Connect with us

Malappuram

ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം

Published

|

Last Updated

മലപ്പുറം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തീരദേശ, കര്‍ഷക, മോട്ടോര്‍ സംഘടനകള്‍ നടത്തിയ ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണമായിരുന്നു.
അക്രമങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തില്ല. മിക്കയിടങ്ങളിലും കട കമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. പൊതുഗതാഗത സംവിധാനങ്ങള്‍ സ്തംഭിച്ചപ്പോള്‍ ചെറിയ തോതില്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. പലയിടങ്ങളിലും സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചില്ല. രാവിലെ സമരാനുകൂലികള്‍ പ്രതിഷേധ റാലിയായെത്തി സര്‍ക്കാര്‍ ഓഫീസുകള്‍ അടക്കമുള്ളവ അടപ്പിക്കുവാന്‍ ശ്രമിച്ചു.
റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിയവര്‍ തിരിച്ചുപോവാന്‍ വാഹനം ലഭിക്കാതെ ഏറെ പ്രയാസപ്പെട്ടു. ആശുപത്രികളില്‍ ഡിസ്ചാര്‍ജ്ജ് ചെയ്തവരെ വീട്ടിലെത്തിക്കാന്‍ വാഹനങ്ങള്‍ക്ക് പരക്കം പാഴുന്ന കാഴ്ചക്കും ഹര്‍ത്താല്‍ സാക്ഷിയായി. നഗരങ്ങളില്‍ ആശുപത്രി കാന്റീനുകള്‍ മാത്രമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. തീരദേശങ്ങളിലാണ് ഹര്‍ത്താല്‍ കൂടുതല്‍ പ്രതിഫലിച്ചത്. സ്വകാര്യ വാഹനങ്ങള്‍ അപൂര്‍വ്വമായാണ് ഇവിടങ്ങളില്‍ നിരത്തിലിറങ്ങിയത്. ചെറുവള്ളങ്ങള്‍ അടക്കമുള്ളവ മത്സ്യബന്ധനത്തിന് ഇറങ്ങിയില്ല. തീരം വറുതിയില്‍ പൊറുതി മുട്ടുമ്പോള്‍ പരമ്പരാഗത മത്സ്യബന്ധന മേഖലയെ തകര്‍ക്കുന്ന നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് പരപ്പനങ്ങാടി, പൊന്നാനി തീര മേഖലകളില്‍ പ്രതിഫലിച്ചത്. പാരമ്പര്യ മത്സ്യബന്ധന മേഖലയെ പ്രതികൂലമായി ബാധിക്കുന്ന ഡോ. മീനാകുമാരി കമ്മിഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നാവശ്യപ്പെട്ടാണ് ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും തീരദേശ സംഘടനകളും ഹര്‍ത്താല്‍ നടത്തിയത്. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് മോട്ടോര്‍ വാഹന തൊഴിലാളി സംയുക്ത സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ടാക്‌സി, ഓട്ടോറിക്ഷ, ബസുകള്‍ എന്നിവ സര്‍വീസ് തീര്‍ത്തും നിറുത്തിവെച്ചു. കെ എസ് ആര്‍ ടി സി തൊഴിലാളി സംഘടനകള്‍ സമര രംഗത്തില്ലായിരുന്നെങ്കിലും ബസുകള്‍ നിരത്തിലിറങ്ങിയില്ല. റബ്ബര്‍ അടക്കമുള്ള കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിലയിടഞ്ഞത് മലയോര മേഖലകളില്‍ ഹര്‍ത്താലിന് പിന്തുണയേകി. എടക്കര, നിലമ്പൂര്‍ മേഖലകളില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ നഗരങ്ങളിലും പ്രധാന കവലകളിലും പോലീസിനെ വിന്യസിച്ചിരുന്നു. പെരിന്തല്‍മണ്ണ, മങ്കട, മഞ്ചേരി, വളാഞ്ചേരി എന്നിവിടങ്ങളില്‍ കടകള്‍ പൂര്‍ണമായും അടഞ്ഞു കിടന്നു. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്.
നിലമ്പൂര്‍: വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ മലയോര മേഖലയില്‍ പൂര്‍ണം. ഹര്‍ത്താലില്‍ നിര്‍ബന്ധിത അടപ്പിക്കലോ തടയലോ കുറവായിരുന്നുവെങ്കിലും ഏറെക്കുറെ പൂര്‍ണമായിരുന്നു. സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും ഭാഗികമായിരുന്നു. നിലമ്പൂര്‍, എടക്കര, ചുങ്കത്തറ, വഴിക്കടവ്, പോത്തുകല്ല്, മമ്പാട്, അകമ്പാടം, പൂക്കോട്ടുംപാടം, കരുളായി ടൗണുകളിലെല്ലാം കടകളും മറ്റു വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. സ്വകാര്യ ബസുകളും ടാക്‌സി വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. കെ എസ് ആര്‍ ടി സിയും സര്‍വീസ് നടത്തിയില്ല.
എന്നാല്‍ ഇരുചക്ര വാഹനങ്ങളും ആശുപത്രി, മരണം, വിവാഹം, എയര്‍പോര്‍ട്ട് തുടങ്ങിയ അവശ്യ സര്‍വീസുകളും തടസ്സങ്ങളില്ലാതെ നടന്നു. ഉള്‍ ഗ്രാമങ്ങളില്‍ കൂടുതല്‍ കടകളും രാവിലെ മുതല്‍ തന്നെ തുറന്നു പ്രവര്‍ത്തിച്ചു. ഉച്ചയോടെ നഗരങ്ങളിലും ചില കടകള്‍ തുറന്നു. അതേ സമയം ഹര്‍ത്താലിനെ തുടര്‍ന്ന് മേഖലയില്‍ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എടക്കര മണക്കാട് ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ അടപ്പിക്കാനെത്തിയത് നേരിയ സംഘര്‍ഷത്തിനിടയാക്കി. പോലീസ് എത്തിയാണ് സംഘര്‍ഷം ഒഴിവാക്കി. പ്രദേശത്ത് ഏറെ നേരം പോലീസ് ക്യാമ്പ് ചെയ്തു.

Latest