മധുമല പദ്ധതിക്ക് വെള്ളം പമ്പ് ചെയ്യുന്നത് നാട്ടുകാര്‍ തടഞ്ഞു

Posted on: April 8, 2015 12:44 pm | Last updated: April 8, 2015 at 12:44 pm

കാളികാവ്: മധുമല കുടിവെള്ള പദ്ധതിക്കുവേണ്ടി വെള്ളം പമ്പ് ചെയ്യുന്നതിനാല്‍ പുഴയിലെ ജലനിരപ്പ് താഴുന്നതില്‍ പ്രതിഷേധിച്ച് പമ്പിംഗിനെതിരെ നാട്ടുകാര്‍ രംഗത്ത്. ജലവിതാനം ഉയര്‍ത്താന്‍ പമ്പ്ഹൗസിന് സമീപം തടയണ നിര്‍മിക്കാതെ വെള്ളം പമ്പിംഗ് അനുവദിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പരിയങ്ങാട് പുഴയോരത്തെ മധുമല പമ്പ് ഹൗസിലേക്ക് നാട്ടുകാര്‍ മാര്‍ച്ച് നടത്തി.
മധുമല പദ്ധതിയിലേക്ക് വെള്ളം പമ്പിംഗ് നടത്തുന്നത് നാട്ടുകാര്‍ തടയുകയും ചെയ്തു. പരിയങ്ങാട്, മോരംപാടം, കൂരിപ്പൊയില്‍ പ്രദേശങ്ങളിലെ കിണറുകളില്‍ വെള്ളം താഴ്ന്ന് തുടങ്ങിയിട്ടുണ്ട്. മധുമല പദ്ധതിക്ക് വേണ്ടി ഒന്നിടവിട്ട ദിവസങ്ങളിലാണ് പമ്പിംഗ് നടത്തുന്നത്. 200 ഓളം ഗുണഭോക്താക്കള്‍ മാത്രമുള്ള കുടിവെള്ള പദ്ധതിക്ക് വേണ്ടി വന്‍തോതിലാണ് വെള്ളം പമ്പിംഗ് നടത്തുന്നത്. തടയണയില്ലാത്തത് കാരണം ജലവിതാനം പാടെ താഴ്‌നിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം വേനലില്‍ നാട്ടുകാര്‍ നടത്തിയ സമരത്തെ തുടര്‍ന്ന് തടയണ നിര്‍മിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആലിപ്പറ്റ ജമീല പറഞ്ഞിരുന്നു. എന്നാല്‍ നടപടി തുടങ്ങുകപോലും ചെയ്യാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ പമ്പ് ഹൗസിലേക്ക് മാര്‍ച്ച് നടത്തിയത്. പ്രശ്‌നം പരിഹരിക്കുന്നത് വരെ സമരം തുടരുമെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു. സമരക്കാര്‍ പമ്പ് ഹൗസിനുള്ളില്‍ പ്രവേശിച്ച് ഓപ്പറേറ്ററോട് പമ്പിംഗ് നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. സമരം തീരുന്നത് വരെ പോലീസ് സ്ഥലത്തെത്തിയില്ല. പിന്നീട് സമരം തീര്‍ന്നതിന് ശേഷമാണ് പോലീസ് എത്തിയത്.
ഡയമണ്ട് ബാപ്പു, പുലിവെട്ടി ജമാല്‍, മംഗലശ്ശേരി അബ്ദുല്‍ അസീസ് നേതൃത്വം നല്‍കി. പഞ്ചായത്ത് ഭരണ സമിതി തടയണ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിട്ടുണ്ടെന്നും മേജര്‍ ഇറിഗേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തടയണ നിര്‍മിക്കാന്‍ മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആലിപ്പറ്റ ജമീല പറഞ്ഞു. ഇതിന് വേണ്ടി 40 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.