Connect with us

Kozhikode

കോര്‍പറേഷന്‍ പരിധിയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു

Published

|

Last Updated

കോഴിക്കോട്: വേനല്‍ കനത്തതോടെ നഗരത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. ആവശ്യത്തിന് കിണറുകളോ മറ്റ് കുടിവെള്ള സ്രോതസ്സുകളോ ഇല്ലാത്തതിനാല്‍ കോര്‍പറേഷനിലെ പല വാര്‍ഡുകളിലും സര്‍ക്കാറിന്റെ പൈപ്പ് വെള്ളം മാത്രമാണ് ജനങ്ങളുടെ ഏക ആശ്രയം. എന്നാല്‍ പല ദിവസങ്ങളിലും പൈപ്പില്‍ വെള്ളമില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. ചിലപ്പോള്‍ വെള്ളം വരുന്നത് രാത്രിയും മറ്റുമാണ്.
അപൂര്‍വമായുള്ള നഗരസഭയുടെ പൊതുകിണറുകള്‍ പലതും ചൂട് കനത്തതോടെ വറ്റിത്തുടങ്ങി. നഗരസഭാ മേയര്‍ എ കെ പ്രേമജത്തിന്റെ വാര്‍ഡ് ഉള്‍പ്പെടുന്ന നെല്ലിക്കോട് പ്രദേശത്ത് കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ട് ദിവസം മാത്രമാണ് പൈപ്പ് വെള്ളം ലഭിച്ചത്. കുന്നിന്‍ പ്രദേശമായ ഈ ഭാഗത്ത് തന്നെയുള്ള 30, 23 വാര്‍ഡുകളിലും സ്ഥിതി മറിച്ചല്ല.
ഭക്ഷണം പാകം ചെയ്യുന്നത് അടക്കമുള്ള അത്യാവശ്യങ്ങള്‍ക്ക് പോലും മതിയായ വെള്ളം ലഭിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പല പ്രദേശത്തും നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും ക്ലബ്ബുകളുടെയും മറ്റും ആഭിമുഖ്യത്തില്‍ പണം നല്‍കി ടാങ്കറില്‍ വെള്ളമെത്തിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ സാധാരണക്കാരായ നഗരവാസികളിലെ മഹാ ഭൂരിഭക്ഷത്തിനും പണം നല്‍കി വെള്ളം വാങ്ങാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ഇങ്ങനെ ലഭിക്കുന്ന വെള്ളം തന്നെ പലപ്പോഴും കുടിക്കാന്‍ പറ്റാത്തതാണ്.
നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ജപ്പാന്‍ കുടിവെള്ള പദ്ധതികൊണ്ട് നഗരവാസികള്‍ക്ക് കാര്യമായ പ്രയോജനം ലഭിച്ചിട്ടില്ല. ജപ്പാന്‍ പദ്ധതി പ്രകാരം കോറപറേഷന്‍ പ്രദേശങ്ങളില്‍ ഒരാള്‍ക്ക് പ്രതിദിനം 155 മുതല്‍ 180 ലിറ്റര്‍ വരെ വെള്ളം നല്‍കുമെന്ന് മുഖ്യമന്ത്രി അടക്കമുള്ളവര്‍ പങ്കെടുത്ത പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞിരുന്നു. കൂടാതെ ഗാര്‍ഹികേതര, വ്യാവസായിക ആവശ്യങ്ങള്‍ക്ക് പ്രതിദിനം 24 ദശലക്ഷം ലിറ്റര്‍ ശുദ്ധജലം നല്‍കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇതെല്ലാം തങ്ങള്‍ക്ക് മാധ്യമങ്ങളിലൂടെയുള്ള കേട്ടറിവ് മാത്രമാണെന്നാണ് നഗരവാസികള്‍ പറയുന്നു.
മുന്‍വര്‍ഷങ്ങളെ പോലെത്തന്നെ പൊതുടാപ്പില്‍ നിന്ന് വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് പല വാര്‍ഡുകളിലും നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കോര്‍പറേഷന്‍ അധികൃതര്‍ക്കും വാട്ടര്‍ അതോറിറ്റിക്കും നാട്ടുകാര്‍ നിരന്തരം പരാതികള്‍ നല്‍കുന്നുണ്ടെങ്കിലും നടപടികളുണ്ടാകുന്നില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു.

Latest