പഴയ മുന്‍സിപ്പല്‍ പ്രദേശത്തെ ഉപഭോക്താക്കളില്‍ നിന്ന് അധിക നിരക്ക് ഈടാക്കുന്നതായി പരാതി

Posted on: April 11, 2015 5:56 am | Last updated: April 10, 2015 at 11:56 pm

തൃശൂര്‍: കോര്‍പറേഷന്‍ വൈദ്യുതി വിഭാഗം പഴയ മുന്‍സിപ്പല്‍ പ്രദേശത്തെ വൈദ്യുതി ഉപഭോക്താക്കളില്‍ നിന്ന് സേവനങ്ങള്‍ക്ക് അധിക നിരക്ക് ഈടാക്കുന്നുവെന്ന് കൗണ്‍സിലര്‍ ജോണ്‍ കഞ്ഞിരത്തിങ്കല്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വൈദ്യുതി ബോര്‍ഡിലെ സേവന നിരക്കുകള്‍ അതേപടി അംഗീകരിച്ച കൗണ്‍സില്‍ തീരുമാനം വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവും നിലനില്‍ക്കുന്ന സഹാചര്യത്തിലാണ് അധിക നിരക്ക് ഈടാക്കുന്നതെന്ന് കൗസിലര്‍ പറഞ്ഞു.
കോര്‍പറേഷന്റെ ഈ നടപടി നിയമ വിരുദ്ധവും പ്രതിഷേധാര്‍ഹവുമാണ്. കോര്‍പറേഷന്‍ വൈദ്യുതി വിഭാഗം ബോര്‍ഡിനേക്കാള്‍ അധിക നിരക്ക് ഈടാക്കുന്നതില്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വവും തേറമ്പില്‍ രാമകൃഷ്ണന്‍ എം എല്‍ എ യും നിലപാട് വ്യക്തമാക്കണം.
ഒരു മെഗാവാട്ട് സോളാര്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ 12 കോടി രുപയാണ് ചെലവ് വരുന്നത്്്്. എന്നാല്‍ കോര്‍പറേഷന്‍ പദ്ധതിക്ക് 20 കോടി രുപയാണ് ചെലവ്.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് ടെന്‍ഡറില്ലാതെ എല്‍ ഇ ഡി ലൈറ്റ് വാങ്ങാന്‍ സര്‍ക്കാര്‍ അനുമതിയുള്ള സാഹചര്യത്തില്‍ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ഇരട്ടി നിരക്കില്‍ ലൈറ്റുകള്‍ വാങ്ങിയത് കോര്‍പറേഷന്‍ വൈദ്യുതി വിഭാഗത്തിന് ചെലവ് അമിതമായി കൂടുന്നതിന് കാരണമായി. വൈദ്യുതി കണക്ഷന് ബോര്‍ഡില്‍ 2150 രൂപ വാങ്ങുമ്പോള്‍ കോര്‍പറേഷനില്‍ 2350 രൂപ വാങ്ങുന്നു. വൈദ്യുതി പോസ്റ്റ് മാറ്റത്തിന് 13,000 രൂപ വാങ്ങുമ്പോള്‍ കോര്‍പറേഷനില്‍ 24,500 രൂപ വാങ്ങുന്നു. കൂടാതെ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുവാനും, ഇരട്ടി ചാര്‍ജ്ജ് ഈടാക്കുന്നുവെന്നും റഗുലേറ്ററി കമ്മീഷന്‍ സിറ്റിംഗില്‍ ഉയര്‍ന്നു വന്ന പരാതികളാണ്. കോര്‍പറേഷന്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന മറ്റു സേവനങ്ങള്‍ക്കും കോര്‍പറേഷന്‍ വൈദ്യുതി വിഭാഗം ബോര്‍ഡിനേക്കാള്‍ അധിക ചാര്‍ജ്ജ് വാങ്ങുന്നുവെന്നതാണ് വസ്തുത. വൈദ്യുതി ഡ്യൂട്ടി ഇനത്തില്‍ സര്‍ക്കാര്‍ നിയമ വിരുദ്ധമായി 40 വര്‍ഷത്തെ കുടിശ്ശിക 25 കോടി രൂപക്കുള്ള റവന്യൂ റിക്കവറി നടപടി ഒഴിവാക്കുന്നതിനും വൈദ്യുതി മന്ത്രിക്ക് നിവേദനം നല്‍കുന്നതിന് പോലും കോര്‍പറേഷന്‍ നേതൃത്വത്തിന് കഴിയാത്തത് വൈദ്യുതി വിഭാഗത്തിന്റെ നിലനില്‍പ്പിന് ഭീഷണിയിലേക്ക് നയിക്കുമെന്നും ജോണ്‍ പറഞ്ഞു. കെ എസ് ഇ ബി കോണ്‍ക്രീറ്റ് പോസ്റ്റുകള്‍ ഉപയോഗിക്കുമ്പോള്‍ കോര്‍പറേഷന്‍ ഉപയോഗിക്കുന്നത് ഇരുമ്പ് പോസ്റ്റുകളാണെന്നും , കെ എസ് ഇ ബി കണക്ഷന്‍ നല്‍കാന്‍ അലുമിനിയം കമ്പി ഉപയോഗിക്കുമ്പോള്‍ കോര്‍പറേഷന്‍ ചെമ്പു കമ്പി ഉപയോഗിക്കുന്നുവെന്നുമാണ് കോര്‍പറേഷന്റെ വാദം. ഇതൊന്നും ഉപഭോക്താവ് അറിയേണ്ടതിന്റെ ആവശ്യമില്ല. കുറഞ്ഞ നിരക്കില്‍ നിയമാനുസൃതമായ നിരക്കാണ് ഈടാക്കാനാകൂ. കൗണ്‍സില്‍ തീരുമാനവും റഗുലേറ്ററി കമ്മീഷന്‍ ഉത്തരവും സ്വീകാര്യമല്ലെന്നും വൈദ്യുതി ബോര്‍ഡ് നിരക്കില്‍ സേവനം നല്‍കാന്‍ കോര്‍പറേഷന് സാധ്യമല്ലെന്നുമാണ് റഗുലേറ്ററി കമ്മീഷന്‍ മുഖേനയുള്ള അസി. സെക്രട്ടറിയുടെ നിലപാട്. ഇതിന് അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്് ആരാണെന്ന് മേയര്‍ വ്യക്തമാക്കണം. ഇതിന് ഭരണ നേതൃത്വം പിന്തുണ നല്‍കുകയാണ്. ഇത്തരത്തില്‍ കോര്‍പറേഷന്‍ ജനങ്ങളെ ചൂഷണം ചെയ്യുകയാണെന്നും ഇതിനെതിരെ മുനിസിപ്പല്‍ പരിധിയിലുള്ള ജനങ്ങളെ വലിയ തോതില്‍ ബോധവത്കരിക്കുമെന്നും ജോണ്‍ പറഞ്ഞു.