കെ എസ് ഇ ബി യും ‘സ്മാര്‍ട്ടാകുന്നു’; ഇനി പരാതികള്‍ക്ക് ഉടന്‍ പരിഹാരം

Posted on: April 9, 2015 3:51 am | Last updated: April 8, 2015 at 11:52 pm

KSEB-Logoകണ്ണൂര്‍ :സംസ്ഥാനത്തെ വൈദ്യുതി വിതരണ മേഖലയുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന പരാതികള്‍ പരിഹരിക്കാന്‍ സംവിധാനമൊരുക്കി ഒടുവില്‍ കെ എസ് ഇ ബിയും സ്മാര്‍ട്ടാകുന്നു.
വൈദ്യുതി മുടക്കം, വോള്‍ട്ടേജ് ക്ഷാമം, ബില്ലിലെ അപാകത, വൈദ്യുതി അപകടം, വൈദ്യുതി മോഷണം, ഓണ്‍ലൈന്‍ പേയ്‌മെന്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ഏത് വിവരങ്ങള്‍ക്കും ഏത് പരാതികള്‍ക്കും ഉടനടി പരഹാരമുണ്ടാക്കാനാണ് കെ എസ് ഇ ബി അതിവേഗ നടപടികളുമായി മുന്നോട്ട് പോകുന്നത്. കടുത്ത വേനലിലും ഇനി വരാന്‍ പോകുന്ന കാലവര്‍ഷക്കാലത്തും വൈദ്യുതി മുടക്കമുള്‍പ്പടെയുള്ളവ പതിവാകുകയും പരാതികളില്‍ നടപടികളുണ്ടാകാന്‍ ഏറെ വൈകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ എല്ലാ വൈദ്യുതി സെക്ഷനെയും സമ്പൂര്‍ണ പ്രശ്‌ന പരിഹാര കേന്ദ്രമാക്കാനുള്ള നടപടികള്‍ വൈദ്യുതി വകുപ്പ് തുടങ്ങിയിട്ടുള്ളത്.
സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഉപഭോക്താക്കളുടെ ബില്ലുകള്‍ തയ്യാറാക്കുന്നതിനും ദിവസം തോറുമുള്ള വ്യാപാര വിവരങ്ങള്‍ ക്രോഡീകരിക്കുന്നതിനും വേണ്ടി തയ്യാറാക്കിയ ഒരു സോഫ്റ്റ്‌വെയറിന്റെ സൗകര്യം കൂടി ഉപയോഗിച്ചാണ് സംസ്ഥാനത്തുള്ള 780 സെക്ഷനുകളിലും പ്രശ്‌ന പരിഹാര സംവിധാനമൊരുക്കുന്നത്.
ഒരു കോടി മൂന്നുലക്ഷത്തില്‍ പരം വൈദ്യുതി ഉപഭോക്താക്കളാണ് വൈദ്യുതി ബോര്‍ഡിലുള്ളത്. ഈ ഉപഭോക്താക്കളുടെ ബില്ലിംഗ്, കളക്ഷന്‍, സര്‍വീസ് കണക്ഷന്‍ രജിസ്‌ട്രേഷന്‍, അക്കൗണ്ടിംഗ് എന്നിവ ഓരോ സെക്ഷനുകളിലും സ്ഥാപിച്ചിട്ടുള്ള സെര്‍വര്‍ കമ്പ്യൂട്ടറുകള്‍ വഴി വികേന്ദ്രീകൃതമായാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഇത്തരത്തില്‍ വികേന്ദ്രീകൃതമായി നടന്നുവരുന്ന ജോലികള്‍ ഒരു സ്ഥലത്തു നിന്നും കേന്ദ്രീകൃതമായി ചെയ്യുന്നതിന് വേണ്ടി ‘ഒരുമ’ സോഫ്റ്റ്‌വെയര്‍ പരിഷ്‌കരിച്ച് തയ്യാറാക്കിയിട്ടുള്ള ‘ഒരുമ നെറ്റ്’ സോഫ്റ്റ്‌വെയര്‍ സംവിധാനം 217 സെക്ഷനുകളില്‍ ഇതിനകം സജ്ജീകരിച്ചിട്ടുണ്ട്.
