Connect with us

Articles

പഴങ്ങളില്‍ വിഷം ചേര്‍ക്കുന്ന മരണ വ്യാപാരികള്‍

Published

|

Last Updated

കാര്‍ബൈഡ് ചേര്‍ത്ത് മാങ്ങ പഴുപ്പിക്കുന്ന ടെക്‌നിക് നാം മനസ്സിലാക്കിയിട്ട് ഏറെക്കാലമായിട്ടില്ല. മൂക്കാത്തതും പഴുക്കാത്തതുമായ മാങ്ങ ആന്ധ്രയില്‍ നിന്നും കര്‍ണാടകയില്‍ നിന്നും കണ്ടയ്‌നറുകളില്‍ കുത്തിനിറച്ച് കൊണ്ടുവരുമ്പോള്‍ കാര്‍ബൈഡ് പുകച്ച് പഴുപ്പിക്കുന്ന രീതി ആരോഗ്യ പ്രശ്ങ്ങള്‍ സൃഷ്ടിക്കുന്നതായി വാര്‍ത്തയുണ്ടായിരുന്നു. ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തെത്താന്‍ ലോറികള്‍ എടുക്കുന്ന സമയത്തിനനുസരിച്ച് കാര്‍ബൈഡിന്റെ ഡോസ് കണ്ടയ്‌നറില്‍ വെക്കുകയാണ്. കേരളത്തിലെത്തുമ്പോള്‍ മാങ്ങ പഴുത്തിരിക്കും. ഗ്യാരന്റിയാണ്. ഇതോടൊപ്പം മാങ്ങ കാര്‍ബൈഡിന്റെ നല്ലൊരു പങ്ക് വലിച്ചെടുത്തിട്ടുമുണ്ടാകും.
ഇത് മനുഷ്യ ശരീരത്തിലെത്തിയാല്‍ കണ്ണുകളെയും ശ്വാസകോശത്തെയും മാരകമായി ബാധിക്കുന്നു. കാത്സ്യം കാര്‍ബൈഡ് മാങ്ങയില്‍ മാത്രമല്ല ഉപയോഗിക്കുന്നത്. പച്ചക്കറികള്‍ പാകമാക്കാനും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ത്വക്കും കണ്ണും തൊലിയും വായയും തൊണ്ടയും ചൊറിയാന്‍ കാത്സ്യം കാര്‍ബൈഡ് കാരണമാകുന്നു. തൊലിയിലെ അള്‍സറിന് കാരണമാകുന്ന കാര്‍ബൈഡ് വന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കാണ് വഴിവെക്കുന്നതെന്ന് ഗവേഷണ ഫലങ്ങള്‍ തെളിയിക്കുന്നു.
ഈയടുത്താണ് തണ്ണിമത്തനില്‍ നിറം നല്‍കുന്നതിനും മധുരം കൂട്ടാനും രാസപദാര്‍ഥങ്ങള്‍ കുത്തിവെക്കുന്നതായി വാര്‍ത്ത വന്നത്. പാവയ്ക്ക, വഴുതന, മത്തങ്ങ, തക്കാളി എന്നിവയിലും വിഷകരമായ രാസപദാര്‍ഥങ്ങള്‍ കുത്തിവെക്കുന്നതായി വ്യക്തമായിട്ടുണ്ട്. പച്ച നിറമുള്ള പച്ചക്കറികളുടെ നിറം മാറാതെ നില്‍ക്കാനും തിളക്കം നിലനിര്‍ത്താനും വാടിപ്പോകാതിരിക്കാനും ക്ലോറോഫില്‍ ഉപയോഗിക്കുന്നു. ദിവസങ്ങളോളം “ഫ്രഷ്‌നസ്” നിലനിര്‍ത്തുന്നതിന് വേണ്ടായാണ് മൊത്ത വ്യാപാരികളും ചില്ലറ വ്യാപാരികളും കര്‍ഷകരും ഇത് ഉപയോഗിക്കുന്നത്.
പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും നല്ല വില കിട്ടണം. അതാണ് വില്‍പ്പനക്കാരുടെ ലക്ഷ്യം. അതുപയോഗിക്കുന്ന ആബാലവൃദ്ധം ജനങ്ങളുടെ ആരോഗ്യ കാര്യമൊന്നും അവര്‍ക്ക് പ്രശ്‌നമല്ല. അങ്ങനെ വരുമ്പോള്‍ അവര്‍ മരണ വ്യാപാരികളായി മാറുന്നു. മനുഷ്യ ജീവനുകള്‍ അവര്‍ക്ക് വെറും ഉപഭോക്താവ് മാത്രം. വിഷം തളിയ്ച്ചും നിറം നിലനിര്‍ത്തുക, ഉത്പന്നങ്ങള്‍ ആകര്‍ഷകമാക്കിവെക്കുക, എത്രയും പെട്ടെന്ന് വിറ്റ് തീര്‍ക്കുക- ലളിതമാണ് ലക്ഷ്യം. പക്ഷേ, ക്രൂരമാണ് കാര്യം.
