പാലക്കാടന്‍ ചൂടില്‍ യാത്രക്കാര്‍ക്ക് കുളിരേകി ഇനി എ സി ബസും

Posted on: April 7, 2015 10:38 am | Last updated: April 7, 2015 at 10:38 am

വടക്കഞ്ചേരി: കനത്ത് ചൂടില്‍ ഉരുകി യൊലിക്കുന്ന ജില്ലയിലെ യാത്രക്കാര്‍ കുളിരേകി ഇനി എ സി ബസ്സും നിരത്തിലെത്തി. വടക്കഞ്ചേരി കാടന്‍കാവില്‍ തോമസ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള എ സി ബസ്സാണ് സ്വകാര്യബസ് മേഖലയില്‍ യാത്രക്കാര്‍ക്ക് കുളിരേകി നിരത്തിലിറങ്ങിയത്.
തൃശൂര്‍-പാലക്കാട്‌റൂട്ടിലോടുന്ന ബസ്സിന് സാധാരണ ബസ്സിന്റെ ചാര്‍ജ്ജ് മാത്രവും.എല്ലാ സ്‌റ്റോപ്പുകളിലും നിര്‍ത്തുകയെന്നതും പ്രത്യേകതകളാണ്. കണ്ടക്ടര്‍മാരായ നാലു സ്ത്രീകളും ഡൈവര്‍മാരായ രണ്ട് പുരുഷന്‍മാരുമാണ് ബസ്സിലെ ജീവനക്കാര്‍. ഇതില്‍ ഒരു ഡ്രൈവര്‍, രണ്ട് കണ്ടക്ടര്‍മാര്‍ എന്ന രീതിയില്‍ മാറിമാറി ജോലിയില്‍ പ്രവര്‍ത്തിക്കും.
രാവിലെ 7.12ന് വടക്കഞ്ചേരിയില്‍ നിന്നും തൃശൂരിലേക്ക് ഓടുന്ന ബസ്സ് തുടര്‍ന്ന് തൃശൂര്‍- പാലക്കാട് റൂട്ടിലെ സര്‍വീസിന് ശേഷം വൈകുന്നേരം 5.58ന് തൃശൂരില്‍ നിന്നും വടക്കഞ്ചേരിയിലെത്തുന്നതോടെ ഓട്ടം അവസാനിപ്പിക്കും. സി സി ടി വി ഉള്‍പ്പെടെയുള്ള ആധുനിക സജ്ജീകരണങ്ങളും ബസ്സിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. റൂട്ടിലോടുന്ന സമയം ഓരോ സ്‌റ്റോപ്പിലും ആളെ ഇറക്കി കയറ്റുമ്പോള്‍ എ സി യുടെ തണുപ്പ് നഷ്ടമാകാതിരിക്കാന്‍ എയര്‍ കര്‍ട്ടന്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. വാതിലുകള്‍ക്ക് സ്വിച്ച് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഡ്രൈവര്‍ക്ക് ഇരിപ്പിടത്തില്‍ നിന്നും കണ്ടക്ടര്‍മാര്‍ക്ക് വാതിലുകളുടെ അടുത്ത് നിന്നും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.
ആധുനിക സജ്ജീകരണങ്ങള്‍ ഉപയോഗിച്ച് കുളിര്‍ പകരുന്ന യാത്ര സമ്മാനിക്കുന്ന ബസ് ഇന്നലെ മുതല്‍ക്കാണ് നിരത്തിലിറങ്ങിയത്. വിവരമറിഞ്ഞ് നൂറ് കണക്കിനാളുകളാണ് ഇന്നലെ സഞ്ചരിക്കാനെത്തിയത്.