Connect with us

Gulf

സ്റ്റാര്‍ട്ട് വാക്കിംഗ് ചാലഞ്ചില്‍ വെയിറ്റര്‍ക്ക് സമ്മാനം

Published

|

Last Updated

ദുബൈ: സ്റ്റാര്‍ട്ട് വാക്കിംഗ് ചാലഞ്ചില്‍ പങ്കെടുത്ത ഫിലിപ്പൈന്‍ വെയിറ്റര്‍ക്ക് ഒന്നാം സമ്മാനം. റിക്കാര്‍ട്ടെ റിക്കാര്‍ഡോ ജര്‍(36) ആണ് ദ നാഷനല്‍ ദിനപത്രം നടത്തിയ സ്റ്റാര്‍ട്ട് വാക്കിംഗില്‍ ഒരു മാസത്തിനകം 18,93,000 പടികള്‍ കയറി സമ്മാനം നേടിയത്. റിക്കാര്‍ട്ടയെ സഹോദരിയാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിച്ചത്. ശരീരസൗന്ദര്യത്തില്‍ ശ്രദ്ധാലുവാണ് ഇദ്ദേഹം. മത്സരത്തില്‍ ഒന്നാമതായെന്ന് “നാഷനല്‍” അധികൃതര്‍ അറിയിച്ചപ്പോള്‍ ഞെട്ടിയെന്ന് ഇദ്ദേഹം പ്രതികരിച്ചു. സഹോദരി പറഞ്ഞതിനാലാണ് പങ്കെടുത്തത്. അത് ഇത്രയും മഹത്തായ ഒരു വിജയത്തിലേക്ക് എത്തുമെന്ന് കരുതിയില്ല. ഒന്നാമതായതില്‍ അതിയായ സന്തോഷമുണ്ട്. മത്സരം കടുത്ത വെല്ലുവിളിയാണെന്ന് തോന്നിയിരുന്നു. ജോലിയുമായി ബന്ധപ്പെട്ട് എന്നെക്കാള്‍ കൂടുതല്‍ പടികള്‍ കയറുന്നവര്‍ ഉണ്ടാവുമെന്ന് എനിക്കറിയാമായിരുന്നു. എന്നിട്ടും മത്സരത്തില്‍ സമ്മാനം നേടാന്‍ സാധിച്ചത് മഹത്തായ കാര്യമാണ്. നല്ലപോലെ പരിശ്രമിച്ചിരുന്നുവെന്ന് ബുര്‍ജ് അല്‍ അറബിലെ ഷഹന്‍ ഇദാര്‍ റെസ്റ്റോറന്റില്‍ വെയിറ്ററായി ജോലി ചെയ്യുന്ന റിക്കാര്‍ഡോ പറഞ്ഞു.

വൈകുന്നേരം അഞ്ചു മുതല്‍ പുലര്‍ച്ചെ മൂന്നു വരെ തുടരുന്ന ഡ്യൂട്ടി സമയത്തിന് ശേഷമാണ് ശരീരത്തെ കായികക്ഷമമായി നിലനിര്‍ത്താന്‍ ആവശ്യമായ വ്യായാമം ഉള്‍പെടെയുള്ളവ ചെയ്യാറ്. എന്റെ ജോലി ദീര്‍ഘനേരത്തെ നടത്തം ആവശ്യപ്പെടുന്നതാണ്. ഒരു ദിവസം ശരാശരി 30,000 പടികളെങ്കിലും കയറേണ്ടി വരും. ഡ്യൂട്ടി കഴിഞ്ഞ് അല്‍ ഖൂസിലെ താമസ സ്ഥലത്ത് എത്തിയാലാണ് ജിംമ്മില്‍ പോകുന്നത്. ഭക്ഷണവും ഉറക്കവുമായി കഴിയുന്നതിനിടയില്‍ ദിനേന മൂന്നു തവണയെങ്കിലും ജിമ്മില്‍ പോകുമെന്നും അദ്ദേഹം വെളിപ്പെടുത്തി. സ്റ്റാര്‍ട്ട് വാക്ക് ചാലഞ്ചില്‍ നിരവധി പേരാണ് പങ്കെടുത്തത്.
ഓണ്‍ലൈനായായിരുന്നു ഇതിന്റ കാര്യങ്ങളെല്ലാം നടത്തിയിരുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് അവരുടെ റാങ്കിംഗ് ഓരോ ദിനത്തിലും എത്രയാണെന്ന് അറിയാനും സംവിധാനം ഏര്‍പെടുത്തിയിരുന്നു.