കത്ത് സരിതയുടേത് തന്നെ: പി സി ജോര്‍ജ്; യഥാര്‍ത്ഥ കത്ത് മാധ്യമങ്ങള്‍ക്ക് നല്‍കും: സരിത

Posted on: April 7, 2015 9:35 am | Last updated: April 8, 2015 at 12:16 am

pc-snകോട്ടയം: ജോസ് കെ മാണിക്കെതിരെ ലൈംഗികാരോപണം ഉന്നയിക്കുന്ന സരിതയുടേതെന്ന പേരില്‍ പ്രചരിച്ച കത്ത് സരിതയുടേത് തന്നെയെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. കത്ത് താന്‍ വായിച്ചതാണ്. കത്തില്‍ ജോസ് കെ മാണിയുടെ പേരുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന കത്ത് തന്റേതല്ലെന്നും കത്ത് ജോര്‍ജിനെ കാണിച്ചിട്ടില്ലെന്നും സരിത വ്യക്തമാക്കി. തന്റെ കത്ത് ഇന്ന് മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നും സരിത അറിയിച്ചു.
പര്‍ദ്ദയിട്ട് തന്റെ വീട്ടില്‍ വന്നാണ് സരിത കത്ത് കാണിച്ചതെന്ന് പി സി ജോര്‍ജ് പറഞ്ഞു. കത്തിലെ പലകാര്യങ്ങളും പറയാന്‍ കൊള്ളില്ല. ഇത് താന്‍ മാണിയെ അറിയിച്ചതുമുതലാണ് മാണിക്ക് തന്നോട് ശത്രുതയുണ്ടായത്. കത്തിലെ ആരോപണങ്ങള്‍ സിബിഐ അന്വേഷിക്കണം. കത്ത് പുറത്തുവിട്ടത് താനല്ല. തന്നെ മുന്നണിയില്‍ നിന്ന് പുറത്താക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണെന്നും ജോര്‍ജ് പറഞ്ഞു.
അതേസമയം പി സി ജോര്‍ജിന്റെ ആരോപണങ്ങള്‍ക്കെതിരെ സോളാര്‍ കേസിലെ പ്രതി സരിത രംഗത്തെത്തി. കത്ത് താന്‍ ജോര്‍ജിനെ കാണിച്ചിട്ടില്ല. ജോര്‍ജ് രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി തന്നെ ഉപയോഗിക്കുകയാണ്. ജോസ് കെ മാണിയെ ഒരു തവണയേ കണ്ടിട്ടുള്ളൂ. അദ്ദേഹം തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്നും സരിത പറഞ്ഞു.