Connect with us

National

എല്ലാ മതക്കാരുടേയും അവകാശങ്ങള്‍ സംരക്ഷിക്കും: പ്രധാനമന്ത്രി

Published

|

Last Updated

പാരീസ്: രാജ്യത്തെ എല്ലാ വിഭാഗങ്ങളുടെയും അവകാശവും വിശ്വാസവും സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരീസിലെ യുനെസ്‌കോ ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോദി. തീവ്രവാദവും സംഘര്‍ഷവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആഗോള സമൂഹം സംസ്‌കാരത്തിലും മതത്തിലും ഊന്നി അതിനെ അതിജീവിക്കണമെന്ന് മോദി അഭിപ്രായപ്പെട്ടു.
രാജ്യത്തെ ഓരോ പൗരന്റെയും അവകാശവും സ്വാതന്ത്ര്യവും വിശ്വാസവും സംരക്ഷിക്കും. സംസ്‌കാരവും വിശ്വാസപ്രമാണങ്ങളും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. ലോകത്തിന്റെ പലയിടങ്ങളിലും സംഘര്‍ഷങ്ങള്‍ക്ക് വിവിധ സംസ്‌കാരങ്ങള്‍ കാരണമാകുന്നുണ്ട്. സംസ്‌കാരം രണ്ട് ജനതയെ തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയായി വേണം പ്രവര്‍ത്തിക്കാനെന്നും മോദി അഭിപ്രായപ്പെട്ടു. വര്‍ധിച്ചുവരുന്ന തീവ്രവാദം, അക്രമങ്ങള്‍ തുടങ്ങിയവയെ അതിജീവിക്കാന്‍ നമ്മുടെ സംസ്‌കാരം, പാരമ്പര്യം, മതവിശ്വാസങ്ങള്‍ എന്നിവയിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലണമെന്ന് മോദി പറഞ്ഞു.
ഘര്‍ വാപസി ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുമായി ആര്‍ എസ് എസ് പിന്തുണയുള്ള സംഘ്പരിവാര്‍ സംഘടനകള്‍ മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് മോദി ഇത്തരത്തില്‍ അഭിപ്രായപ്പെടുന്നത്. രാഷ്ട്രശില്‍പ്പികള്‍ ഉറപ്പ് നല്‍കിയ മതസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാന്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ തയ്യാറാകണമെന്ന് റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യ സന്ദര്‍ശിച്ച യു എസ് പ്രസിഡന്റ് ബരാക് ഒബാമ അഭിപ്രായപ്പെട്ടിരുന്നു. വര്‍ഗീയമായ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കണമെന്നും എല്ലാവര്‍ക്കും അവരവരുടെ വിശ്വാസം ഭയമോ വിവേചനമോ കൂടാതെ മുറുകെപ്പിടിക്കാനുള്ള സാഹചര്യമുണ്ടാകണമെന്നും ഒബാമ പറഞ്ഞിരുന്നു.

Latest