സുനില്‍ നരൈയ്ന്‍ ഐ പി എല്ലില്‍ പന്തെറിയും

Posted on: April 6, 2015 9:52 am | Last updated: April 6, 2015 at 9:52 am

sunil-2ന്യൂഡല്‍ഹി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സ്പിന്‍ കുന്തമുന സുനില്‍ നരൈയ്ന്‍ ഐ പി എല്‍ എട്ടാം സീസണില്‍ പന്തെറിയും. ചെന്നൈയിലെ ശ്രീ രാമചന്ദ്ര യൂനിവേഴ്‌സിറ്റില്‍ നടന്ന ബി സി സി ഐയുടെ ബൗളിംഗ് ആക്ഷന്‍ പരിശോധനയില്‍ അപാകതയില്ലെന്ന് വ്യക്തമായതോടെയാണിത്. ബൗളിംഗ് ആക്ഷന്‍ വിവാദത്തെത്തുടര്‍ന്ന് നരൈയ്‌നെ കളിക്കാന്‍ നേരത്തെ അനുവദിച്ചിരുന്നില്ല. ബി സി സി ഐ നിയോഗിച്ച എസ് വെങ്കിട്ടരാഘവന്‍, ജവഗല്‍ ശ്രീനാഥ്, എ വി ജയപ്രകാശ് എന്നിവരടങ്ങിയ റിവ്യൂ കമ്മിറ്റിയാണ് നരൈയ്‌ന്റെ ബൗളിംഗ് ആക്ഷന്‍ പരിശോധിച്ചത്. ഐ സി സിയുടെ മാനദണ്ഡത്തില്‍ കൂടുതല്‍ നരെയ്ന്‍ കൈ വളയ്ക്കുന്നില്ലെന്ന കണ്ടെത്തലിലാണ് ഇവര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിക്കുന്ന എല്ലാ ടൂര്‍ണമെന്റുകളിലും ഇനി നരൈയ്‌ന് പങ്കെടുക്കാം. കഴിഞ്ഞ ഐ പി എല്ലില്‍ കൊല്‍ക്കത്തക്കായി നരൈയ്ന്‍ 16 മത്സരങ്ങളില്‍ നിന്ന് 21 വിക്കറ്റുകള്‍ നേടിയിരുന്നു. ഐ പി എല്‍ എട്ടാം പതിപ്പില്‍ കൊല്‍ക്കത്തയും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ആദ്യ മത്സരം. നരൈയ്‌നെ കളിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഐ പി എല്ലിന്റെ എട്ടാം പതിപ്പ് ബഹിഷ്‌കരിക്കുമെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഭീഷണി മുഴക്കിയതായി വാര്‍ത്തകളുണ്ടായിരുന്നു.