ജനങ്ങളെ യാത്രാ ദുരിതത്തിലാക്കി അഴുക്കുചാല്‍ പദ്ധതി പ്രവൃത്തി

Posted on: April 6, 2015 10:46 am | Last updated: April 6, 2015 at 10:46 am

കോഴിക്കോട്: മാവൂര്‍ റോഡിലെ രാജാജി ജംഗ്ഷന്‍ മുതല്‍ അരയിടത്തു പാലം വരെയുള്ള റോഡ് അടച്ചിട്ട് അഴുക്കുചാല്‍ പദ്ധതി പ്രവൃത്തി ആരംഭിച്ചത് ജനങ്ങളെ യാത്രാ ദുരിതത്തിലാക്കുന്നു. കേരള സുസ്ഥിര നഗര വികസന പദ്ധതിയുടെ ഭാഗമായി എ ഡി ബി വായ്പയുടെ 14 കോടി രൂപ ഉപയോഗിച്ചാണ് ഇപ്പോള്‍ പണി തുടരുന്നത്. പണി ആരംഭിച്ച് രണ്ടാഴ്ചയിലധികമായിട്ടും ജാഫര്‍ ഖാന്‍ കോളനി റോഡ് വരെയാണ് നിര്‍മാണം എത്തിയിരിക്കുന്നത്. കനോലി കനാലിലേക്ക് ഒന്നര മീറ്റര്‍ വീതിയിലാണ് അഴുക്കുചാല്‍ നിര്‍മിക്കുന്നത്. അഴുക്കുചാല്‍ നിര്‍മാണത്തിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ ഈ ഭാഗത്തെ ഹോട്ടലുകളും കടകളുമെല്ലാം തന്നെ അടച്ചിട്ടിരിക്കുകയാണ്. വാഹനയാത്രക്കാരെയും വഴിയാത്രക്കാരെയും കച്ചവടക്കാരെയും ഒരു പോലെ വലയ്ക്കുകയാണ് ഈ നിര്‍മാണ പ്രവൃത്തി.
വേനലവധി ആരംഭിച്ചതു കാരണം കുടുംബസമേതം പുറത്തിറങ്ങുന്നവരും വിഷുവിനോടനുബന്ധിച്ച് ഷോപ്പിംഗിനെത്തുന്നവരുമാണ് ഗതാഗത തടസ്സ ത്തില്‍പ്പെട്ട് ദുരിതത്തിലാകുന്നത്. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും വൈകുന്നേരങ്ങളില്‍ പുറത്തേക്കു കടക്കാന്‍ അര മണിക്കൂറിലധികം എടുക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. മാവൂര്‍ റോഡ് ജംഗ്ഷന്‍, പാളയം, സ്റ്റേഡിയം എന്നീ ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങളെയാണ് ഗതാഗത നിയന്ത്രണം കാര്യമായി ബാധിച്ചത്. മെഡിക്കല്‍ കോളജിലേക്കുള്ള സിറ്റി ബസുകള്‍ ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിനു മുന്നിലൂടെയാണ് പുതിയ സ്റ്റാന്‍ഡ് പരിസരത്തേക്ക് വരുന്നത്. ഇന്റോര്‍ സ്റ്റേഡിയത്തില്‍ നിന്ന് തിരിഞ്ഞ് പുതിയറ വഴിയാണ് ഈ ബസുകള്‍ മെഡിക്കല്‍ കോളജിലേക്ക് പോകുന്നത്. പാളയം ഭാഗത്തു നിന്ന് വരുന്ന ബസുകളും തൃശൂര്‍ ഭാഗത്തേക്കു പോകുന്ന ബസുകളുമെല്ലാം പുതിയറ ഭാഗത്തു കൂടി കടത്തിവിടുന്നതു കാരണം വന്‍ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. സ്റ്റേഡിയം ജംഗ്ഷന്‍ രാജാജി ജംഗ്ഷന്‍ എന്നിവക്ക് കുറുകെയും അഴുക്കുചാല്‍ നിര്‍മിക്കുന്നുണ്ട്. നഗരത്തില്‍ മൊത്തം 700 മീറ്റര്‍ നീളത്തിലാണ് പ്രവൃത്തി നടക്കുന്നത്.
