ധോണിക്കെതിരെ ശാപവാക്കുകളുമായി യുവരാജിന്റെ പിതാവ്‌

Posted on: April 8, 2015 6:53 am | Last updated: April 8, 2015 at 9:53 am

ന്യൂഡല്‍ഹി: മഹേന്ദ്ര സിംഗ് ധോണിക്കെതിരെ കടുത്ത വാക്കുകളുപയോഗിച്ച് യുവരാജ് സിംഗിന്റെ പിതാവ് യോഗ്‌രാജ് സിംഗ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. തന്റെ മകനെ ദ്രോഹിച്ച ധോണിക്ക് ഒരുനാള്‍ എല്ലാം നഷ്ടപ്പെടുമെന്നും തെണ്ടുമെന്നും യോഗ്‌രാജ് സിംഗ്. ഹിന്ദി വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് യോഗ്‌രാജ് ധോണിക്കെതിരെയുള്ള തന്റെ അമര്‍ഷം അഴിച്ചുവിട്ടത്.
ധോണി ഒന്നുമല്ല, അയാള്‍ ക്രിക്കറ്റിലെ ദൈവമായി മാറിയത് മാധ്യമങ്ങളുടെ സഹായത്തോടെയാണ്. മാധ്യമങ്ങള്‍ ധോണിക്ക് അര്‍ഹിക്കാത്ത മഹത്വമാണ് ചാര്‍ത്തിക്കൊടുത്തത്. മാധ്യമങ്ങളുമായുള്ള സൗഹൃദം പോലും തന്റെ പ്രശക്തിക്കായി ഉപയോഗിച്ചാണ് ധോണി ഇവിടെ വരെയെത്തിയത്. താനൊരു മാധ്യമപ്രവര്‍ത്തകനായിരുന്നെങ്കില്‍ അയാളുടെ ചെകിട്ടത്തടിച്ചേനെ – യോഗ്‌രാജ് പറഞ്ഞു. യുവരാജ് സിംഗിനെ ലോകകപ്പ് ടീമില്‍ നിന്ന് തഴഞ്ഞതില്‍ യോഗ്‌രാജ് അസ്വസ്ഥനായിരുന്നു. 2011 ലോകകപ്പിലെ മാന്‍ ഓഫ് ദ സീരീസായ യുവരാജിനെ ഒഴിവാക്കാന്‍ ധോണി അന്തര്‍നാടകങ്ങള്‍ കളിച്ചുവെന്നായിരുന്നു യോഗ്‌രാജിന്റെ മുന്‍ ആരോപണം.
സഹതാരങ്ങളുടെ വളര്‍ച്ചയില്‍ അസൂയയോടെ പെരുമാറുന്ന വ്യക്തിത്വമാണ് ധോണിയുടേത്. ടീമിലെ പലതാരങ്ങളും പറഞ്ഞ് ധോണിയെ കുറിച്ച് അറിഞ്ഞപ്പോള്‍ അമ്പരപ്പാണ് തോന്നിയത്. അയാള്‍ രാവണനെപ്പോലെയാണ് പെരുമാറുന്നത്. ഒരു നാള്‍ എല്ലാ പ്രൗഢിയും അവസാനിക്കും- യോഗ്‌രാജ് ശപിക്കുന്നു.
ധോണിയെ കുറിച്ച് പല താരങ്ങളും കുറ്റം പറയാറുണ്ട്. അന്ന് താന്‍ കരുതിയത് അവരെന്തോ അസൂയ പറയുകയാണെന്നാണ്. പക്ഷേ, സത്യമായിരുന്നു അതെല്ലാം. ധോണിയെ പോലൊരു ഭീകരനെ ജീവിതത്തില്‍ കണ്ടിട്ടില്ല – യോഗ്‌രാജ് പറഞ്ഞു.
2011 ഫൈനലില്‍ യുവരാജ് നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുമ്പോള്‍ അത് തടഞ്ഞത് ധോണിയാണ്. സ്വയം സ്ഥാനക്കയറ്റം നല്‍കി ഹീറോ പരിവേഷം സ്വന്തമാക്കി. എന്തുകൊണ്ട് ഇക്കഴിഞ്ഞ ലോകകപ്പില്‍ ആസ്‌ത്രേലിയക്കെതിരെ ടീം തകര്‍ച്ച നേരിട്ടപ്പോള്‍ ധോണി നാലാം നമ്പറിലേക്ക് വന്നില്ല – യോഗ്‌രാജ് ചോദിക്കുന്നു.