കിംഗ്‌സ് ഇലവനെതിരെ രാജസ്ഥാന് ജയം

Posted on: April 11, 2015 12:02 am | Last updated: April 11, 2015 at 12:02 am

James Faulkner top-scored with 46 for Rajasthan vs Punjab.പൂനെ: രാജസ്ഥാന്‍ റോയല്‍സ് പടുത്തുയര്‍ത്തിയ 165 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് കിംഗ്‌സ് ഇലവന് അടിതെറ്റി. 8 വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് എടുക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളു. രാജസ്ഥാന് 26 റണ്‍സ് വിജയം.
നേരത്തെ ടോസ് നേടിയ പഞ്ചാബ് കിംഗ്‌സ് ഇലവന്‍ രാജസ്ഥാന്‍ റോയല്‍സിനെ ബാറ്റിംഗിനയക്കുകയായിരുന്നു. രഹാനെയും സാംസണുമാണ് ഓപ്പണിംഗ് ഇറങ്ങിയത്. സന്ദീപ് ശര്‍മയുടെ ആദ്യ ഓവറില്‍ രാജസ്ഥാന് റണ്‍ ഒന്നുമെടുക്കാനായില്ല. തുടര്‍ന്നുള്ള രണ്ട് ഓവറുകളില്‍ അവര്‍ക്ക് അജിങ്ക്യ രഹാനെയെയും സഞ്ജു സാംസണെയും നഷ്ടമായി. സ്‌കോര്‍: 15/2. പകരമെത്തിയ സ്മിത് 23 പന്തില്‍ നിന്ന് 33 റണ്‍സടിച്ചെടുത്ത് 11ാം ഓവറില്‍ മിച്ചല്‍ ജോണ്‍സണ് വിക്കറ്റ് നല്‍കി മടങ്ങി. 33 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത ജെയിംസ് ഫോക്‌നറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. ദീപക് ഹൂഡ 15 ബോളില്‍ നിന്ന് 30ഉം സ്റ്റുവര്‍ട് ബിന്നി 13 റണ്‍സുമെടുത്ത് പുറത്തായി. പഞ്ചാബിന് വേണ്ടി അനുരീത് സിംഗ് മൂന്നും മിച്ചല്‍ ജോണ്‍സന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടിക്കിറങ്ങിയ പഞ്ചാബിനെ ഞെട്ടിച്ച് ആദ്യ പന്തില്‍ തന്നെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ സെവാഗ് ടിം സൗത്തിയുടെ പന്തില്‍ സഞ്ജു സാംസണ് ക്യാച്ച് നല്‍കി മടങ്ങി. 37 റണ്‍സ് എടുത്ത മുരളി വിജയ് സ്‌കോര്‍ പടുത്തുയര്‍ത്തുന്നതിനിടയില്‍ റണ്‍ഔട്ടായി. ഒമ്പതാം ഓവറില്‍ സ്‌കോര്‍ 64ല്‍ എത്തിനില്‍ക്കുമ്പോഴായിരുന്നു ഈ നാലാം വിക്കറ്റ് നഷ്ടം. ഡേവിഡ് മില്ലര്‍ 23ഉം അക്ഷര്‍ പട്ടേല്‍ 24ഉം ജോര്‍ജ് ബെയ്‌ലി 24ഉം റണ്‍സെടുത്ത് പോരാടിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല. രാജസ്ഥാന്റെ ജെയിംസ് ഫോക്‌നര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.