നാടിനു ഉത്സവമായി ഒട്ടകയോട്ട മത്സരം

Posted on: April 10, 2015 5:32 pm | Last updated: April 10, 2015 at 5:34 pm
CAMEL1
അല്‍ ലിയാലിയില്‍ നടന്നുവരുന്ന ഒട്ടകയോട്ട മത്സരത്തില്‍ നിന്ന്(ചിത്രം: ത്വാഹിര്‍ അലി പുറപ്പാട)

ഷാര്‍ജ;അല്‍ ലിയാലിയില്‍ നടന്നുവരുന്ന ഒട്ടകയോട്ട മത്സരം നാടിന്റെ ഉത്സവമായിമാറുന്നു.

ഒരാഴ്ച മുമ്പാണ് ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന ഒട്ടകയോട്ട മത്സരം ആരംഭിച്ചത്. ദുബൈ-അല്‍ ഐന്‍ റോഡിലാണ് മത്സര വേദി. ദുബൈയില്‍ നിന്ന് അല്‍ ഐന്‍ റോഡിലൂടെ ഏകദേശം 30 ഓളം കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അല്‍ ലിയാലിയിലെത്താം.
വിദേശികളടക്കം നിത്യവും നൂറുക്കണക്കിനാളുകളാണ് മത്സരം കാണാനെത്തുന്നത്. കാണികളില്‍ ഏറെയും സ്വദേശികളാണ്. വിദേശികളും ധാരാളം എത്തുന്നുണ്ടെങ്കിലും മലയാളികള്‍ നന്നേകുറവാണ്. മത്സരത്തെ കുറിച്ചറിയാത്തതിനാലാവാമിത്. മത്സരത്തില്‍ രാജ്യത്തെ ഒട്ടകങ്ങള്‍ക്കു പുറമെ ഇതര ഗള്‍ഫ് രാജ്യങ്ങളിലെ ഒട്ടകങ്ങളും പങ്കെടുക്കുന്നുണ്ട്. നൂറുകണക്കിനു ഒട്ടകങ്ങളെയാണ് മത്സരത്തിനായി ഒരുക്കിയിട്ടുള്ളത്. ഒട്ടകങ്ങള്‍ കാണികള്‍ക്കു കൗതുകമാകുന്നതോടൊപ്പം മത്സരം ഹരം പകരുന്നു.
പലതരത്തിലുള്ള മരുഭൂമിയിലെ കപ്പലുകള്‍ വിദേശികളടക്കമുള്ളവര്‍ക്ക് വിസ്മയമാവുകയാണ്. സിനിമകളിലും മറ്റും കണ്ടിരുന്ന ഇത്തരം ഒട്ടകങ്ങളെ നേരില്‍ കാണാനായതും കാണികള്‍ക്കു ആഹ്ലാദം പകരുന്നു. വിദേശികളിലേറെയും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നത്. ഇത് മത്സരത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.
അതിവിശാലമായ മൈതാനത്താണ് മത്സരം. നിരവധി ട്രാക്കുകള്‍ തയാറാക്കിയിട്ടുണ്ട്. ഒട്ടകയോട്ടം സ്വദേശികള്‍ക്കു പുത്തരിയല്ലെങ്കിലും വിദേശികളായ കാണികള്‍ക്കു പുതുമപകരുന്നു. മത്സരത്തിനിറങ്ങുന്ന ഒട്ടകങ്ങളെ കയ്യടിച്ചും, ആര്‍പ്പുവിളിച്ചും കാണികള്‍ പ്രോത്സാഹിപ്പിക്കുന്നു. ആവേശത്തോടെയാണ് ഓരോ മത്സരവും കാണികള്‍ വീക്ഷിക്കുന്നത്. മത്സരത്തോടൊപ്പം വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. അതാത് ദിവസത്തെ സമാപനത്തോടനുബന്ധിച്ചാണ് കലാപരിപാടികള്‍. പരമ്പരാഗത അറബി നൃത്തങ്ങളും മറ്റുമാണ് നടക്കുന്നത് മത്സരത്തിനു കൊഴുപ്പേകുന്നു.
മത്സരത്തോടനുബന്ധിച്ച് ചന്തയും സജ്ജീകരിച്ചിട്ടുണ്ട്. തേന്‍, ഈത്തപ്പഴം, വസ്ത്രങ്ങള്‍ തുടങ്ങി അറബികള്‍ ഉപയോഗിക്കുന്ന നിരവധി ഉല്‍പന്നങ്ങള്‍ ചന്തയില്‍ ലഭ്യമാണ്. ചെറിയ സ്റ്റാളുകളാണ് വില്‍പനക്കായി ഒരുക്കിയിട്ടുള്ളത്. നാട്ടിന്‍ പുറങ്ങളില്‍ ഉത്സവത്തോടനുബന്ധിച്ചുള്ള ചന്തകളുടെ പ്രതീതിയാണുളവാക്കുന്നത്. ഒട്ടകമാര്‍ക്കറ്റും ഇവിടെ സ്ഥിതിചെയ്യുന്നു. ഒട്ടകങ്ങള്‍ ഇവിടെ വില്‍ക്കപ്പെടുന്നുമുണ്ട്.
കുഞ്ഞുങ്ങളടക്കം നൂറുക്കണക്കിനു ഒട്ടകങ്ങളാണ് വില്‍പനക്കായി എത്തുന്നത്. ആവശ്യക്കാര്‍ ഇവിടെ നിന്നു ഒട്ടകങ്ങള്‍ വാങ്ങുന്നു. അല്‍ ലയാലിയിലെത്തുമ്പോള്‍ തന്നെ ഉത്സവപ്രതീതിയാണുണ്ടാകുന്നത്. മത്സരം കാണാനെത്തുന്നവരുടെ വാഹനങ്ങള്‍ കൊണ്ട് പ്രദേശം നിറയുന്നു. ചന്തയും കലാപരിപാടികളും മത്സരവും ഒക്കെ ആകുമ്പോള്‍ നമ്മുടെ നാടുകളിലേ ഉത്സവങ്ങളെ മനസ്സിലോടിയെത്തുന്നത്.