Connect with us

Kerala

ഐ ടി പ്രൊഫഷണലുകളില്‍ വിവാഹമോചനം കൂടുന്നു

Published

|

Last Updated

തിരുവനന്തപുരം: ഐ ടി പ്രൊഫഷണലുകള്‍ക്കിടയില്‍ വിവാഹ മോചനവും ഗാര്‍ഹിക അതിക്രമങ്ങളും വര്‍ധിക്കുന്നതായി കണക്കുകള്‍. അടുത്തിടെ പുറത്തുവിട്ട ഗാര്‍ഹിക അതിക്രമങ്ങളുടെയും വിവാഹമോചനങ്ങളുടെയും കണക്കുകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഐ ടി മേഖലയിലുയുമായി ബന്ധപ്പെട്ടവരിലാണ്. ഇതില്‍ മുന്നില്‍ തിരുവനന്തപുരം ജില്ല.

പലകേസുകളും കൗണ്‍സിലിംഗിലൂടെയും മറ്റും പരിഹരിക്കുന്നുണ്ടെങ്കിലും കൂടുതല്‍ പേരും വിവാഹമോചനത്തിനാണ് താല്പര്യം പ്രകടിപ്പിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. കുടുംബത്തിന് വേണ്ടി സമയം ചെലവഴിക്കാന്‍ ഇല്ലാത്തതും കുടുംബത്തോടുള്ള ഉത്തരവാദിത്തമില്ലായ്മയുമാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് മനോരോഗ വിദഗ്ധന്‍ ഡോ. മോഹന്‍ റോയ് പറഞ്ഞു. അമിതമായ ജോലിഭാരമാണ് കുടുംബത്തിനോടുള്ള ഉത്തരവാദിത്വം കുറയാന്‍ കാരണമാകുന്നത്. ഒരു പരിധി വരെ മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗവും വിവഹാമോചനത്തിന് വഴി വെക്കുന്നു. വീട്ടിലുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങള്‍ മൂലം മറ്റ് ബന്ധങ്ങള്‍ തേടി പോകുന്ന സംഭവങ്ങളും ഈ മേഖലയില്‍ കുറവല്ല. സമാന പ്രായക്കാരായതിനാല്‍ ഉണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങളും വിവാഹ മോചനത്തിലേക്ക് വഴിവെക്കുന്നുണ്ടെന്ന് പല സംഭവങ്ങളില്‍ നിന്നും മനസിലാക്കാന്‍ സാധിച്ചിട്ടുള്ളതായും വിദഗ്ധര്‍ അഭിപ്രായപെടുന്നു.
പ്രസവത്തിനും കുട്ടികളെ സംരക്ഷിക്കുന്നതിനും ഈ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് അവധി ലഭിക്കുന്നില്ല. സര്‍ക്കാര്‍ ജീവനക്കാരായ വനിതകള്‍ക്ക് പ്രസവത്തിനും കുട്ടികളെ സംരക്ഷിക്കുന്നതിനും രണ്ട് വര്‍ഷം വരെ അവധി ലഭിക്കുമ്പോള്‍ ഐ ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാലിലൊന്ന് പേര്‍ക്കും ഇതിന് അനുമതി ലഭിക്കുന്നില്ല. ഇത് കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയിലും വിവാഹമോചനത്തിലുമാണ് ഒടുവില്‍ എത്തിച്ചേരുക. ഇത്തരം പ്രശ്‌നങ്ങള്‍ അഭിമുഖികരിക്കേണ്ടി വരുന്നതിനാല്‍ തന്നെ വിവാഹത്തിനും മറ്റും സ്ത്രീകള്‍ വിമുഖകാണിക്കുന്നതായാണ് ലഭിക്കുന്ന വിവരം.2014 ജനുവരി ഒന്നുമുതല്‍ 2015 മാര്‍ച്ച് 18 വരെ 1086 കേസുകളാണ് തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ നല്ലൊരു ശതമാനം ഐ ടി മേഖലയുമായി ബന്ധപ്പെട്ടുള്ളതാണ്. വനിതാ കമ്മീഷനില്‍ എത്തുന്ന പരാതികളില്‍ നല്ലൊരു പങ്ക് ഐ ടി മേഖലയുമായി ബന്ധപ്പെട്ടവരില്‍ നിന്ന് ലഭിക്കുന്നതാണ്.