കണ്ണമംഗലത്തെ ജാതിക്ക് പുറത്തെ കുടുംബങ്ങള്‍; ആനുകൂല്യം നഷ്ടമാകാതിരിക്കാന്‍ ശ്രമം തുടങ്ങി

Posted on: April 10, 2015 3:02 am | Last updated: April 10, 2015 at 12:03 am

വേങ്ങര: കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ ജാതി അറിയാത്ത 50 ഓളം കുടുംബങ്ങളുടെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ അധികൃതരും പ്രവര്‍ത്തകരും ശ്രമം തുടങ്ങി. ഗ്രാമപഞ്ചായത്ത് രണ്ട്, പത്തൊന്‍പത് വാര്‍ഡുകളില്‍ ഉള്‍പ്പെട്ട ഭാഗങ്ങളില്‍ അന്‍പതോളം മുന്‍തലമുറക്കാര്‍ നാടോടികളായ കുടുംബങ്ങള്‍ ജാതി അറിയാതെ ആനുകൂല്യങ്ങളില്‍ നിന്ന് പുറത്തായ സംഭവം സിറാജ് വാര്‍ത്തയിലൂടെയാണ് പുറത്തറിഞ്ഞത്.
സംഭവം ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ നടപടികള്‍ സ്വീകരിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നെടുമ്പള്ളി സൈതു അറിയിച്ചു. ജാതി സംബന്ധിച്ച പ്രശ്‌നം വിദ്യാഭ്യാസത്തെ ബാധിച്ചിട്ടുള്ളത് ബോധ്യപ്പെടുത്താനും വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യങ്ങള്‍ ഉറപ്പ് വരുത്താനുമായി ടി പി ഹമീദ് ഹാജിയുടെ നേതൃത്വത്തില്‍ നാളെ വാളക്കുടയില്‍ കുടുംബസംഗമം സംഘടിപ്പിച്ചിട്ടുണ്ട്.
അര നൂറ്റാണ്ട് മുമ്പ് തമിഴ്‌നാട്ടില്‍ നിന്നും കണ്ണമംഗലത്ത് താമസമാക്കിയ നാടോടി കുടുംബങ്ങളുടെ പിന്‍മുറക്കാരാണ് ജാതി അറിയാതെ നെട്ടോട്ടമോടുന്നത്. തമിഴ്‌നാട്ടിലെ സംവരണ പിന്നാക്ക വിഭാഗമായ ആര്യ-ദ്രാവിഡ വിഭാഗത്തില്‍പ്പെട്ട ഇവരുടെ തലമുറക്ക് ജാതി തെളിയിക്കാനാവാത്തതാണ് ആനുകൂല്യ നിഷേധത്തിനിടയാക്കിയത്. ഇപ്പോഴുള്ള കുടുംബങ്ങളിലെ മുതിര്‍ന്നാഗങ്ങളിലൊരാളായ ചെല്ലമ്മക്ക് എഴുപത് വയസ് തികഞ്ഞിട്ടുണ്ടെങ്കിലും അന്‍പത് വര്‍ഷങ്ങള്‍ക്കപ്പുറമാണ് ഇവിടെ എത്തിയതെന്ന് തെളിയിക്കാനാവാത്തതാണ് സംവരണത്തിന് പുറത്താവാനിടയായത്. ഇത്തരം കുടുംബങ്ങളുടെ കുടിയേറ്റം ഐക്യകേരള രൂപവത്കരണത്തിന് മുന്‍പായി കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റിസര്‍ച്ച് ട്രൈനിംഗ് ആന്റ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് ഓഫ് എസ് സി, എസ് ടിക്ക് മുന്‍പാകെ തെളിയിച്ചാല്‍ ഇവര്‍ ഉള്‍ക്കൊള്ളുന്ന ആര്യ, ദ്രാവിഡ സംവരണ വിഭാഗമാണെന്ന് ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാകും.