Connect with us

Kozhikode

സ്‌കൂള്‍ അവധി: കുട്ടിഡ്രൈവര്‍മാരും അപകടവും വര്‍ധിക്കുന്നു

Published

|

Last Updated

താമരശ്ശേരി: സ്‌കൂള്‍ അവധി ആരംഭിച്ചതോടെ ബൈക്കപകടങ്ങള്‍ പെരുകുന്നു. ജില്ലയില്‍ പത്ത് ദിവസത്തിനിടെയുണ്ടായ ബൈക്കപകടങ്ങളില്‍ ജീവന്‍ പൊലിഞ്ഞവരിലും പരുക്കേറ്റവരിലും ബഹുഭൂരിപക്ഷവും വിദ്യാര്‍ഥികളാണെന്നത് രക്ഷിതാക്കളെ അലോസരപ്പെടുത്തുകയാണ്. വ്യാഴാഴ്ച രാത്രി കൊയിലാണ്ടി വെറ്റിലപ്പാറയിലും താമരശ്ശേരി പെരുമ്പള്ളിയിലുമുണ്ടായ ബൈക്കപകടങ്ങളില്‍ നാല് വിദ്യാര്‍ഥികളാണ് മരിച്ചത്. മൂന്ന് പേര്‍ വീതം സഞ്ചരിച്ച ബൈക്കുകളാണ് ബസ്സുകളിലിടിച്ചത്. പെരുമ്പള്ളിയില്‍ നിയന്ത്രണം വിട്ട ബൈക്ക് എതിരെവന്ന കെ എസ് ആര്‍ ടി സി ബസ്സിനുള്ളില്‍ അകപ്പെടുകയായിരുന്നു. കൊടുവള്ളി ചുണ്ടപ്പുറം പുതിയേടത്ത് ചന്ദ്രന്‍ നായരുടെയും പാലക്കുണ്ടത്തില്‍ സതീദേവിയുടെയും മകന്‍ അനുലാല്‍ (വിഷ്ണു 14), ആറങ്ങോട് മലയില്‍തൊടുകയില്‍ നാസറിന്റെ മകന്‍ അമീന്‍ നസീര്‍ മുഹമ്മദ്(16) എന്നിവരാണ് മരിച്ചത്. സുഹൃത്ത് ഞെള്ളോറമ്മല്‍ പ്രഭാകരന്റെ മകന്‍ ഷാമില്‍(22) ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകീട്ട് ദേശീയപാതയില്‍ വട്ടക്കുണ്ട് പാലത്തില്‍ മൂന്ന് പേര്‍ സഞ്ചരിച്ച ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരുക്കേറ്റിരുന്നു. കോടഞ്ചേരി പുതിയേടത്ത് ഭരത്ബാബു(21), ജിന്റോ(20) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടെയുണ്ടായിരുന്ന സുഹൃത്ത് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ബുധനാഴ്ച അടിവാരം നൂറാംതോട് റോഡില്‍ ബൈക്ക് മറിഞ്ഞ് പത്താംക്ലാസ് വിദ്യാര്‍ഥിക്ക് പരുക്കേറ്റിരുന്നു.
അവധി ആഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് ബൈക്കില്‍ ചുറ്റാന്‍ രക്ഷിതാക്കള്‍ അനുമതി നല്‍കുന്നതാണ് ദുരന്തം ക്ഷണിച്ചുവരുത്തുന്നത്. രക്ഷിതാക്കളുടെ ബൈക്കുമായാണ് പലരും റോഡിലിറങ്ങുന്നത്. മിക്ക ബൈക്കുകളിലും മൂന്ന് പേര്‍ ഉണ്ടാകുന്നതിനാല്‍ ബൈക്ക് നിയന്ത്രിക്കാന്‍ കഴിയില്ല. റോഡ് സുരക്ഷാ ബോധവത്കരണം ഫലം കാണണമെങ്കില്‍ കുട്ടി ഡ്രൈവര്‍മാര്‍ക്ക് കടിഞ്ഞാണിടണമെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നത്.

Latest