ഇതിനായി അവര്‍ ഉപയോഗിക്കുന്ന മരുന്നുകളില്‍ പ്രധാനപ്പെട്ടത് ഓക്‌സിസൈറ്റോസിന്‍ ആണ്. ഗര്‍ഭിണികളായ സ്ത്രീകളില്‍ പ്രസവം സുഗമമായി നടക്കുന്നതിന് വേണ്ടി വഴുവഴുപ്പ് ഉണ്ടാക്കുന്നതിനും പ്രസവം ഉദ്ദീപിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന, വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഇഞ്ചക്ഷനാണ് പച്ചക്കറികളില്‍ നിറം നിലനിര്‍ത്താന്‍ കുത്തിവെക്കുന്നത്. പഴങ്ങള്‍ കൂടുതല്‍ വലുതാകുന്നതിനും ഇത് ഉപയോഗിക്കുന്നുണ്ടത്രേ.
കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കുന്നതിന് വേണ്ടി എരുമകളില്‍ ഓക്‌സിസൈറ്റോസിന്‍ ഉപയോഗിക്കുന്നവരുണ്ട്. മൃഗങ്ങളിലും പച്ചക്കറികളിലും പഴങ്ങളിലും എത്തുന്ന ഓക്‌സിസൈറ്റോസിന്‍ മനുഷ്യനിലെത്താന്‍ ഒരു പ്രയാസവുമില്ല. പച്ചക്കറികളില്‍ പച്ച നിറം നിലനിര്‍ത്താനുതകുന്ന ഓക്‌സിസൈറ്റോസിനും മറ്റു മാരക രാസപദാര്‍ഥങ്ങളും ഡല്‍ഹിയിലും മുംബൈയിലും ഡല്‍ഹിയിലും വ്യാപകമായി നിര്‍മിക്കപ്പെടുന്നുണ്ട്. ലൈസന്‍സോ മറ്റു രേഖകളോ ഇല്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇത്തരം രാസവസ്തു നിര്‍മാണ ശാലകള്‍ മറ്റു സ്ഥലങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നതായും പറയുന്നു. ഓക്‌സിസൈറ്റോസിന്‍ അനവധി രോഗങ്ങളാണ് ഉണ്ടാക്കുന്നത്. പ്രധാനമായും ഹോര്‍മോണുകളുടെ താളം തെറ്റിക്കുന്നു. വയറ്റില്‍ അസുഖം, ഛര്‍ദി, തലവേദന, രക്തസമ്മര്‍ദം, മനം പിരട്ടല്‍ എന്നിവയാണ് ഓക്‌സിസൈറ്റോസിന്‍ ഉണ്ടാക്കുന്ന പ്രധാന അസുഖങ്ങള്‍. ഉത്പാദനേന്ദ്രിയ ഹോര്‍മോണുകളില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ കുട്ടികളില്‍ വളര്‍ച്ചാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.
പഴവര്‍ഗങ്ങള്‍ പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന മറ്റൊരു രാസവസ്തുവാണ് ഇത്തെഫോണ്‍. കാത്സ്യം കാര്‍ബൈഡ് ഈര്‍പ്പവുമായി സന്ധിക്കുമ്പോള്‍ അസൈറ്റിലീന്‍ ഉണ്ടാകുന്ന പോലെ ഇത്തെഫോണ്‍ എത്തീലിന്‍ ഉദ്പാദിപ്പിക്കുന്നു. ഇത് വാഴപ്പഴങ്ങള്‍ പഴുപ്പിക്കാന്‍ ഉപയോഗിക്കുന്നു. ആപ്പിള്‍, ഓറഞ്ച്, അത്തിപ്പഴം, മുളക്, കാപ്‌സിക്കം, കാപ്പി എന്നിവയും പഴുപ്പിക്കുന്നതിനും എത്തിലീന്‍ ഉപയോഗിക്കുന്നുണ്ട്. വാതകമായി മാറുന്ന ഈ ഹോര്‍മോണ്‍ ശ്വസിക്കുന്നത് മാരകമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമാണ്. നാഡീവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന എത്തിലീന്‍ കണ്ണ്, തൊലി, ശ്വാസകോശം എന്നിവയെ നശിപ്പിക്കുന്നു. ഓര്‍മശക്തി കുറയ്ക്കുന്നു. ഇത്തെഫോണ്‍ എന്ന രാസപദാര്‍ഥമാണ് എത്തിലീന്‍ ഉത്പാദനത്തിന് മുമ്പൊക്കെ ഉപയോഗിച്ചിരുന്നതെങ്കില്‍, ഇന്ന് കുറേക്കൂടി വീര്യം കൂടിയ ബി എത്തിലീനാണ് പഴങ്ങള്‍ വേഗത്തില്‍ പാകാമാകാന്‍ ഉപയോഗിക്കുന്നത്. ബി എത്തിലീന്‍ എത്തിലീനേക്കാള്‍ വീര്യം കൂടിയ രാസപദാര്‍ഥമായതിനാല്‍, ആരോഗ്യ പ്രശ്‌നങ്ങളും ഇതുമൂലം