ചികിത്സാ രേഖകള്‍ രോഗിയുടെ അവകാശം

Posted on: April 7, 2015 4:57 am | Last updated: April 6, 2015 at 10:08 pm

സ്വകാര്യ ആശുപത്രികളില്‍ നിന്ന് ചികിത്സാ രേഖകള്‍ ലഭിക്കാന്‍ നേരിടുന്ന പ്രയാസത്തിന് അറുതി വരുത്താന്‍ സഹായകമാണ് കേന്ദ്ര വിവരാവകാശ കമ്മീഷന്റെ കഴിഞ്ഞ ദിവസത്തെ ഉത്തരവ്. സ്വകാര്യആശുപത്രികളിലെ ചികിത്സാ രേഖകള്‍ വിവരാവകാശ പ്രകാരം രോഗികള്‍ക്ക് നല്‍കാന്‍ ആശുപത്രി അധികൃതര്‍ക്ക് ബാധ്യതയുണ്ടെന്നാണ് വിവരാവകാശ കമ്മിഷണര്‍ പ്രൊഫ. എം ശ്രീധര്‍ ആചാര്യലുവിന്റെ ഉത്തരവില്‍ പറയുന്നത്. ആശുപത്രി നേരിട്ടു നല്‍കുന്നില്ലെങ്കില്‍ ആശുപത്രികളുടെ ചുമതലയുള്ള ആരോഗ്യ വകുപ്പ് ഉദേ്യാഗസ്ഥര്‍ രേഖകള്‍ വാങ്ങി അപേക്ഷകന് കൈമാറണം. രേഖകളില്‍ ആശുപത്രി അധികൃതര്‍ കൃത്രിമം വരുത്തുന്നത് ഒഴിവാക്കാന്‍ ചികിത്സാ വേളയില്‍ തന്നെ അവ രോഗികള്‍ക്ക് കൈമാറുന്നതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ നടപടി സ്വീകരിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെടുന്നു. ഇതിന് തയ്യാറാകാത്ത ആശുപത്രികള്‍ക്കും ഉ ദ്യോഗസ്ഥര്‍ക്കുമെതിരെ വിവരാവകാശ നിയമപ്രകാരമുള്ള ശിക്ഷണ നടപടി സ്വീകരിക്കേണ്ടതുമാണ്.
ആതുര ശുശ്രൂഷക്ക് ജനങ്ങളില്‍ വലിയൊരു ശതമാനം സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. മൊത്തം ആശുപത്രി കിടക്കകളുടേയും ഡോക്ടര്‍മാരുടേയും 75 ശതമാനത്തോളം ഇപ്പോള്‍ സ്വകാര്യ മേഖലയിലാണ്. സര്‍ക്കാര്‍ ആശുപത്രികളും മെഡിക്കല്‍ കോളജുകളും അവഗണനയുടെയും ഇല്ലായ്മകളുടെയും കെടുകാര്യസ്ഥതയുടെയും തൊഴുത്തുകളായി മാറിയതോടെയാണ് രോഗികള്‍ സ്വകാര്യ ആശുപത്രികളെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങിയത്. അതോടെ രാജ്യത്തെങ്ങും പഞ്ചനക്ഷത്ര ആശുപത്രികള്‍ ഉയര്‍ന്നുവരികയും അവ കേവലം കച്ചവട കേന്ദ്രങ്ങളായി മാറിയിരിക്കുകയുമാണ്.
രോഗികളെ പരമാവധി ചൂഷണം ചെയ്യുന്നവയാണ് സ്വകാര്യ ആശുപത്രികളില്‍ ഏറിയ പങ്കും. അടിയന്തര ഘട്ടങ്ങളില്‍ മാത്രം ചെയ്യേണ്ട ശസ്ത്രക്രിയയും വെന്റിലേറ്റര്‍ പോലെയുള്ള ജീവരക്ഷാ യന്ത്രങ്ങളും നിസ്സാര രോഗത്തിന് പോലും വ്യാപകമായി പ്രയോഗിക്കപ്പെടുന്നു. അവയവം മാറ്റിവെക്കല്‍ ഒന്നാംതരം ബിസിനസ്സാണിന്ന്. ഔഷധക്കമ്പനികളുടെ പരീക്ഷണങ്ങള്‍ക്ക് രോഗികളെ അവരറിയാതെ ഇരയാക്കുന്ന പ്രവണതയും വര്‍ധിച്ചിട്ടുണ്ട്. അനാവശ്യ ടെസ്റ്റുകളും സ്‌കാനിംഗും നടത്തി പകല്‍ക്കൊള്ള നടത്തുന്നതും ആവശ്യമില്ലാതെ ധാരാളം മരുന്നു തീറ്റിക്കുന്നതും സാധാരണം. ഒരു രോഗി സ്വകാര്യ ആശുപത്രിയിലെത്തിപ്പെട്ടാല്‍ അവിടെ നിന്നു രക്ഷപ്പെടുക എളുപ്പമല്ല. ഒരു സ്‌പെഷ്യലിസ്റ്റില്‍ നിന്ന് അടുത്തയാളിലേക്ക്, ഒരു വില കൂടിയ മരുന്നില്‍ നിന്ന് അതിലും വിലയേറിയ മറ്റൊന്നിലേക്ക്, ഒരു യന്ത്രത്തില്‍ നിന്ന് മറ്റൊന്നിലേക്ക്, എന്നിങ്ങനെ നീളുന്നു ചികിത്സ. മരുന്ന് നിര്‍മാതാക്കളും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥ വൃന്ദവും മെഡിക്കല്‍ വിദഗ്ധരും തമ്മിലുള്ള അവിഹിത ബന്ധം അറിയപ്പെട്ടതാണ്. 