കനത്ത ചൂടില്‍ പഴക്കച്ചവടം പൊടിപൊടിക്കുന്നു

Posted on: April 9, 2015 10:15 am | Last updated: April 9, 2015 at 10:15 am

പാലക്കാട്: തെരുവുകള്‍മുതല്‍ മാളുകള്‍ വരെ പഴവിപണി ഉഷാറാണ്. ആവശ്യക്കാരേറിയതോടെ എല്ലാ പഴക്കടകളിലും വില കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. മുന്‍വര്‍ഷങ്ങളിലേതുപോലെ ഇപ്രാവശ്യവും പഴങ്ങള്‍ കൂടുതലായും എത്തിയിരിക്കുന്നത് അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടില്‍ നിന്നാണ്.കര്‍ണാടകയില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും പഴങ്ങള്‍ എത്തുന്നുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു. വില കൂട്ടിയിട്ടുണ്ടെന്ന കാര്യവും ഇവര്‍ സമ്മതിക്കുന്നുണ്ട്.
ചൂട് കൂടിയതോടെ ഏറ്റവും കൂടുതല്‍ വില്പനയുള്ളത് തണ്ണിമത്തന്‍, ഓറഞ്ച്, മുന്തിരി തുടങ്ങിയവയ്ക്കാണെന്ന് കച്ചവടക്കാര്‍ പറയുന്നു. ഒരുകിലോ ഓറഞ്ചിന് 5060, മുന്തിരി 7080, തണ്ണിമത്തന്‍ 1520 എന്നിങ്ങനെ പോകുന്നു പഴങ്ങളുടെ വിലനിലവാരം. ഇളനീരിന് 2025 വരെയും.
നിലവാരമനുസരിച്ച് ഇത് മാറിക്കൊണ്ടിരിക്കും. ജ്യൂസ് കടകളിലെ സ്ഥിതിയും മറിച്ചല്ല. പഴങ്ങളുടെ വില കൂടുന്നതിനനുസരിച്ച് ജ്യൂസുകളുടെയും ഷെയ്ക്കുകളുടെയും വിലയും കൂടുന്നു. എങ്കിലും ഇവയ്ക്ക് ആവശ്യക്കാരേറെയാണ്.ജ്യൂസുകള്‍ക്കും ഷെയ്ക്കുകള്‍ക്കും 30 മുതല്‍ 120 വരെയാണ് വില. മറ്റ് ശീതളപാനീയങ്ങള്‍ക്ക് വില ഇതിലും അധികമാണ്.15 രൂപക്ക് ഒരു ഗ്ലാസ് തണ്ണിമത്തന്‍ ജ്യൂസ് ലഭിക്കുമ്പോള്‍ മുറിച്ചുവെച്ച തണ്ണിമത്തന് എട്ട് രൂപയാണ് വില.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ നേരിയ വിലവര്‍ദ്ധനയുണ്ടൈങ്കിലും തുടക്കത്തിലേ കച്ചവടം ‘േദപ്പെട്ട നിലയിലാണെന്ന് വില്പനക്കാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം കിലോക്ക് 12 രൂപയായിരുന്നത് ഇപ്പോള്‍ 15 രൂപയായിട്ടുണ്ട്. വിലയേറിയെങ്കിലും ആവശ്യക്കാര്‍ക്ക് കുറവ് വന്നിട്ടില്ല. കിരണ്‍,വെള്ളമത്തന്‍ എന്നീ രണ്ട് ഇനങ്ങളാണ് വില്പനക്കുള്ളത്. പ്രധാനമായും തമിഴ്‌നാട്ടില്‍നിന്നും, കര്‍ണ്ണാടകയില്‍ നിന്നുമാണ് തണ്ണിമത്തന്‍ വരുന്നത്. ഒരു ഗ്ലാസ് ഇളനീര്‍ ജ്യൂസിന് 25 രൂപയും ഇളനീര്‍ സോഡക്ക് 15 രൂപയുമാണ് വില. ദേശീയപാതയോരത്തും പ്രധാന റോഡുകള്‍ക്ക് ഇരുവശവും താത്കാലിക കരിമ്പിന്‍ ജ്യൂസ്പാര്‍ലറുകളും സജീവമായിട്ടുണ്ട്. ഒരു ഗ്ലാസ് കരിമ്പിന്‍ ജ്യൂസിന് 20 രൂപയാണ് വില.
പാലക്കാട് നൊങ്കിന് ആവശ്യക്കാരേറെയാണ്. പ്ലാസ്റ്റിക് പാക്കറ്റുകളിലാക്കി വില്ക്കുന്ന നൊങ്കിന് 40 മുതല്‍ 50 രൂപവരെയാണ് വില. കോഴിക്കോടന്‍ കുലുക്കി സര്‍ബത്ത്, മില്‍ക്ക് സര്‍ബത്ത്, ലൈംജ്യൂസ്, മുസംബി ജ്യൂസ്, ലൈം സോഡ തുടങ്ങിയ പാനീയങ്ങള്‍ക്കും നല്ല ഡിമാന്റാണ്. നഗരത്തിലെ വഴിയോരങ്ങളില്‍ ഇളനീരും കരിമ്പിന്‍ ജ്യൂസും പാലക്കാടിന്റെ സ്വന്തം പനംനൊങ്കുമെല്ലാം ഇപ്പോള്‍ നിത്യക്കാഴ്ചയാണ്.