കൂടുതലാണ്. പച്ചക്കറിയില്‍ ഉപയോഗിക്കുന്ന പല രാസപദാര്‍ഥങ്ങളും വയറ്റില്‍ ക്യാന്‍സര്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ടെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു. തണ്ണിമത്തനില്‍ മധുരം കൂട്ടുന്നതിന് ഉപോഗിക്കുന്ന ഫ്രക്‌റ്റോസ് എന്ന രാസവസ്തു കിഡ്‌നി തകരാറിലാക്കുന്നതിനും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കും പ്രമേഹത്തിനും ക്യാന്‍സറിനും കാരണമാകുന്നുണ്ട്. ഫ്രക്‌റ്റോസ് ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന യൂറിക് ആസിഡിന് അമിത വണ്ണം, രക്തസമ്മര്‍ദം, ഹൃദ്രോഗം എന്നിവയുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഇന്‍സുലിന്‍ പ്രതിരോധം പ്രമേഹം വര്‍ധിക്കാന്‍ കാരണമാകുന്നത് വലിയ പ്രശ്‌നങ്ങള്‍ക്ക് വഴി വെക്കുന്നു. പച്ചക്കറികളില്‍ നിറം നിലനിര്‍ത്താന്‍ മെല ചൈറ്റ് ഗ്രീന്‍ ഉപയോഗം സര്‍വസാധാരണമാണ്.
വഴുതന കേടുവരാതിരിക്കാന്‍ അമിതമായ കീടനാശിനി പ്രയോഗം നടക്കുന്നുണ്ട്. മുന്തിരി കീടനാശിനിയില്‍ മുക്കിയെടുക്കുന്നത് ഇന്ന് വാര്‍ത്തയല്ലാതായിരിക്കുന്നു. ന്യൂ ഡല്‍ഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ ഇന്ത്യയില്‍ പച്ചക്കറികളില്‍ 106 ഇനം കീടനാശിനികള്‍ ഉപയോഗിക്കുന്നുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതില്‍ ബഹുഭൂരിപക്ഷവും പാശ്ചാത്യ നാടുകളില്‍ നിരോധിച്ചവയാണ്.
ചെറി പഴങ്ങള്‍ കേടാകാതിരിക്കാന്‍ ഉപയോഗിക്കുന്ന എന്റോസള്‍ഫാന്‍ ജനിതക വൈകല്യം സൃഷ്ടിക്കുന്ന കീടനാശിനിയാണ്. മിക്കവാറും പഴങ്ങളുടെ പുതുമ നിലനിര്‍ത്താന്‍ മെഴുക് സ്‌പ്രേ ഉപയോഗിക്കുന്നുണ്ട്. ആപ്പിള്‍, മാങ്ങ, മുന്തിരി, എന്നിവയില്‍ ഇത്തരം മെഴുക് കവചം സൃഷ്ടിക്കപ്പെടുന്നുണ്ട്. ഈ മെഴുക് ദഹനക്കേടും ക്യാന്‍സറും ഉണ്ടാക്കുന്നതിന് പര്യാപ്തമാണ്. തുരിശ് പോലുള്ള രാസപദാര്‍ഥങ്ങള്‍ പഴങ്ങളിലും പച്ചക്കറികളിലും ക്രത്രിമമായി നിറം നല്‍കാന്‍ ഉപയോഗിക്കുന്നതും മാരക ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. പഴങ്ങള്‍ കഴിക്കുന്നതു മൂലം, വയറിളക്കത്തിന് കാരമാകുന്നുണ്ടെങ്കില്‍ ഉറപ്പാണ് അതില്‍ മായം ചേര്‍ന്നിട്ടുണ്ടെന്ന്. ശരിയായും വൃത്തിയായും കൈകാര്യം ചെയ്യാത്ത പഴങ്ങളുടെ പാനീയങ്ങളിലെല്ലാം ഇ കോളി, ഷിഗെല്ല തുടങ്ങിയ ബാക്ടീരിയകളുടെ അമിതമായ സാന്നിദ്ധ്യം ഉറപ്പാണ്. ഇത് ഛര്‍ദി അതിസാരത്തിന് ഇടയാക്കുമെന്നതും തീര്‍ച്ചയാണ്. അധികൃതര്‍ക്ക് ഇക്കാര്യങ്ങളെല്ലാം അറിയാമെങ്കിലും നിയമങ്ങള്‍ പണമുണ്ടാക്കാനുള്ള മാര്‍ഗമായി ഉപയോഗിക്കപ്പെടുമ്പോള്‍ നടപടികള്‍ നിശ്ചലമാകും. അതാണ് നമ്മുടെ നാട്ടില്‍ സംഭവിക്കുന്നത്. ഇത് ജനങ്ങളോടുള്ള ക്രൂരതയും ജനദ്രോഹപരമായ നടപടിയുമാണ്.

---- facebook comment plugin here -----

Latest