ബി ജെ പി എക്‌സിക്യൂട്ടീവില്‍ അഡ്വാനി പ്രസംഗിക്കാന്‍ വിസമ്മതിച്ചു

Posted on: April 5, 2015 2:12 am | Last updated: April 5, 2015 at 11:13 am

LK-Advaniബെംഗളൂരു: ബി ജെ പിയിലെ അസ്യാരസ്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കിക്കൊണ്ട് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അഡ്വാനി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പ്രസംഗിച്ചില്ല. ഇത് രണ്ടാം തവണയാണ് അഡ്വാനി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പ്രസംഗിക്കാതിരിക്കുന്നത്. ബി ജെ പി തിരഞ്ഞെടുപ്പ് പ്രചാരണക്കമ്മിറ്റി ചെയര്‍മാനായി നരേന്ദ്ര മോദിയെ തിരഞ്ഞെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് 2013ല്‍ ഗോവയില്‍ നടന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല. അദ്ദേഹത്തിന്റെ അസാനിധ്യത്തില്‍ മോദിയെ തിരഞ്ഞെടുക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് അഡ്വാനി പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ബംഗളുരുവില്‍ നടക്കുന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ അദ്ദേഹം പ്രസംഗിക്കുമോ എന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ പ്രസംഗകരുടെ പട്ടികയില്‍ അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നില്ല. ഇത്തവണ എക്‌സിക്യൂട്ടീവില്‍ മുഴുവന്‍ സമയവും അദ്ദേഹം ഉണ്ടായിരുന്നിട്ടും അദ്ദേഹം ഒരിക്കല്‍ പോലും സംസാരിച്ചില്ല. അഡ്വാനി പ്രസംഗിച്ചില്ലെന്ന് സ്ഥിരീകരിച്ച പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും ധനകാര്യ മന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലി അതിന്റെ കാരണം വ്യക്തമാക്കാന്‍ തയ്യാറായില്ല. പാര്‍ട്ടി ഒന്നടങ്കമാണ് എക്‌സിക്യൂട്ടീവിന്റെ ഒരുക്കങ്ങള്‍ നടത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസംഗം പാര്‍ട്ടിക്ക് ആവശ്യമില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അഡ്വാനി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണെന്നും ആവശ്യമെങ്കില്‍ എപ്പോള്‍ വേണമെങ്കിലും അദ്ദേഹത്തിന് പ്രസംഗിക്കാമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
അതേസമയം എക്‌സിക്യൂട്ടീവില്‍ പ്രസംഗിക്കുന്നില്ലെന്ന് അഡ്വാനി തന്നെ തീരുമാനിക്കുകയായിരുന്നുവെന്ന് പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവ് അറിയിച്ചു. അഡ്വാനിയെ പ്രധാനമന്ത്രി മോദി യോഗത്തില്‍ അഭിനന്ദിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാവിലെ പ്രസംഗിക്കാന്‍ പാര്‍ട്ടി പ്രസിഡന്റ് അമിത് ഷാ ക്ഷണിച്ചുവെങ്കിലും അദ്ദേഹ നിരസിക്കുകയായിരുന്നുവത്രെ. അദ്ദേഹം ക്ഷണം നിരസിച്ചത് പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന കടുത്ത അസ്വാരസ്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അമിത് ഷാ ദേശീയ പ്രസിഡന്റായ ശേഷം പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാക്കളായ എല്‍ കെ അഡ്വാനി, മുരളീ മനോഹര്‍ ജോഷി തുടങ്ങിയവരെ ഗൈഡന്‍സ് കമ്മിറ്റിയെന്ന പേരില്‍ പുതിയ കമ്മിറ്റി രൂപവത്കരിച്ച് അതില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഗൈഡന്‍സ് കമ്മിറ്റിക്ക് പാര്‍ട്ടിയുടെ നയ രൂപവത്കരണത്തില്‍ റോളുകളൊന്നുമില്ല.