മാംഗോസിറ്റിയില്‍ വിഷുക്കണി മാങ്ങയും ഒരുങ്ങുന്നു

Posted on: April 7, 2015 10:45 am | Last updated: April 7, 2015 at 10:45 am

കൊല്ലങ്കോട്: പതിവുതെറ്റിക്കാതെ കണിമാങ്ങ ഒരുക്കുന്ന തിരക്കിലാണ് മുതലമടയിലെ മാങ്ങാക്കര്‍ഷകര്‍.
എല്ലാവര്‍ഷവും വിഷുക്കണിക്കുള്ള മാങ്ങ സ്വദേശത്തേക്കും വിദേശത്തേക്കും കയറ്റുമതിചെയ്യുന്നത് കേരളത്തിന്റെ മാംഗോസിറ്റി എന്നറിയപ്പെടുന്ന മുതലമടയില്‍നിന്നാണ്. അല്‍ഫോണ്‍സാ, ബങ്കനാപ്പള്ളി, സിന്ദൂരം, ഹിമാപ്പസ്സ്, മൂവാണ്ടന്‍, തോത്താപുരി, കിളിച്ചുണ്ടന്‍ തുടങ്ങിയ മുന്തിയയിനം മാങ്ങകളാണ് ഇവിടെനിന്ന് കയറ്റുമതി ചെയ്യുന്നത്.
പതിനായിരക്കണക്കിന് തൊഴിലാളികളാണ് മുതലമട, കൊല്ലങ്കോട് പഞ്ചായത്തുകളിലായി മാവുകൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, ഇന്‍ഡോര്‍, ദുബായ് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പ്രധാനമായും കയറ്റുമതി. മുന്‍വര്‍ഷങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ ഈവര്‍ഷം വിളവ് കുറവാണ്. ഡിസംബറിലെ കനത്ത മഞ്ഞില്‍ നല്ലൊരുപങ്ക് മാവ് പൂവും കൊഴിഞ്ഞുപോയി. കീടരോഗനിയന്ത്രണം സമയാസമയങ്ങളില്‍ നടത്താന്‍ കഴിയാതെവന്നതും വിളവ് കുറയാനുള്ള കാരണമായെന്ന് കര്‍ഷകര്‍ പറയുന്നു. മെയ് അവസാനത്തോടെ മാമ്പഴക്കാലം അവസാനിക്കും. ശേഷിക്കുന്ന മാമ്പഴങ്ങള്‍ കേടുകൂടാതെ സൂക്ഷിച്ചുവെക്കുന്നതിന് സംഭരണമുറിയോ, മറ്റ് ഉപോത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന് കര്‍ഷകര്‍ക്ക് വേണ്ടത്ര പരിശീലനമോ കൃഷിവകുപ്പിന്റെഭാഗത്തുനിന്നും ഉണ്ടാവാത്തത് കര്‍ഷകരെ നിരാശരാക്കുന്നു.