2005നും 2010നും ഇടയിലുള്ള കാലഘട്ടത്തില്‍ ഇന്ത്യയിലെ പ്രതിശീര്‍ഷ ആന്റിബയോട്ടിക് ഉപയോഗത്തിലുണ്ടായ വര്‍ധന 37 ശതമാനമാണ്. 40,000 കോടി രൂപയുടെ മരുന്നുകള്‍ ഇന്ത്യയില്‍ പ്രതിവര്‍ഷം വിറ്റഴിക്കുന്നുണ്ട്. കേരളത്തില്‍ ഒരു വര്‍ഷം 2000 കോടി രൂപയുടെ മരുന്നുകളാണ് ചെലവാകുന്നത്. ഇതില്‍ 1800 കോടിയുടെതും സ്വകാര്യ ആശുപത്രികളും ഫാര്‍മസികളും വഴിയാണ് വിറ്റഴിയുന്നത്. ഇവയില്‍ ഗണ്യമായൊരു പങ്കും ആവശ്യമില്ലാത്തവയാണ്. ഡോക്ടര്‍മാരെ അപ്പടി വിശ്വസിച്ചു രോഗികള്‍ വാങ്ങിക്കഴിക്കുന്ന മരുന്നുകളില്‍ ഗണ്യഭാഗവും ഗുണനിലവാരമില്ലാത്തതും ഗുരുതര പാര്‍ശ്വ ഫലങ്ങളുളവാക്കുന്നതുമാണെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. നിരോധിത മരുന്നുകള്‍ രാജ്യത്ത് നിയന്ത്രണങ്ങളില്ലാതെ വിറ്റഴിക്കപ്പെടുന്നതായി പാര്‍ലിമെന്ററി സമിതിയുടെ അന്വേഷണത്തില്‍ വ്യക്തമായതുമാണ്. ആശുപത്രികളുടെ താരപരിവേഷത്തില്‍ ആകൃഷ്ടരായി അവിടെ ചെന്നകപ്പെടുന്നവരില്‍ പലരും കിടപ്പാടം വിറ്റാണ് അവസാനം പുറത്തു വരുന്നത്. സ്വകാര്യ ആശുപത്രികള്‍ കൂണുപോലെ മുളച്ചു പൊന്തുന്നതിന്റെയും തഴച്ചുവളരുന്നതിന്റെയും രഹസ്യവും മറ്റൊന്നല്ല.
രാജ്യത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ സംസ്ഥാനങ്ങള്‍ നിയമം കൊണ്ടുവരണമെന്ന് 2013 ഒക്‌ടോബറില്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇത്തരമൊരു നിയമനിര്‍മാണം സംസ്ഥാന സര്‍ക്കാറിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി വി എസ് ശിവകുമാര്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പ്രസ്താവിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ പക്ഷേ, തുടര്‍നടപടികളുണ്ടായില്ല.
മാരകമല്ലാത്ത രോഗത്തിന് പോലും നിരന്തരം ടെസ്റ്റുകളും വയര്‍ നിറയാന്‍ മാത്രം മരുന്നുകളും നിര്‍ദേശിക്കുമ്പോള്‍ എന്തിനാണ് ഇതെല്ലാമെന്നറിയാതെ രോഗിയും ബന്ധുക്കളും വിഷമിക്കുകയാണ്. ചികിത്സക്കിടയിലോ, ഡിസ്ചാര്‍ജായി പുറത്തുവരുമ്പോഴോ ചികിത്സാ രേഖകള്‍ രോഗി ചോദിച്ചാല്‍ ആശുപത്രി അധികൃതര്‍ നല്‍കാറുമില്ല. പണം നല്‍കി ചികിത്സ തേടുന്നയാള്‍ക്ക് തന്റെ ചികിത്സാ രീതിയും പുരോഗതിയും അറിയാന്‍ അര്‍ഹതയുണ്ടെങ്കിലും അധികൃതര്‍ വിമുഖത കാണിക്കുകയാണ് പതിവ്. തങ്ങളുടെ ചൂഷണവും തട്ടിപ്പും പുറത്തറിയുമെന്ന ആശങ്കയോ വീണ്ടും അസുഖം വരുമ്പോള്‍ തങ്ങളെ തന്നെ സമീപിക്കണമെന്ന കച്ചവട താത്പര്യമോ ആയിരിക്കാം കാരണം. കമ്മീഷന്റെ പുതിയ ഉത്തരവോടെ ഈ പ്രവണതക്ക് ഏറെക്കുറെ അറുതി വരുമെന്നാശിക്കാം.