രഹ്‌നയാണ് (27) ് പോലീസ് പിടിയിലായത്.
വെള്ളിയാഴ്ച രാവിലെ 9.30ന് പുളിക്കല്‍ കുറിയേടം എന്ന സ്ഥലത്ത് വെച്ച് പെരിന്തല്‍മണ്ണ സി ഐ കെ എം ബിജുവും മലപ്പുറം ജില്ലാ പോലീസ് ചീഫ് ദേബേഷ് കുമാര്‍ ബഹ്‌റയുടെ കീഴിലുള്ള ഷാഡോ പോലീസും പ്രത്യേക അന്വേഷണ സംഘവും ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
2012 നവംബറിലാണ് കേസിനാസ്പദമായ സംഭവം. കൊളത്തൂര്‍ പോലീസ് പരിധിയിലെ ഓണപ്പുട സ്വദേശിയെ പെണ്‍വാണിഭ സംഘത്തിലെ ഇടനിലക്കാര്‍ സ്ത്രീകളെ മുന്‍ നിര്‍ത്തി ലൈംഗികമായി ഉപയോഗിച്ച് പിന്നീട് സംഘത്തില്‍ ഉള്‍പ്പെട്ട സ്ത്രീകള്‍ രോഗമുള്ളതായി അഭിനയിച്ച് സംഘത്തിലെ ഇടനിലക്കാര്‍ അവരെ ഭീഷണിപ്പെടുത്തുകയായിരുന്നു.
കൂടാതെ ഓണപ്പുട സ്വദേശിയുടെ ഉമടസ്ഥതയിലുള്ള 15 സെന്റ് സ്ഥലവും വീടും കൈവശപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് കൊളത്തൂര്‍ പോലീസില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്.
ഈ കേസിലെ കൊണ്ടോട്ടി ചിറക്കല്‍ സ്വേദശി നിസാര്‍ ബാബു, എടപ്പാള്‍ ചേകനൂര്‍ വട്ടംകുലം ബശീര്‍ എന്ന മുത്തു, ബശീറിന്റെ ഭാര്യ എന്നിവരെ കഴിഞ്ഞ ഫെബ്രുവരിയില്‍ പെരിന്തല്‍മണ്ണയില്‍ അറസ്റ്റ് ചെയ്യുകയും കോടിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.
ഇവരെ ചോദ്യം ചെയ്തതില്‍ കോഴിക്കോട്-മലപ്പുറം ജില്ലകളിലായി സ്ത്രീകളെ ഉപയോഗിച്ച് നടത്തിയ ബ്ലാക്ക് മെയിലിംഗ് കേസുകളുടെയും പെണ്‍വാണിഭ കേസുകളുടെയും വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ പിന്നീട് രണ്ട് മാസത്തോളം പോലീസ് തുടരന്വേഷണത്തിലായിരുന്നു.
ഈ സംഘത്തിലെ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നതായി മാവൂര്‍ സ്വദേശികളെ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഈ പ്രതിയും ഇടനിലക്കാരായ സ്ത്രീകളും ഉള്‍പ്പെട്ട സംഘം ചാലിശ്ശേരി സ്വദേശിയായ ഒരാളെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടയിലാണ് അന്വേഷണ സംഘത്തിന്റെ പിടിയിലാകുന്നത്.
പെരിന്തല്‍മണ്ണ ഡി വൈ എസ് പി പി എം പ്രദീപ്കുമാറിന്റെ നിര്‍ദേശ പ്രകാരം സി ഐ കെ എം ബിജു എസ് ഐ മുരളിധരന്‍ പ്രത്യേക അന്വേഷണ സംഘത്തിലേയും ടൗണ്‍ ഷാഡോ പോലീസിലേയും അന്വേഷണ ഉദ്യോഗസ്ഥരുമാണ് പ്രതിയെ പിടികൂടിയതും കേസിന്റെ തുടരന്വേഷണം നടത്തുന്നതും.