അഴുക്കുചാല്‍ നിര്‍മാണത്തിനിടെ റോഡില്‍ വിള്ളല്‍ വീണതോടെയാണ് മാവൂര്‍ റോഡ് ഭാഗിഗമായി അടച്ചിട്ടത്. റോഡ് അടച്ചിട്ടതു കാരണം ജാഫര്‍ ഖാന്‍ കോളനി റോഡിലേക്ക് കടക്കുന്നവരാണ് നിലവില്‍ ബുദ്ധിമുട്ടിലാകുന്നത്. വെള്ളിയാഴ്ച പ്രാര്‍ഥന ക്കായി പള്ളിയിലേക്ക് വരുന്നവരെയും റോഡിലെ അഴുക്കുചാല്‍ നിര്‍മാണം ഏറെ ബാധിക്കുന്നുണ്ട്. രാവിലെ പോയ വഴിയാവില്ല തിരിച്ചുവരുമ്പോള്‍ ഉണ്ടാവുക. ഏറെ നടന്നുവേണം തിരക്കുള്ള റോഡ് ക്രോസ് ചെയ്ത് പുതിയസ്റ്റാന്‍ഡിലേക്ക് കടക്കാന്‍. ഇത് യാത്രക്കാരേക്കാള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത് ട്രാഫിക് പോലീസുകാരെയാണ്. ഇത്രയേറെ വാഹനങ്ങളെയും വഴിയാത്രക്കാരെയും നിയന്ത്രിക്കാന്‍ ഒന്നോ രണ്ടോ പേര്‍ മാത്രമാണ് ഉണ്ടാവുക.
നാഷനല്‍ ഗെയിംസ്, സംസ്ഥാന കലോത്സവം എന്നിവയോടനുബന്ധിച്ച് എട്ട് കോടി മുടക്കിയാണ് നഗരത്തിലെ റോഡുകളുടെ മുഖം മിനുക്കല്‍ നടത്തിയത്. റോഡുകള്‍ നന്നാക്കി രണ്ട് മാസം പോലുമാകാതെ വീണ്ടും കുത്തിപ്പൊളിച്ചിട്ട് യാത്രക്കാരെ ദുരിതത്തിലാക്കുകയാണ് അധികൃതര്‍ ചെയ്യുന്നതെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. മഴക്കാലം വരുന്നതോടെ നഗരത്തിലെ മഴവെള്ളക്കെട്ട് ഒഴിവാക്കാനാണ് ഇപ്പോള്‍ ഓവുചാല്‍ നിര്‍മാണം പെട്ടെന്നു നടത്തുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. റോഡില്‍ വെള്ള സിഗ്നല്‍ ലൈനുകള്‍ വരയ്ക്കുന്നത് വരെയുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പാണ് ഇപ്പോള്‍ വീണ്ടും പൊളിക്കല്‍ തുടങ്ങിയിരിക്കുന്നത്. എന്നാല്‍ രണ്ട് കരാറുകാര്‍ക്കും ഫണ്ട് പൂര്‍ണമായും പെട്ടെന്ന് തന്നെ ലഭ്യമാക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം. നഷ്ടം സര്‍ക്കാറിന് മാത്രം. റോഡിന്റെ ടാറിംഗ് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ ചെയ്യുന്നതിന് മുന്‍പ് റോഡ് പൊളിക്കുന്ന പ്രവൃത്തികള്‍ ചെയ്യണമെന്ന് നിര്‍ദേശമുണ്ടെങ്കിലും അതൊന്നും നടക്കാറില്ല.
വിഷുവിനടുത്ത ദിവസങ്ങളില്‍ വന്‍ ഗതാഗതക്കുരുക്കാണ് നഗരം അനുഭവിക്കാന്‍ പോകുന്നത്. ഇത് ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് യാത്രക്കാര്‍ പറയുന്നു.