വിതരണ മേഖലയില്‍ സമൂലമാറ്റം വരുത്താന്‍ കഴിയുന്ന നിരവധി സേവനങ്ങള്‍ ‘ഒരുമ നെറ്റി’ലൂടെ ഉപഭോക്താക്കള്‍ക്കു നല്‍കുന്നതിന് സാധിക്കും. വൈദ്യുത ബില്‍ തുക ഏത് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് വഴിയും അടക്കാന്‍ കഴിയുന്ന ‘എനിവെയര്‍ പേയ്‌മെന്റ്’ സംവിധാനം, ഇന്റര്‍നെറ്റ് വഴി അടയ്ക്കുന്നതിനുള്ള ഇ- പെയ്‌മെന്റ് സംവിധാനം, ബില്‍ തുക, പണമടക്കേണ്ട തീയതി, കണക്ഷന്‍ വിച്ഛേദിക്കുന്ന തീയതി എന്നിവ എസ് എം എസ് വഴി അറിയിക്കുന്നതിനുള്ള സംവിധാനം, ഉപഭോക്താക്കളുടെ വൈദ്യുതി കണക്ഷന്‍ സംബന്ധിച്ച എല്ലാ വിശദവിവരങ്ങളും, മുന്‍കാല മീറ്റര്‍ റീഡിംഗുകള്‍, പണമടച്ചതിന്റെ വിശദവിവരങ്ങള്‍, സെക്യൂരിറ്റി ഡെപ്പോസിറ്റിന്റെ വിശദാംശങ്ങള്‍ ഇവ ഉള്‍പ്പടെ ഇന്റര്‍നെറ്റിലൂടെ കാണുന്നതിനുള്ള സൗകര്യം തുടങ്ങിയ സേവനങ്ങള്‍ തുടക്കത്തില്‍ തന്നെ ഉപഭോക്താക്കള്‍ക്കു നല്‍കുന്നതിന് ‘ഒരുമ നെറ്റി’ ലൂടെ കഴിയും. ഈ സംവിധാനം ഇപ്പോള്‍ നിലവില്‍ വന്ന 217 സെക്ഷനിലെ ഉപഭോക്താക്കള്‍ക്കും കണ്‍സ്യൂമര്‍ നമ്പര്‍ കൂടാതെ 13 അക്ക കസ്റ്റമര്‍ നമ്പര്‍ കൂടി നല്‍കിയിട്ടുണ്ട്. വൈദ്യുതി ഓഫീസുകളുമായി നടത്തുന്ന എല്ലാ ഇടപാടുകളുടെയും വിവരങ്ങള്‍ ഉപഭോക്താവിന് മൊബൈല്‍ ഫോണില്‍ സന്ദേശമായി എത്തുന്നതിനും സംവിധാനമായിട്ടുണ്ട്. ഇതിനെല്ലാം പുറമെയാണ് 1912 എന്ന നമ്പറിലൂടെയുള്ള വൈദ്യുതി വകുപ്പിലെ ഉപഭോക്തൃസേവന കേന്ദ്രത്തിന്റെ സേവനം.
ഓരോ പരാതിയും അപ്പപ്പോള്‍ പരിഹരിക്കാനുള്ള സഹായം ഈ നമ്പറിലൂടെ ലഭ്യമാകും. ഒരുമ നെറ്റ് സംവിധാനം ഏര്‍പ്പെടുത്തിയ സെക്ഷന്‍ പരിധിയിലുള്ള ഉപഭോക്താക്കളാണ് വിളിക്കുന്നതെങ്കില്‍ അതാത് സെക്ഷനില്‍ നിന്ന് തന്നെ പരാതികള്‍ പരിഹരിക്കും.
രണ്ട് മാസത്തിനകം തന്നെ സംസ്ഥാനത്തെ എല്ലാ സെക്ഷനുകളിലും ഇത് വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.