കടല്‍ക്കൊലക്കേസ്: ഇറ്റലിയില്‍ തങ്ങാനുള്ള സമയം നീട്ടണമെന്ന് നാവികന്‍

Posted on: April 7, 2015 2:13 pm | Last updated: April 8, 2015 at 12:17 am

INDIA_-_ITALIA_ന്യൂഡല്‍ഹി: ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ കടല്‍ക്കൊലക്കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന്‍ ചികിത്സയ്ക്കായി അനുവദിച്ച സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. മാസിമിലാനോ ലത്തോറെയാണ് കോടതിയെ സമീപിച്ചത്. നാവികന്റെ അപേക്ഷ കോടതി വ്യഴാഴ്ച പരിഗണിക്കും.
ആരോഗ്യപ്രശ്‌നങ്ങള്‍ പൂര്‍ണമായി ഭേദമായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലത്തോറെ കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഓഗസ്റ്റില്‍ ലത്തോറെയ്ക്കുണ്ടായ പക്ഷാഘാതത്തെ തുടര്‍ന്നാണ് ചികിത്സയ്ക്കായി ഇറ്റലിയിലേക്ക് പോകാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്. സെപ്റ്റംബറിലാണ് അദ്ദേഹം നാട്ടിലേക്ക് പോയത്. ഹൃദയശസ്ത്രക്രിയക്ക് വിധേയനാകണമെന്ന് കാണിച്ച് നാട്ടില്‍ തുടരാനുള്ള സമയപരിധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ജനുവരിയില്‍ അദ്ദേഹത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. സമയം നീട്ടിനല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്ര സര്‍ക്കാരും കോടതിയില്‍ വ്യക്തമാക്കിയിരുന്നു.