ബി ജെ പി സര്‍ക്കാരിന്റെ കര്‍ഷകപ്രേമം കാപട്യം- സേവാദള്‍

Posted on: April 7, 2015 10:22 am | Last updated: April 7, 2015 at 10:22 am

കല്‍പ്പറ്റ: മോഡി സര്‍ക്കാരിന്റെ കര്‍ഷകപ്രേമം കാപട്യമാണെന്ന് സേവാദള്‍ വയനാട് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ഇടതുകൈകൊണ്ട് കര്‍ഷകരെ തലോടുന്ന പ്രധാനമന്ത്രി വലതുകൈകൊണ്ട് പ്രഹരിക്കുകയാണ്. സാമ്പത്തികബാധ്യതയുടെ പേരിലുള്ള കര്‍ഷക ആത്മഹത്യ ഒഴിവാക്കുമെന്നും രാജ്യത്തെ ബാങ്കുകള്‍ പാവപ്പെട്ടവരെ സഹായിക്കുമെന്നുമാണ് മുംബൈയില്‍ റിസര്‍വ് ബാങ്കിന്റെ 80-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ ഇതില്‍ ആത്മാര്‍ഥതയുടെ കണികപോലും ഇല്ല. കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ ഏഴ് ശതമാനം പലിശയാണ് കാര്‍ഷിക വായ്പകള്‍ക്ക് നിശ്ചയച്ചത്. വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് മൂന്ന് ശതമാനം സബ്‌സിഡിയും നല്‍കിയിരുന്നു. എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ കാര്‍ഷിക വായ്പകളുടെ പലിശ 10 ശതമാനമായി ഉയര്‍ത്തി. സബ്‌സിഡി അപ്പാടെ ഒഴിവാക്കി. ഇത് കാര്‍ഷിക മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും.
വിദ്യാഭ്യാസ വായ്പ കുടിശ്ശിക പിരിവ് കോര്‍പറേറ്റുകളെ ഏല്‍പ്പിക്കാനുള്ള ബാങ്കുകളുടെ തീരുമാനം പ്രതിഷേധാര്‍ഹമാണ്. ആയിരം കോടി രൂപയുടെ വായ്പ കുടിശ്ശിക 400-500 കോടി രൂപ ലഭ്യമാക്കിയാല്‍ മതിയെന്ന വ്യവസ്ഥയില്‍ പിരിച്ചെടുക്കാന്‍ കുത്തകകള്‍ക്ക് അവസരം ഒരുക്കിയത് പാവപ്പെട്ടവരെ സഹായിക്കുന്നതിനോ എന്ന് പരിശോധിക്കേണ്ടതുണ്ട്. കുത്തകകള്‍ക്ക് പിരിവുകാശായി നല്‍കുന്ന തുക കുടിശ്ശികക്കാരന്റെ അക്കൗണ്ടില്‍ വരവുവെക്കാന്‍ ബാങ്കുകള്‍ തയാറായിരുന്നെങ്കില്‍ പതിനായിരക്കണക്കിനു ആളുകള്‍ ബാക്കി തുക അടച്ച് ബാധ്യത തീര്‍ക്കാന്‍ സന്നദ്ധരാകുമായിരുന്നു. വന്‍കിടക്കാര്‍ക്ക് ഇളവുകള്‍ അനുവദിക്കാന്‍ മടിക്കാത്ത ബാങ്കുകള്‍ വായ്പ കുടിശ്ശികയാക്കുന്ന പാവപ്പെട്ടവരുടെ ഫോട്ടോ നോട്ടീസ് ബോര്‍ഡിലും മറ്റും പ്രദര്‍ശിപ്പിച്ച് അപമാനിക്കുകയാണ്. ഇതിനെ ഗുരുതരമായ മനുഷ്യാവകാശലംഘനമായി കാണേണ്ടതുണ്ട്-കമ്മിറ്റി അഭിപ്രായപ്പെട്ടു. ചെയര്‍മാന്‍ ആര്‍.പി.ശിവദാസ് അധ്യക്ഷനായിരുന്നു.