പന്തല്ലൂര്‍ ബേങ്ക് പ്രസിഡന്റടക്കം ഒമ്പത് പേര്‍ക്ക് കഠിന തടവ്: ഹൈക്കോടതി വിധി ശരിവെച്ചു

Posted on: April 10, 2015 10:11 am | Last updated: April 10, 2015 at 10:11 am

മലപ്പുറം: 2003ല്‍ അപ്പീല്‍ പോയ കേസില്‍ 12 കൊല്ലങ്ങള്‍ക്കു ശേഷം മൂന്നു പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവു നല്‍കി ഹൈക്കോടതി വിധി. മലപ്പുറം ആനക്കയം പഞ്ചായത്തിലെ കിടങ്ങയം നെച്ചിക്കാടന്‍ മുഹമ്മദ് ബാപ്പുവിനെ 1994ല്‍ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലെ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി ജഡ്ജി കെ എബ്രഹാം മാത്യു ഇന്നലെ വിധി പ്രസ്താവിച്ചത്. കേസിലെ പ്രതികളായ ആനക്കയം പഞ്ചായത്ത് മുന്‍വൈസ് പ്രസിഡന്റും പന്തല്ലൂര്‍ സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റുമായ പാലപ്പുറം മുഹമ്മദ് മാസ്റ്റര്‍, കിഴക്കുംപറമ്പന്‍ അലവി, കിഴക്കുംപറമ്പന്‍ അബ്ദുല്ല എന്നിവര്‍ക്ക് 21 മാസം കഠിനതടവും 26000 രൂപ വീതം പിഴയും ഹൈക്കോടതി വിധിച്ചു. ഇവര്‍ക്കു 2003ല്‍ മഞ്ചേരി അഡീഷണല്‍ ഡിസ്ട്രിക്റ്റ് സെക്ഷന്‍ ജഡ്ജ് ഫ്രാന്‍സിസ് ആറു വര്‍ഷം കഠിന തടവും 26000 രൂപ പിഴയും വിധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അഡ്വ. എന്‍. ഹരിദാസന്‍ മുഖാന്തിരം പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

കേസിലെ മറ്റു പ്രതികളായ താളിയില്‍ കുഞ്ഞിമൊയിന്‍, ചന്തന്‍പറമ്പില്‍ മൊയ്തീന്‍, ചന്തന്‍പറമ്പില്‍ മുഹമ്മദ് എന്ന വല്യാക്ക, കെ വി റസാഖ്, കെ വി മജീദ്, കെ വി മുഹമ്മദ് എന്നിവര്‍ക്ക് കീഴ്‌കോടതി വിധിച്ച ഒരു വര്‍ഷം കഠിനതടവും 1000 രൂപ പിഴയും ഹൈക്കോടതി ശരിവെച്ചു. വിചാരണ കാലയളവില്‍ മരിച്ച കിഴക്കുംപറമ്പന്‍ അബ്ദുള്ള, കെ വി മുഹമ്മദ് എന്നിവരൊഴികെ എല്ലാവരും ശിക്ഷ അനുഭവിക്കണം. 1994ല്‍ തറാവിഹ് നിസ്‌കാരം കഴിഞ്ഞു മടങ്ങുമ്പോള്‍ പ്രതികള്‍ ആയുധങ്ങള്‍ ഉപയോഗിച്ചു മര്‍ദിച്ചു കൊല്ലാന്‍ ശ്രമിച്ചെന്നാണു കേസ്. ആക്രമത്തെത്തുടര്‍ന്നു ബാപ്പു 30 ദിവസത്തോളം ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയേണ്ടിവന്നതും സംഭവത്തില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ കൃത്യമായ തെളിവുകളും ദൃക്‌സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ പ്രതികള്‍ കുറ്റക്കാരാണെന്നു മഞ്ചേരി ജഡ്ജി ഫ്രാന്‍സിസ് വിധിക്കുകയായിരുന്നു. സംഭവം നടന്നു 21 വര്‍ഷത്തിനു ശേഷവും കോടതി വിധി വന്നു 12 വര്‍ഷങ്ങള്‍ക്കു ശേഷവുമാണു പ്രതികള്‍ ശിക്ഷ അനുഭവിക്കേണ്ടിവരുന്നത്. മഞ്ചേരി കോടതി വിധിയെത്തുടര്‍ന്നു പ്രതികള്‍ രണ്ടുദിവസം ജയില്‍ വാസമനുഷ്ഠിച്ചിട്ടുണ്ട്. തുടര്‍ന്ന് അപ്പീലിനു പോയി ജാമ്യത്തിലിറങ്ങുകയായിരുന്നു.