കാലിക്കറ്റ് വി സിക്കെതിരെ വിജിലന്‍സ് അന്വേഷണം

Posted on: April 9, 2015 4:33 am | Last updated: April 8, 2015 at 11:34 pm

abdul salam..vcതൃശൂര്‍: ബി ടെക് എന്‍ജിനീയറിംഗ് പരീക്ഷയില്‍ ക്രമക്കേടുണ്ടായെന്ന പരാതിയില്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്.
വൈസ്ചാന്‍സലര്‍ ഡോ.എം കെ അബ്ദുസ്സലാം, പ്രൊ. വൈസ് ചാന്‍സലര്‍ പ്രൊഫ.രവീന്ദ്രനാഥ്, പ്രൊ. വൈസ് ചാന്‍സലറുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് എന്‍ എസ് രാമകൃഷ്ണന്‍, രാമകൃഷ്ണന്റെ മകളും എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനിയുമായ സംഗീത എന്നിവര്‍ക്കെതിരേയാണ് അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് ജഡ്ജി കെ ഹരിപാല്‍ ഉത്തരവിട്ടത്.
മലപ്പുറം വിജിലന്‍സ് ഡി വൈഎസ് പിയോടാണ് അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരിക്കുന്നത്. സര്‍വകലാശാലാ ഡെപ്യൂട്ടി രജിസ്ട്രാറും സര്‍വകലാശാല എംപ്ലോയീസ് യൂനിയന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന വി സ്റ്റാലിന്റെ പരാതിയിലാണ് അന്വേഷണം. ബി ടെക് എന്‍ജിനീയറിംഗ് കോഴ്‌സിന്റെ പ്രാക്ടിക്കല്‍ പരീക്ഷയില്‍, പരാജയപ്പെട്ട വിദ്യാര്‍ഥികളുടെതെന്ന പേരില്‍ വ്യാജ ഒപ്പുകളിട്ട് നല്‍കിയ പരാതിയില്‍ ചട്ടങ്ങള്‍ മറികടന്ന് പരാജയപ്പെട്ടവര്‍ക്ക് മാത്രം പുനഃപരീക്ഷ നടത്തി വിജയിപ്പിച്ചുവെന്നാണ് കേസ്. പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളജില്‍ 2011 ജൂണില്‍ നടത്തിയ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗിന്റെ പ്രാക്ടിക്കല്‍ പരീക്ഷയില്‍ സംഗീത ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍ പരാജയപ്പെട്ടിരുന്നു. ഇതില്‍ 2012ല്‍ ലഭിച്ച പരാതിയില്‍ ബന്ധപ്പെട്ട പ്രിന്‍സിപ്പലിന്റെയോ വകുപ്പ് മേധാവിയുടെയോ ശിപാര്‍ശ ഇല്ലാതിരുന്നിട്ടും പരാതി പരിഗണിച്ച് നടപടിക്ക് വൈസ് ചാന്‍സലര്‍ ഉത്തരവിടുകയായിരുന്നു. 2013ല്‍ പരീക്ഷാ ക്രമക്കേട് സംബന്ധിച്ചുള്ള പരാതിയില്‍ പ്രാഥമികാന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി വി ഭാസ്‌കരന്‍ ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്ന് മലപ്പുറം വിജിലന്‍സ് ഡി വൈ എസ് പി. കെ സലീം അന്വേഷിക്കുകയും പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതാപരമെന്ന് കണ്ടെത്തുകയും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വ്യക്തിപരമായ സാമ്പത്തിക ലാഭം കണ്ടെത്താനായില്ലെന്നും നടപടിക്രമങ്ങളില്‍ ചില പാളിച്ചകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും ഇക്കാര്യങ്ങള്‍ വൈസ് ചാന്‍സലറുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന ശിപാര്‍ശയായിരുന്നു വിജിലന്‍സ് നല്‍കിയത്.
വിദ്യാര്‍ഥികളുടെതായി ലഭിച്ച പരാതിയും അതിലെ ഒപ്പുകളും വ്യാജമാണെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു.
പുനഃപരീക്ഷ സംബന്ധിച്ച് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചതായും വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്. നേരത്തെ വിജിലന്‍സ് കോടതി നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിസിയും, പ്രൊ. വി സിയും നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു.
വിജിലന്‍സ് കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന് പറഞ്ഞാണ് ഹൈക്കോടതി തള്ളിയത്. ഹരജിക്കാരന് വേണ്ടി അഡ്വ.എം സി ആഷി ഹാജരായി.